image

16 Jan 2023 11:49 AM GMT

Market

ധനകാര്യ, എണ്ണ ഓഹരികളിലെ ഇടിവ്; ആദ്യഘട്ട വ്യാപാരത്തിലെ നേട്ടം കൈവിട്ട് വിപണി

MyFin Desk

ധനകാര്യ, എണ്ണ ഓഹരികളിലെ ഇടിവ്; ആദ്യഘട്ട വ്യാപാരത്തിലെ നേട്ടം കൈവിട്ട് വിപണി
X

Summary

  • രാവിലെ 60,586.77 ലേക്ക് എത്തിയ സെന്‍സെക്സ് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 297.35 പോയിന്റ് താഴ്ന്ന് 59,963.83 ലേക്ക് എത്തിയിരുന്നു.


മുംബൈ: വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളിലുണ്ടായ ഇടിവ് എന്നിവ മൂലം വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 168.21 പോയിന്റ് നഷ്ടത്തില്‍ 60,092.97 ലാണ് ക്ലോസ് ചെയ്തത്. സൂചികയിലെ 15 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

രാവിലെ 60,586.77 ലേക്ക് എത്തിയ സെന്‍സെക്സ് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 297.35 പോയിന്റ് താഴ്ന്ന് 59,963.83 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 61.75 പോയിന്റ് ഇടിഞ്ഞ് 17,894.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആക്സിസ് ബാങ്ക്, എന്‍ടിപിസി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി എന്നീ ഓഹരികളെല്ലാം ഇന്ന് നഷ്ടം നേരിട്ടു.

ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, പവര്‍ഗ്രിഡ് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഡിസംബറിലവസാനിച്ച പാദത്തില്‍ 2.8 ശതമാനം കണ്‍സോളിഡേറ്റഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത വിപ്രോ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് 19.9 ശതമാനം നേട്ടം അറ്റാദായത്തില്‍ രേഖപ്പെടുത്തിയെങ്കിലും ഓഹരികള്‍ ഒരു ശതമാനത്തിനടുത്ത് നഷ്ടത്തിലായിരുന്നു.

ഏഷ്യയിലെ മറ്റ് വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികള്‍ നേട്ടത്തിലും, ടോക്കിയോ വിപണി നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികള്‍ മിഡ് സെഷന്‍ വ്യാപാരത്തില്‍ സമ്മിശ്രമായാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 4.95 ശതമാനമായി. പണപ്പെരുപ്പം 22 മാസത്തെ താഴ്ച്ചയിലേക്കെത്താനുള്ള പ്രധാനകാരണം ഭക്ഷ്യോത്പന്നങ്ങള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.54 ശതമാനം താഴ്ന്ന് 84.82 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച 2,422.39 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.