12 Oct 2026 3:12 PM IST
Summary
ഇക്വിറ്റി ഫണ്ടുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത് സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ്. 9,038.57 കോടി രൂപയാണ് ഈ വിഭാഗത്തിലെ അറ്റ നിക്ഷേപം
സെപ്റ്റംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള അറ്റ നിക്ഷേപം 30.61 ശതമാനം ഉയര്‍ന്ന് 38,306.55 കോടി രൂപയായി. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളോടുള്ള നിക്ഷേപകരുടെ താല്‍പര്യമാണ് നിക്ഷേപ വര്‍ധനയ്ക്ക് കാരണമായത് . അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇക്വിറ്റി ഫണ്ടുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത് സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ്. 9,038.57 കോടി രൂപയാണ് ഈ വിഭാഗത്തിലെ അറ്റ നിക്ഷേപം. മിഡ് ക്യാപ് ഫണ്ടുകളില്‍ 7,834.84 കോടി രൂപയും ഫ്‌ലെക്‌സി ക്യാപ് ഫണ്ടുകളില്‍ 6,701.80 കോടി രൂപയും നിക്ഷേപമായി എത്തി. ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ടുകള്‍ 4,271.22 കോടി രൂപയും മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ 3,859.55 കോടി രൂപയും നേടി. എന്നാല്‍ ഇഎല്‍എസ്എസ് നികുതി ലാഭിക്കല്‍ ഫണ്ടുകളില്‍ നിന്ന് 662.14 കോടി രൂപയും കോണ്‍ട്രാ ഫണ്ടുകളില്‍ നിന്ന് 97.88 കോടി രൂപയും പിന്‍വലിച്ചു.
ഇക്വിറ്റി ഫണ്ടുകളിലേക്ക് പണമൊഴുക്ക് ശക്തമായിരുന്നെങ്കിലും മ്യൂച്വല്‍ ഫണ്ട് വ്യവസായം മൊത്തത്തില്‍ സെപ്റ്റംബറില്‍ 1.33 ലക്ഷം കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് രേഖപ്പെടുത്തിയത്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള 1.83 ലക്ഷം കോടി രൂപയുടെ പിന്‍വലിക്കലാണ് ഇതിന് പ്രധാന കാരണം. അതേസമയം, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഇടിഎഫ്) 15,501.40 കോടി രൂപയുടെ അറ്റ നിക്ഷേപമെത്തി. ഇതില്‍ ഇക്വിറ്റി ഇടിഎഫുകള്‍ 9,959.96 കോടി രൂപയും ഗോള്‍ഡ് ഇടിഎഫുകള്‍ 4,450.61 കോടി രൂപയും ആകര്‍ഷിച്ചു.
ഓഗസ്റ്റില്‍ 29,328.62 കോടി രൂപയായിരുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ അറ്റ നിക്ഷേപം സെപ്റ്റംബറില്‍ ഗണ്യമായി ഉയര്‍ന്നത് ഓഹരി അധിഷ്ഠിത പദ്ധതികളോടുള്ള താല്‍പര്യം വ്യക്തമാക്കുന്നു. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്തം ആസ്തി മാനേജ്മെന്റിന് കീഴിലുള്ള തുക (എയുഎം) ഓഗസ്റ്റിലെ 87.08 ലക്ഷം കോടി രൂപയില്‍ നിന്ന് സെപ്റ്റംബറില്‍ 82.64 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഡെറ്റ് ഫണ്ടുകളില്‍ നിന്നുള്ള വന്‍തോതിലുള്ള പണമൊഴുക്കാണ് ഈ ഇടിവിന് പ്രധാന കാരണം.
പഠിക്കാം & സമ്പാദിക്കാം
Home
