11 May 2023 4:44 PM IST
Summary
- പണപ്പെരുപ്പ നിരക്ക് അറിയുന്നതിന് മുന്നോടിയായി ജാഗ്രത
- ഏഷ്യന്‍ പെയിന്‍റ്സിന് മികച്ച നേട്ടം
- ലാർസൻ ആൻഡ് ടൂബ്രോയില്‍ 5 ശതമാനത്തിലധികം ഇടിവ്
ആഭ്യന്തര പണപ്പെരുപ്പ കണക്കുകൾ പുറത്തുവിടുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ പുലര്‍ത്തിയ ജാഗ്രതയും ലാർസൻ ആൻഡ് ടൂബ്രോ ഓഹരികളിലെ കനത്ത വില്‍പ്പനയും കാരണം ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും നേരിയ തോതിൽ ഇടിവോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 35.68 പോയിന്റ് അഥവാ 0.06% ഇടിഞ്ഞ് 61,904.52 എന്ന നിലയിലെത്തി. പകൽ സമയത്ത്, ഇത് 61,823.07 എന്ന താഴ്ന്ന നിലയിലും ഉയർന്ന 62,168.22 ലും എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 18.10 പോയിന്റ് അഥവാ 0.10 % ഇടിഞ്ഞ് 18,297 ൽ അവസാനിച്ചു.
നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ എ എം നായിക് സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചതിനെത്തുടർന്നാണ് ലാർസൻ ആൻഡ് ടൂബ്രോ ഓഹരികളില്‍ 5 ശതമാനത്തിലധികം ഇടിവ് പ്രകടമായത്. ഐടിസി, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.
എന്നിരുന്നാലും, നാലാം പാദത്തിൽ 43.97 ശതമാനം വളർച്ച കൈവരിച്ച് 1,258.41 കോടി രൂപ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയ ഏഷ്യൻ പെയിന്റ്സിന്‍റെ ഓഹരികളാണ് ഏറ്റവും കൂടുതൽ ഉയര്‍ച്ച കാണിച്ചത്, 3.22 %. ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ്, മാരുതി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 1,833.13 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ബുധനാഴ്ച അറ്റ വാങ്ങലുകാര്‍ ആയിരുന്നു.
"കുറച്ച് ഹെവിവെയ്റ്റ് കമ്പനികൾ റിപ്പോർട്ട് ചെയ്ത ദുർബലമായ വരുമാനമാണ് ആഭ്യന്തര വിപണിയിലെ നേട്ടത്തെ നിയന്ത്രിച്ചത്. ആഗോള തലത്തിൽ, യുഎസ് പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായതിനാൽ വിപണികൾ പോസിറ്റീവ് ആയി തുടർന്നു, ഇത് ആശ്വാസം നൽകുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ഫെഡ് റിസര്‍വിന്‍റെ നിരക്ക് വർദ്ധന നടപടികൾ ഫലപ്രദമാണെന്ന് നിക്ഷേപകർ വിലയിരുത്തുന്നു" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
ഏഷ്യയിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികൾ നഷ്ടത്തിൽ അവസാനിച്ചപ്പോൾ ടോക്കിയോ നേട്ടത്തിലാണ്. യൂറോപ്പിലെ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ബുധനാഴ്ച യുഎസ് വിപണി മിക്കവാറും നെഗറ്റീവ് മേഖലയിലായിരുന്നു. അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.93 ശതമാനം ഉയർന്ന് ബാരലിന് 77.12 ഡോളറിലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
