image

2 May 2024 7:50 AM GMT

Mutual Funds

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് കെവൈസി സ്റ്റാറ്റസ് ഈ മൂന്നില്‍ ഏതെങ്കിലുമാണോ? എങ്ങനെ അറിയും

MyFin Desk

checked mutual fund kyc status
X

Summary

  • മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കെവൈസി നിര്‍ബന്ധമാണ്
  • ഓരോ തവണയും നിക്ഷേപിക്കുമ്പോള്‍ വീണ്ടും വീണ്ടും കൈവിസ പ്രക്രിയ ചെയ്യേണ്ടി വരുന്നുണ്ടെങ്കില്‍ കൃത്യമായി പരിശോധിക്കാം
  • നല്‍കിയ രേഖകളെ അനുസരിച്ചിരിക്കും കൈവൈസി സ്റ്റാറ്റസ്


ഏപ്രില്‍ ഒന്നുമുതല്‍ സെക്യൂരിറ്റീസ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മ്യൂച്വല്‍ ഫണ്ടുകളുടെ കെവൈസി സംബന്ധിച്ച് പുതിയ നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സികളുടെ (കെആര്‍എ) കണക്കനുസരിച്ച് ഏകദേശം 1.3 കോടി മ്യൂച്വല്‍ അക്കൗണ്ടുകളിലെ കെവൈസി വിവരങ്ങള്‍ അപൂര്‍ണ്ണമായതിനാല്‍ പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണ്. പ്രാരംഭ കെവൈസി രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ വ്യക്തികള്‍ ആധാര്‍ അല്ലാത്തതും സാധുതയില്ലാത്തതുമായ രേഖകള്‍ നല്‍കിയതാണ് ഇതിന് പിന്നിലെ കാരണം.

പല നിക്ഷേപകരുടെയും കെവൈസികള്‍ ഇപ്പോഴും പാന്‍, ആധാര്‍ എന്നിവയുമായി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നും ലിങ്ക് ചെയ്തതു കാണുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെവൈസി സ്റ്റാറ്റസുകളെ വിവിധ വിഭാഗങ്ങളാക്കി തിരിക്കാന്‍ നിര്‍ദ്ദേശിച്ചത്. പല നിക്ഷേപകരും യൂട്ടിലിറ്റി ബില്ലുകള്‍ (വൈദ്യുതി, ടെലിഫോണ്‍), ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ മുതലായ രേഖകളാണ് കെവൈസി അപ്‌ഡേഷന് ഉപയോഗിച്ചിരിക്കുന്നത്.

സെബിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കെവൈസി സ്റ്റാറ്റസുള്ളവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. പുതിയ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനോ നിലവിലുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് യൂണിറ്റുകള്‍ റിഡംപ്ഷന്‍ ചെയ്യാമോ സാധിക്കില്ല.

ഏകദേശം 11 കോടി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ ഏകദേശം 7.9 കോടി അല്ലെങ്കില്‍ 73 ശതമാനം പേര്‍ക്ക് സാധുതയുള്ള കെവൈസി ഉണ്ട്. ഏകദേശം 1.6 കോടി നിക്ഷേപകരുടെ കെവൈസികള്‍ രജിസ്റ്റര്‍ ചെയ്ത വിഭാഗത്തിലാണ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ നിക്ഷേപത്തിന് പരിമിതിയുണ്ട്.

അതിനാല്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ അവരുടെ കെവൈസി നില പരിശോധിക്കേണ്ടത് പ്രധാനമാണ്.

മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടിന്റെ കെവൈസി സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

1.www.CVLKRA.com അല്ലെങ്കില്‍ www.CAMSKRA.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

2.വെബ്‌സൈറ്റില്‍ പ്രവേശിച്ചതിനുശേഷം കെവൈസി എന്‍ക്വയറി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.

3.തുറന്നു വരുന്ന വെബ്‌പേജില്‍ പാന്‍ വിവരങ്ങള്‍ നല്‍കുക. അതിനുശേഷം കാപ്ച്ച വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം.

അതിനുശേഷം കെവൈസി സ്റ്റാറ്റസ് വാലിഡേറ്റഡ്, രജിസ്റ്റേഡ്, ഓണ്‍ ഹോള്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കാണിക്കും.

കെവൈസി വാലിഡേറ്റഡ് എന്നാണെങ്കില്‍: നിക്ഷേപകന്‍ നല്‍കിയ വിവരങ്ങള്‍ സാധുതയുള്ളതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാലിഡേറ്റഡ് എന്ന സ്റ്റാറ്റസുള്ള നിക്ഷേപകര്‍ക്ക് നിലവിലെ നിക്ഷേപങ്ങള്‍ തുടരാം, പുതിയ ഫണ്ടുകളില്‍ നിക്ഷേപിക്കാം, നിലവിലെ ഫണ്ടുകളില്‍ നിന്നും റിഡംപ്ഷന്‍ ചെയ്യാം. നിലവില്‍ പാന്‍, ആധാര്‍ എന്നിവ മാത്രമാണ് വാലിഡേറ്റഡ് രേഖകളായി കണക്കാക്കുന്നത്.

