image

7 Jun 2023 11:20 AM GMT

Market

സെന്‍സെക്സിനും നിഫ്റ്റിക്കും നാലാം ദിനത്തിലും നേട്ടം

MyFin Desk

nifty and sensex gain today
X

Summary

  • ബ്രെന്റ് ക്രൂഡ് 0.10 ശതമാനം ഉയർന്ന് ബാരലിന് 76.45 ഡോളറില്‍
  • ആര്‍ബിഐ ധനനയം നാളെ പ്രഖ്യാപിക്കും


നാളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ധനനയ സമിതി തീരുമാനങ്ങള്‍ പുറത്തുവരാനിരിക്കെ ഉണ്ടായ ഓൾ റൗണ്ട് വാങ്ങലിന്‍റെ ഫലമായി ആഭ്യന്തര ഓഹരി വിപണികൾ ഇന്ന് മാന്യമായ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സമ്പദ് വ്യവസ്ഥയുടെ വളർച്ച ശക്തമായി തുടരുന്നതും പണപ്പെരുപ്പം ഏപ്രിലിൽ ആർബിഐയുടെ സഹന പരിധിക്കുള്ളില്‍ തുടരുന്നതും നിക്ഷേപകരെ ഗുണപരമായി സ്വാധീനിച്ചു.

പുതിയ വിദേശ ഫണ്ട് വരവും ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയും വിപണിയെ സ്വാധീനിച്ച മറ്റ് ഘടകങ്ങളാണ്. മെറ്റൽ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, ഇൻഡസ്ട്രിയൽ ഓഹരികളിലെ നേട്ടം വിപണിയുടെ മുന്നേറ്റത്തില്‍ കാര്യമായ പങ്കുവഹിച്ചു. തുടർച്ചയായ നാലാം സെഷനിലും ഉയർന്ന്, 30-ഷെയർ ബിഎസ്ഇ സെൻസെക്സ് 350.08 പോയിന്റ് അല്ലെങ്കിൽ 0.56 ശതമാനം ഉയർന്ന് 63,142.96 ൽ എത്തി. പകൽ സമയത്ത്, ഇത് 403.55 പോയിന്റ് അഥവാ 0.64 ശതമാനം ഉയർന്ന് 63,196.43ല്‍ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 127.40 പോയിന്റ് അഥവാ 0.68 ശതമാനം ഉയർന്ന് 18,726.40 ൽ വ്യാപാരം അവസാനിച്ചു.

സെൻസെക്‌സില്‍ നെസ്‌ലെ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ലാർസൻ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ്, എൻടിപിസി, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തില്‍ അവസാനിച്ചപ്പോൾ ടോക്കിയോ നഷ്ടത്തിലാണ്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ സമ്മിശ്ര തലത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ പോസിറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.10 ശതമാനം ഉയർന്ന് ബാരലിന് 76.45 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 385.71 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 5.41 പോയിന്റ് അല്ലെങ്കിൽ 0.01 ശതമാനം ഉയർന്ന് 62,792.88 എന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി 5.15 പോയിന്റ് അഥവാ 0.03 ശതമാനം ഉയർന്ന് 18,599ലാണ് അവസാനിച്ചിരുന്നത്.