image

27 Jan 2023 10:52 AM GMT

More

ഒടുവിൽ സെബിയുടെ 'വടി', അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിക്കും

MyFin Desk

sebi to probe adani groups one-year transactions
X

Summary

  • . ഇന്ത്യയിലെ അംബുജ സിമന്റ്സ്, എസിസി, സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഹോള്‍സിം എന്നിവയുടെ ഓഹരികള്‍ ഏറ്റെടുക്കുന്ന സമയത്ത് അദാനി ഗ്രൂപ്പ് ഉപയോഗിച്ച ഓഫ്ഷോര്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) സെബി പരിശോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.


അദാനി ഗ്രൂപ്പ് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്ന് സെക്യൂരിറ്റീസ് ഓഫ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സ്റ്റോക് കൃത്രിമത്വം , അക്കൗണ്ട് തട്ടിപ്പ്, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ മുതലായ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്നാണ് സെബിയുടെ ഈ നീക്കം. അന്വേഷണത്തില്‍ ഗ്രൂപ്പിന്റെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരെ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്‍ഡര്‍ബെര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഏത് നിയമ നടപടികളെയും നേരിടാന്‍ തങ്ങള്‍ തയാറാണെന്നും, റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയത്.

അദാനി ഗ്രൂപ്പ് നടത്തുന്ന എല്ലാ ഇടപാടുകളും സെബി പരിശോധിച്ചു വരികയാണെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് സെബി അധികൃതരില്‍ നിന്നും കൃത്യമായ പ്രതികരണങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് അദാനി ഗ്രൂപ്പും പതികരിച്ചിട്ടില്ല. ഇന്ത്യയിലെ അംബുജ സിമന്റ്സ്, എസിസി, സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഹോള്‍സിം എന്നിവയുടെ ഓഹരികള്‍ ഏറ്റെടുക്കുന്ന സമയത്ത് അദാനി ഗ്രൂപ്പ് ഉപയോഗിച്ച ഓഫ്ഷോര്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) സെബി പരിശോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 2022 മെയ് മാസത്തിലെ ഏറ്റെടുക്കല്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി ഈ എസ്പിവിയുടെ ഉപയോഗം അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇടപാടിന്റെ ഫണ്ടിംഗില്‍ ഉള്‍പ്പെട്ടിരിക്കുന്ന 17 വിദേശ ഓഫ്ഷോര്‍ സ്ഥാപനങ്ങളെ സെബി കണ്ടെത്തിയിരുന്നു.

ജൂലൈയില്‍ സെബി മൗറീഷ്യസില്‍ നിന്നുള്ള അധികം അറിയപ്പെടാത്ത ഓഫ്‌ഷേര്‍ ഫണ്ടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപം ഈ ഓഫ്‌ഷോര്‍ ഫണ്ടിനുണ്ട്. ഇത് ഓഹരിയിലെ കൃത്രിമത്വത്തം സംബന്ധിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിട്ട റിപ്പോര്‍ട്ടിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.