image

15 March 2024 12:36 PM GMT

Mutual Funds

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

MyFin Desk

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
X

Summary

  • അച്ചടക്കവും ക്ഷമയും നിക്ഷേപകന് അത്യാവശ്യമാണ്.
  • കൃത്യമായ ലക്ഷ്യത്തോടെയ നിക്ഷേപിക്കാം
  • സമ്പദ് വ്യവസ്ഥയിലെയും വിപണിയിലെയും സംഭവ വികാസങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം


നിക്ഷേപത്തിലെ വൈവിധ്യവത്കരണം, ദീര്‍ഘകാലത്തില്‍ ആസ്തി വര്‍ധിപ്പിക്കാനുള്ള കഴിവ്, വളര്‍ച്ച സാധ്യത എന്നിവയൊക്കെയാണ് ആളുകളെ മ്യൂച്വല്‍ ഫണ്ടിലേക്ക് ആകര്‍ഷിക്കുന്നത്.ഒരാള്‍ 10 വര്‍ഷത്തേക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെയൊന്നു നോക്കാം.

ലക്ഷ്യം

നിക്ഷേപം ആരംഭിക്കുന്നതിനു മുമ്പേ നേടിയെടുക്കേണ്ട ലക്ഷ്യം എന്തെന്ന് കണ്ടെത്തുകയും അതിനായി നിക്ഷേപിക്കാനൊരുങ്ങുകയും വേണം. റിട്ടയര്‍മെന്റ്, വീട് വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയൊക്കെയാകാം നിക്ഷേപത്തിനു പിന്നിലെ ലക്ഷ്യങ്ങള്‍. കൃത്യമായ ലക്ഷ്യത്തോടെയ നിക്ഷേപിച്ചാല്‍ അത് ചിട്ടയോടെ ചെയ്യാന്‍ സാധിക്കും.

റിസ്‌ക് എടുക്കാനുള്ള കഴിവ്

നിക്ഷേപത്തിനുമേല്‍ എത്രത്തോളം റിസ്‌ക് എടുക്കാന്‍ സാധിക്കും എന്നത് കണ്ടെത്തേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. മാത്രവുമല്ല നിങ്ങളുടെ ബാധ്യതകള്‍, ആശ്രിതര്‍, ജോലി എന്നിവയെല്ലാം റിസ്‌ക് കണക്കാക്കുന്നതില്‍ ഉള്‍പ്പെടുന്നവയാണ്. അതൊക്കെയും മനസിലാക്കി. ദീര്‍ഘകാലത്തില്‍ എത്ര രൂപ നിക്ഷേപിക്കാനാകും എന്ന് തീരുമാനിക്കുക.

നിക്ഷേപം വൈവിധ്യവത്കരിക്കുക

വിവിധ ആസ്തി വിഭാഗങ്ങളിലായി വേണം നിക്ഷേപം നടത്താന്‍. എങ്കിലെ റിസ്‌കിനെ ബാലന്‍സ് ചെയ്യാന്‍ സാധിക്കൂ. ഓഹരി, ബോണ്ട്, സ്ഥിര നിക്ഷേപം എന്നിങ്ങനെ നിക്ഷേപം വൈവിധ്യവത്കരിക്കാം.

ശരിയായ മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കാം

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം നേടിയെടുക്കാനാവശ്യമായ റിട്ടേണ്‍ നല്‍കുന്ന ഫണ്ട് തെരഞ്ഞെടുക്കേണ്ടതുണ്ട്. അതിനായി ഫണ്ടിന്റെ പെര്‍ഫോമന്‍സ്, എക്‌സ്പന്‍സ് റേഷ്യോ, മാനേജര്‍മാരുടെ പ്രവര്‍ത്തനം, നിക്ഷേപ രീതി എന്നിവയൊക്കെ പരിഗണിക്കാം. വിവിധ വിഭാഗങ്ങളിലായുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതും റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും.

സ്ഥിരമായി നിരീക്ഷിക്കാം

കൃത്യമായ ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ പരിശോധിക്കുകയും നിങ്ങളുടെ ലക്ഷ്യത്തിനനുസരിച്ച് വളരുന്നുണ്ടോയെന്ന് ഉറപ്പാക്കുകയും വേണം. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം നടത്തുന്നില്ലെങ്കില്‍ നിക്ഷേപം റീബാലന്‍സ് ചെയ്യും വിധത്തില്‍ പുനക്രമീകരിക്കാം.

ദീര്‍ഘകാല പ്രകടനം ശ്രദ്ധിക്കുക

വിപണിയുടെ ഹൃസ്വകാല പ്രകടനം നോക്കി നിക്ഷേപ തീരുമാനങ്ങള്‍ മാറ്റാതിരിക്കുക. ദീര്‍ഘകാല പ്രകടനത്തെ അടിസ്ഥാനമാക്കി മാത്രം നിക്ഷേപത്തിന്റെ പ്രകടനം വിലയിരുത്തുക. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയും വിറ്റൊഴിവാക്കുകയും ചെയ്യാതിരിക്കുക.

നികുതി ബാധ്യത പരിശോധിക്കാം

നിക്ഷേപത്തിന്റെ നികുതി ബാധ്യത പരിശോധിക്കാം. നികുതിയിളവിനുള്ള സാധ്യതകളുണ്ടെങ്കില്‍ പ്രയോജനപ്പെടുത്താം.

ആവശ്യമെങ്കില്‍ വിദഗ്‌ധോപദേശം തേടാം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടാം.

വിപണിയിലെ സംഭവ വികാസങ്ങള്‍ അറിഞ്ഞിരിക്കാം

സമ്പദ് വ്യവസ്ഥയിലെയും വിപണിയിലെയും സംഭവ വികാസങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. എങ്കിലെ വിപണിയിലെ സംഭവ വികാസങ്ങള്‍ക്കനുസരിച്ച് നിക്ഷേപത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ചെയ്യാന്‍ സാധിക്കൂ.

അച്ചടക്കവും ക്ഷമയും

നിക്ഷേപകര്‍ക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട കാര്യമാണ് അച്ചടക്കവും ക്ഷമയും. അച്ചടക്കത്തോടെ നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരുന്നാലെ മികച്ച റിട്ടേണ്‍ ലഭിക്കൂ. പത്ത് വര്‍ഷം എന്നത് നീണ്ട കാലയളവാണ്. അത്രയും നാള്‍ നിക്ഷേപം തുടരണമെങ്കില്‍ അച്ചടക്കവും ക്ഷമയും നിക്ഷേപകന് അത്യാവശ്യമാണ്.