image

16 Oct 2026 12:17 PM IST

Mutual Funds

സ്വര്‍ണപ്രേമികള്‍ക്ക് തിരിച്ചടി; ഗോള്‍ഡ് ഫണ്ടുകളില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് വിലക്ക്

MyFin Desk

സ്വര്‍ണപ്രേമികള്‍ക്ക് തിരിച്ചടി; ഗോള്‍ഡ്   ഫണ്ടുകളില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് വിലക്ക്
X

Summary

സമാനമായ നിയന്ത്രണങ്ങള്‍ ജൂണിലും ഫണ്ട് ഹൗസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്ന് FoF-കളിലെ നിക്ഷേപങ്ങള്‍ക്കൊപ്പം ഇടിഎഫുകളില്‍ പുതിയ യൂണിറ്റുകള്‍ സൃഷ്ടിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു


രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി സംബന്ധിച്ച ആശങ്കകളും ശക്തമാകുന്നതിനിടെ, ഗോള്‍ഡ് ഫണ്ട് ഓഫ് ഫണ്ടുകളില്‍ (FoF) പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഒറ്റത്തവണ നിക്ഷേപങ്ങള്‍ക്കു പുറമെ പുതിയ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്‌ഐപി), സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (എസ്ടിപി), സ്വിച്ച് രജിസ്ട്രേഷനുകള്‍ എന്നിവയും നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള എസ്‌ഐപി, എസ്ടിപി സ്വിച്ച് ഇടപാടുകള്‍ക്ക് തടസ്സമുണ്ടാകില്ല.

സ്വര്‍ണത്തിന് പുറമെ ചില ഫണ്ട് ഹൗസുകള്‍ സില്‍വര്‍ ഫണ്ട് ഓഫ് ഫണ്ടുകളിലും സമാന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ETF) സില്‍വര്‍ ഇടിഎഫുകളിലും പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ നിലവില്‍ തടസ്സമില്ല. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൊത്തത്തിലുള്ള നിക്ഷേപ വരവിനെ ഈ നിയന്ത്രണങ്ങള്‍ ബാധിച്ചേക്കാമെന്നാണ് വ്യവസായ മേഖലയിലെ വിലയിരുത്തല്‍. ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ലാത്തതിനാല്‍, പ്രത്യേകിച്ച് വിതരണക്കാര്‍ വഴി നിക്ഷേപിക്കുന്ന ചെറുകിട നിക്ഷേപകര്‍ക്ക് FoF-കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗമാണ്. അതിനാല്‍ ഈ വിഭാഗത്തിലെ നിയന്ത്രണം നിക്ഷേപകരുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചേക്കും.

മൂല്യം അനുസരിച്ച് ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് സ്വര്‍ണം. സ്വര്‍ണ ഇറക്കുമതി രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിലും രൂപയുടെ മൂല്യത്തിലും സമ്മര്‍ദമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍, സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങള്‍. സമാനമായ നിയന്ത്രണങ്ങള്‍ ജൂണിലും ഫണ്ട് ഹൗസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്ന് FoF-കളിലെ നിക്ഷേപങ്ങള്‍ക്കൊപ്പം ETFകളില്‍ പുതിയ യൂണിറ്റുകള്‍ സൃഷ്ടിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണ നിക്ഷേപം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ മിക്ക ഫണ്ട് ഹൗസുകളും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പുതിയ നിയന്ത്രണങ്ങള്‍ എത്രകാലം തുടരുമെന്നത് ഇനി നിര്‍ണായകമാകും.