image

19 Sep 2023 6:51 AM GMT

Market

ഐ‌പി‌ഒയ്ക്കുള്ള രഹസ്യ ഫയലിംഗ്; കമ്പനികള്‍ക്ക് വിമുഖത

MyFin Desk

SEBI’s confidential filing
X

Summary

  • ഇന്ത്യയിൽ ഈ ആശയം അവതരിപ്പിച്ചത് 2022 നവംബറിലാണ്.
  • ടാറ്റ പ്ലേ, ഒറവൽ സ്റ്റേ എന്നീ രണ്ട് കമ്പനികൾ മാത്രമാണ് ഇതുവരെ രഹസ്യ ഫയലിംഗ് സ്വികരിച്ചിട്ടുള്ളത്.
  • സ്വിഗ്ഗി അടുത്ത വർഷം ഐപിഒയ്ക്കായി ഈ വഴി തെരുഞ്ഞെടുക്കാൻ സാധ്യതയുണ്ട്


പബ്ളിക് ഇഷ്യുവിനു മുമ്പ് രഹസ്യ ഫയലിംഗ് നടത്താന്‍ കമ്പനികളെ അനുവദിച്ച് ഏകദേശം 10 മാസങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യന്‍ പ്രമോട്ടർമാർ പൊതുവേ ഈ മാർഗം ഉപയോഗിക്കാന്‍ വിമുഖത കാണിക്കുകയാണ്.

ടാറ്റ പ്ലേ, ഒറവൽ സ്റ്റേ എന്നീ രണ്ട് കമ്പനികൾ മാത്രമാണ് ഇതുവരെ രഹസ്യ ഫയലിംഗ് സ്വികരിച്ചിട്ടുള്ളത്. പരമ്പരാഗത കമ്പനികളെക്കാൾ പുതുതലമുറ കമ്പനികളാണ് ഈ വഴി തെരഞ്ഞെടുക്കുകയെന്നു വിലയിരുത്തപ്പെടുന്നു. എന്നാല്‍ അടുത്തയിടെ ഉയർന്നു വന്ന ടെക്നോളജി കമ്പനികളായ നവി ടെക്നോളജീസ്, യാത്ര ഓൺലൈൻ, ഹോനാസ കൺസ്യൂമർ, ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് തുടങ്ങിയവയെല്ലാം തങ്ങളുടെ ഓഫർ ഡോക്യുമെന്റുകൾ സാധാരണ റൂട്ടിലൂടെയാണ് ഫയൽ ചെയ്തത്. സോഫ്റ്റ്‌ബാങ്കിന്റെ പിന്തുണയുള്ള ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി അടുത്ത വർഷം ഐപിഒയ്ക്കായി ഈ വഴി തെരുഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മൂല്യനിർണ്ണയങ്ങൾ തീരുമാനിക്കുന്നതിന് നിക്ഷേപകരുടെ ഫീഡ്‌ബാക്ക് പ്രധാനമായിരിക്കുന്ന പുതു കമ്പനികൾക്ക് കോൺഫിഡൻഷ്യൽ ഫയലിംഗ് വഴി കമ്പനിയുടെ സാമ്പത്തിക, ബിസിനസ് മോഡൽ മറച്ചുവയ്ക്കാന്‍ സാധിച്ചേക്കുമെന്നു ആക്ഷേപമുണ്ട്.

എന്താണ് രഹസ്യ ഫയലിംഗ്

ഐപിഒ യ്ക്ക് മുമ്പായി റെഗുലേറ്റർക്ക് സമർപ്പിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സമർപ്പുപിക്കുവാന്‍ അനുവദിക്കുന്നതാണ് രഹസ്യ ഫയലിംഗ് അഥവാ കോണ്ഫിഡന്‍ഷ്യല്‍ ഫയലിംഗ്. പല രാജ്യങ്ങളിലും ഇതു പുതമയേ അല്ല. യുകെ, കാനഡ, യുഎസ് തുടങ്ങിയ വികസിത വിപണികളിൽ ഇത് വളരെക്കാലമായി പ്രയോഗിച്ചുവരുന്നു. എന്നാല്‍, ഇന്ത്യയിൽ ഈ ആശയം അവതരിപ്പിച്ചത് 2022 നവംബറിലാണ്.

ഐ‌പി‌ഒയുടെ വിശദാംശങ്ങൾ മറ്റൊരു ഘട്ടത്തിൽ പരസ്യമാക്കും എന്നതൊഴിച്ചാൽ, ഇഷ്യു പേപ്പറുകൾ ഫയൽ ചെയ്യുന്നതിനുള്ള മിക്ക പ്രക്രിയകളും സമാനമാണ്. ടാറ്റ പ്ലേയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ കമ്പനികൾ സെബിയിൽ ഐപിഒയ്‌ക്കായി പത്രിക സമർപ്പിച്ചുവെന്ന വസ്തുത വെളിപ്പെടുത്തേണ്ടിവരും. ഡിആർഎച്പി മാത്രം പിന്നീട് വെളിപ്പെടുത്തും.

ബിസിനസ് പ്ലാനുകൾ, അപകടസാധ്യതകൾ, നിയമപരമായ കേസുകൾ തുടങ്ങിയവപോലുള്ള ധാരാളം സെൻസിറ്റീവ് വിവരങ്ങൾ ഡിആർഎച്ച്പിയിൽ അടങ്ങിയിരിക്കാം. എതിരാളികൾക്ക് ലഭ്യമല്ലാത്ത മറ്റ് വിവരങ്ങളും ഉൾപ്പെടുന്നു. ഡിആർഎച്ച്പി പരസ്യമാക്കിയതിന് ശേഷം ഇത്തരം വിവരങ്ങൾ ചൂഷണം ചെയ്തേക്കാമെന്ന ഭയം പല കമ്പനികള്‍ക്കുമുണ്ട്. ഇത് പരസ്യമാവുന്ന സാഹചര്യത്തിൽ ഐപിഒയ്ക്ക് പോകേണ്ടതില്ലെന്ന് പല കമ്പനികളും തീരുമാനിക്കുന്നു.