കെവൈസി സ്റ്റാറ്റസ് രജിസ്റ്റേഡ്/വെരിഫൈഡ് എന്നാണെങ്കില്‍: നല്‍കിയ രേഖകള്‍ സാധുതയുള്ളതല്ലെങ്കില്‍ കെവൈസി സ്റ്റാറ്റസ് ഇതായിരിക്കും. നിക്ഷേപകന്‍ വിലാസത്തിന്റെയും ഐഡന്റിറ്റിയുടെയും തെളിവായി പാന്‍, ആധാര്‍ എന്നിവ ഒഴികെ പാസ്‌പോര്‍ട്ടുകള്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍ മുതലായ മറ്റ് ഔദ്യോഗിക സാധുതയുള്ള രേഖകള്‍ (ഒവിഡി) നല്‍കിയ വ്യക്തികള്‍ക്ക് ഇത് ബാധകമാണ്. ഇതിനര്‍ത്ഥം വ്യക്തി നല്‍കിയ രേഖകള്‍ ഇഷ്യു ചെയ്യുന്ന അതോറിറ്റിക്ക് സ്വതന്ത്രമായി പരിശോധിക്കാനോ സാധൂകരിക്കാനോ കഴിയില്ല.

കെവൈസി സ്റ്റാറ്റസ് രജിസ്റ്റേഡ് അല്ലെങ്കില്‍ വെരിഫൈഡ് എന്നുള്ള നിക്ഷേപകരുടെ നിലവിലുള്ള നിക്ഷേപങ്ങളെ ബാധിക്കില്ല. എന്നാല്‍, പുതിയ നിക്ഷേപം നടത്തണമെങ്കില്‍ വീണ്ടും കെവൈസി പ്രക്രിയ ചെയ്യേണ്ടതുണ്ട്. ഇത്തരം വ്യക്തികള്‍ക്ക് 'കെവൈസി സാധൂകരിച്ച' സ്റ്റാറ്റസ് ലഭിക്കണമെങ്കില്‍ അവരുടെ പാന്‍, ആധാര്‍ എന്നിവ സമര്‍പ്പിച്ച് അവര്‍ക്ക് റീ-കെവൈസി പ്രക്രിയയ്ക്ക് വിധേയമാകാം. ഭാവിയില്‍ വിവിധ മ്യൂച്വല്‍ ഫണ്ട് ഹൗസുകളുടെ സ്‌കീമുകളില്‍ തടസ്സമില്ലാതെ നിക്ഷേപിക്കാന്‍ ഇത് സഹായിക്കും.

കെവൈസി സ്റ്റാറ്റസ് ഓണ്‍ ഹോള്‍ഡ് എന്നാണെങ്കില്‍: നിക്ഷേപം ആരംഭിച്ച സമയത്ത് നല്‍കിയ കെവൈസി രേഖകള്‍ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് മുതലായ ഔദ്യോഗിക സാധുതയുള്ള രേഖകളല്ലാതെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, വൈദ്യുതി ബില്ലുകള്‍, യൂട്ടിലിറ്റി ബില്ലുകള്‍ മുതലായവയാണെങ്കില്‍ കെവൈസി സ്റ്റാറ്റസ് 'നിര്‍ത്തിവച്ചതായി' (ഹോള്‍ഡ് ചെയ്യുന്നതായി) കാണിക്കും. നിക്ഷേപകന്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വാലിഡേറ്റ് ചെയ്തില്ലെങ്കിലും ഇത് സംഭവിക്കാം.

'ഓണ്‍-ഹോള്‍ഡ്' കെവൈസി സ്റ്റാറ്റസ് ഉള്ളവര്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതുവരെ നിലവിലെ എസ്‌ഐപി ഇടപാടുകള്‍, റിഡംപ്ഷന്‍ ഇടപാടുകള്‍ മുതലായവയെ ഇത് ബാധിക്കും.

ഈ സാഹചര്യത്തില്‍, നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ ഇടപാടുകള്‍ നടത്തുന്നതിന് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകന്‍ അവരുടെ സാധുവായ ഇമെയില്‍, മൊബൈല്‍ നമ്പറുകളാണോ നല്‍കിയിട്ടുള്ളതെന്ന് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, പുതിയ നിക്ഷേപം നടത്തുമ്പോള്‍ വിവിധ രേഖകള്‍ വീണ്ടും സമര്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ റീ-കെവൈസി പ്രക്രിയയ്ക്കും (പാന്‍ / ആധാര്‍ എന്നിവ സമര്‍പ്പിക്കുന്നതിലൂടെ) വിധേയരാകണം.