19 Jun 2023 5:15 PM IST
Summary
- റബറിന് മലബാര്‍ മേഖലയിലും മദ്ധ്യകേരളത്തിലും വില്‍പ്പനക്കാരില്ല
രാജ്യാന്തര മാര്‍ക്കറ്റില്‍ അവധി ദിവസങ്ങളിലെ റബര്‍ നിരക്കുകളിലെ ഇടിവ് കണ്ട് ടയര്‍ നിര്‍മ്മാതാക്കളും ചെറുകിട വ്യവസായികളും വില ഇടിച്ച് ഷീറ്റ് ശേഖരിക്കാന്‍ ഇടപാടുകളുടെ ആദ്യ പകുതിയില്‍ തന്നെ ശ്രമം നടത്തി. അതേ സമയം ഉത്പാദന കേന്ദ്രങ്ങളില്‍ സ്റ്റോക്ക് നില ചുരുങ്ങിയതിനാല്‍ മലബാര്‍ മേഖലയിലും മദ്ധ്യകേരളത്തിലും വില്‍പ്പനക്കാരില്ല. വാരാവസാനം കിലോ 155 രൂപ നാലാം ഗ്രേഡിന് രേഖപ്പെടുത്തിയ വ്യവസായികള്‍ 154 ലേയ്ക്ക് വില ഇടിച്ചാണ് ക്വട്ടേഷന്‍ ഇറക്കിയത്. ടാപ്പിംഗ് പുനരാരംഭിച്ച തോട്ടങ്ങളില്‍ യീല്‍ഡ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാല്‍ കര്‍ഷകര്‍ ഷീറ്റ് ഉത്പാദനത്തിന് നില്‍ക്കാതെ ലാറ്റക്സ് വില്‍പ്പനയ്ക്ക് നീക്കം തുടങ്ങി. മഴയും വെയിലിന്റെ അഭാവും ഷീറ്റ്സംസ്‌കരണത്തിന് കാലതാമസം സൃഷ്ടിക്കുമെന്ന ആശങ്കകളും ലാറ്റക്സിലേയ്ക്ക് അവരെ തിരിച്ചു. ലാറ്റക്സ് കിലോ 115 രൂപയിലാണ് ഇടപാടുകള്‍ പുരോഗമിക്കുന്നത്.
പ്രതിസന്ധിയില്‍ ദക്ഷിണേന്ത്യന്‍ നാളികേര കര്‍ഷകര്‍
വിദേശ എണ്ണകുരു കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താന്‍ കേന്ദ്രം പാചകയെണ്ണ ഇറക്കുമതി തീരുവ കുറച്ചത് ദക്ഷിണേന്ത്യന്‍ കൊപ്ര ഉത്പാദകര്‍ക്ക് കനത്ത പ്രഹരമായി. സൂര്യകാന്തി, സോയ എണ്ണകളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനം കുറച്ച് 17 ല്‍ നിന്നും 12 ശതമാനമാക്കി. ഇതിന്റെ പ്രത്യാഘാതം വെളിച്ചെണ്ണയില്‍ പ്രതിഫലിക്കുമെന്ന ആശങ്കയില്‍ ചെറുകിട കൊപ്രയാട്ട് വ്യവസായികള്‍ വാങ്ങല്‍ കുറച്ചു. ഒപ്പം സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റുമാറാനുള്ള തിടുക്കത്തിലാണ്. തമിഴ്നാട് കേന്ദ്രമായി കൊപ്ര സംഭരിക്കുന്ന ചില ബഹുരാഷ്ട്ര കമ്പനികള്‍ കാങ്കയത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. കൊപ്ര സംഭരണ രംഗത്ത് അവര്‍ തിരിച്ചെത്തിയാല്‍ വിലക്കയറ്റത്തിന് അവസരം ഒരുങ്ങും. പൊള്ളാച്ചി, പഴനി, കോയമ്പത്തുര്‍ മേഖലകളില്‍ പച്ചതേങ്ങ വില്‍പ്പന സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുന്നു.
ബക്രീദ് പ്രതീക്ഷയില്‍ ഏലം
ബക്രീദ് അടുത്തതോടെ ആഭ്യന്തര വിപണികളില്‍ നിന്നും ഏലത്തിന് കൂടുതല്‍ അന്വേഷണങ്ങളെത്തി. ഇടപാടുകാര്‍ നെടുക്കണ്ടത്ത് നടന്ന ലേലത്തില്‍ ഏലക്ക വാങ്ങാന്‍ കാണിച്ച ഉത്സാഹം ശരാശരി ഇനങ്ങളുടെ വില കിലോ 1159 ലേയ്ക്ക് ഉയര്‍ത്തി. മികച്ചയിനങ്ങള്‍ കിലോ 1614 രൂപയില്‍ കൈമാറ്റം നടന്നു. ആഭ്യന്തര മാര്‍ക്കറ്റില്‍ ഉത്പന്നത്തിന് ഡിമാന്റ് ഉയരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാര്‍ഷിക മേഖല. അതേ സമയം സീസണ്‍ മുന്നില്‍ കണ്ട് കരുതലോടെയാണ് വാങ്ങലുകാര്‍ ഒരോ നീക്കവും നടത്തുന്നത്. മൊത്തം 53,843 കിലോഗ്രാം ഏലക്കയുടെ ലേലം ഇന്ന് നടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