2019-21 സാമ്പത്തിക വർഷത്തിൽ, ഐപിഒ രേഖകൾ സമർപ്പിച്ച 129 കമ്പനികളിൽ 57 കമ്പനികളും വിപണിയിലെ ചാഞ്ചാട്ടം മൂലമോ മറ്റ് ചില കാരണങ്ങളാലോ ഐപിഒയ്ക്ക് പോകേണ്ടെന്ന് തീരുമാനിച്ചു.

കമ്പനികൾ അവരുടെ ഐപിഒ പ്ലാനുകൾ നിന്ന് മാറിയെങ്കിലും സ്വകാര്യമായി കൈവശം വെച്ചിരുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ പൊതുസമൂഹത്തിനു ലഭ്യമായിരുന്നു. ഇത് പലരുടേയും ബിസിനസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

അതിനാൽ, ഇഷ്യൂ ചെയ്യുന്ന കമ്പനി ലിസ്റ്റിംഗിന് പോകാൻ തയ്യാറാകുന്ന സമയത്തു മാത്രം അത്തരം വിവരങ്ങള്‍ നിക്ഷേപകർക്കു ലഭ്യമാക്കുന്നു. അതുവരെ റെഗുലേറ്റർക്കു മുമ്പില്‍ അത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനു കമ്പനിയെ രഹസ്യ ഫയലിംഗ് രീതി സഹായിക്കുന്നു, അതേ സമയം അത് ഐപിഒ പ്ലാനുകളിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്ന ഇഷ്യൂവർമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.

“ഈ റൂട്ട് കുറച്ച് സമയമെടുക്കുന്നതാണ്, അതിനാൽ മിക്ക പരമ്പരാഗത കമ്പനികളും പതിവ് ഫയലിംഗുമായി പോകുന്നു. ഇത് റെഗുലേറ്ററിന്റെ മികച്ച ചുവടുവെപ്പാണ്, പക്ഷേ ഇതിന് വ്യാപകമായ സ്വീകാര്യത ലഭിക്കുമോ എന്ന് പറയാൻ സാധ്യമാവില്ല, ”സെൻട്രം കാപ്പിറ്റ ലിന്റെ പങ്കാളി ( ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്) പ്രഞ്ജൽ ശ്രീവാസ്തവ പറഞ്ഞു.

ഇഷ്യൂവിന്റെ നടപടിക്രമം

റെഗുലർ ഫയലിംഗിൽ, സെബി അന്തിമ നിരീക്ഷണങ്ങൾ നൽകിയതിന് ശേഷവും അംഗീകാരം 12 മാസത്തേക്ക് സാധുവായി തുടരും. രഹസ്യാത്മക ഫയലിംഗിൽ, രഹസ്യാത്മക കരട് പ്രോസ്‌പെക്ടസിൽ സെബി നിരീക്ഷണം നടത്തിയ തീയതി മുതൽ 18 മാസത്തേക്ക് സാധുതയുണ്ട്.

പ്രാരംഭ സെബി നിരീക്ഷണങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, വിപണിയിലെത്താൻ ഒരുങ്ങുന്നതുവരെ കൂടുതൽ സമയം ലഭിക്കും, ഇത് അസ്ഥിരമായ വിപണികളിൽ സഹായകരമാണ്

മറുവശത്ത്, രഹസ്യ ഫയലിംഗ് ഐ‌പി‌ഒ പ്രക്രിയ ഏകദേശം 45 ദിവസങ്ങൾ അധികമെടുക്കും, ഇത് അസ്ഥിരമായ സാഹചര്യങ്ങളിൽ കമ്പനികൾക്ക് ഐ‌പി‌ഒ വിൻഡോ നഷ്ടമാകാനും സാധ്യതകളുണ്ട്. പബ്ലിക് ഡ്രാഫ്റ്റ് പ്രോസ്‌പെക്‌റ്റസ് ഫയൽ ചെയ്‌ത ശേഷം, കമ്പനി പൊതു അഭിപ്രായങ്ങൾക്കായി 21 ദിവസം കാത്തിരിക്കണം, തുടർന്ന് ഓഫർ ഡോക്യുമെന്റ് സെബിയിൽ വീണ്ടും ഫയൽ ചെയ്യണം. കമ്പനി ഒരു അധിക ഓഡിറ്റിന് വിധേയമാകണം. ഇത് അധിക സമയവും ചെലവും ഉണ്ടാക്കും, പ്രത്യേകിച്ച് ചെറിയ കമ്പനികൾക്ക്.

പ്രി-ഫയലിംഗ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം വിഷയവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാതെ, കമ്പനികൾ മൂന്ന് പത്രങ്ങളിൽ പൊതു അറിയിപ്പ് പ്രസിദ്ധികരിക്കണം. ഇത്, ഡോക്യുമെന്റ് ചോരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും രഹസ്യ ഫയലിംഗിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുകയും ചെയ്യുമെന്ന് മാർക്കറ്റ് വിദഗ്ധർ വിശ്വസിക്കുന്നു.

രഹസ്യ ഫയലിംഗിന്റെ സമയക്രമം കുറയ്ക്കുകയാണെങ്കിൽ സാധാരണ ഫയലിംഗിനോടു കിട പിടിക്കാൻ അതിനു സാധ്യമായേക്കുമെന്നാണ് വിലയിരുത്തല്‍.