image

3 Aug 2023 7:52 AM IST

Stock Market Updates

ആഗോള വിപണികള്‍ ഇടിവില്‍ തന്നെ; ഇന്ന് ഇന്ത്യന്‍ വിപണിക്കുള്ള സൂചനകള്‍ ഇങ്ങനെ

MyFin Desk

stock markets hit new highs for the third day
X

Summary

  • എഫ്‍പിഐകള്‍ ഇന്നലെ വാങ്ങലിലേക്ക് തിരിച്ചെത്തി
  • ഗിഫ്റ്റ് സിറ്റിയിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തില്‍
  • ഗെയ്മിംഗ് വ്യവസായത്തിന് 28% ജിഎസ്‍ടി


ആഗോള തലത്തിലെ പ്രമുഖ ഓഹരിവിപണികളെയെല്ലാം ബാധിച്ച നെഗറ്റിവ് വികാരമാണ് ഇന്നലെ കണ്ടത്. മാസത്തിന്‍റെ തുടക്കത്തില്‍ രാജ്യത്തിനകത്തും ആഗോള തലത്തിലും പുറത്തുവരുന്ന കണക്കുകളും റിപ്പോര്‍ട്ടുകളും നിക്ഷേപകരെ സ്വാധീനിക്കുകയാണ്. യുഎസ്, ചൈന തുടങ്ങിയ പ്രധാന സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കൊപ്പം ആഭ്യന്തര തലത്തിലെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും തൊഴില്‍ നിയമനങ്ങളില്‍ ഇടിവ് പ്രകടമാകുന്നു എന്ന റിപ്പോര്‍ട്ടുകളും നിക്ഷേപങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗം ഗെയ്മിംഗ് വ്യവസായത്തിന് 28 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം അന്തിമമാക്കിയിട്ടുണ്ട്. ആറു മാസങ്ങള്‍ക്കു ശേഷം ഇതുണ്ടാക്കുന്ന സ്വാധീനം വിലയിരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

ലൈഫ്‍സ്‍റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൈറ്റന്‍ കമ്പനിക്ക് 777 കോടി രൂപയുടെ അറ്റാദായമാണ് ജൂണ്‍പാദത്തില്‍ ഉള്ളത്. 2022 ജൂലൈയിലെ കണക്കിനെ അപേക്ഷിച്ച് 2 ശതമാനം ഇടിവാണിത്. വിമാന സേവന ബ്രാന്‍ഡായ ഇന്‍ഡിഗോയുടെ ഉടമകളായ ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ വരുമാനവും ലാഭവുമാണ് ആദ്യപാദത്തില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ആദ്യ പാദത്തില്‍ 1,064.3 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത് എങ്കില്‍ ഇപ്പോഴത് 3,090.6 കോടി രൂപയുടെ ലാഭമാണ്. വരുമാനം 30 ശതമാനം ഉയര്‍ന്നു.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ സ്റ്റാന്‍റ് എലോണ്‍ അറ്റാദായത്തില്‍ 92.5 ശതമാനം വര്‍ധനയുണ്ടായി. മാന്‍കൈന്‍ഡ് ഫാര്‍മയുടെ സംയോജിത ലാഭത്തില്‍ 66.4 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. ഗുജറാത്ത് ഗ്യാസ് മുന്‍പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംയോജിത അറ്റാദായത്തില്‍ 41.7 ശതമാനം ഇടിവും വരുമാനത്തില്‍ 3.7 ശതമാനം ഇടിവും രേഖപ്പെടുത്തി. വിഐപി ഇന്‍ഡസ്ട്രീസിന്‍റെ സംയോജിത ലാഭം 16.4 ശതമാനം വാര്‍ഷിത ഇടിവാണ് പ്രകടമാക്കിയിട്ടുള്ളത്. വരുമാനം 7.7 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

സന്‍ഘി ഇന്‍ഡസ്ട്രീസിന്‍റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള അംബുജ സിമന്‍റ്സ് ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 6000 കോടി രൂപയുടെ ഇടപാടാണിത്.

ഇന്ന് വിപണികളിലെ തുടക്കം

ഇന്ന് പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ഷാങ്ഹായ്, ഹാങ്സെങ്, നിക്കെയ്, തായ് വാന്‍ തുടങ്ങിയ വിപണികളെല്ലാം നഷ്ടത്തിലാണ് ഉള്ളത്. യൂറോപ്പിലെ പ്രമുഖ വിപണികളിലെല്ലാം നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികളും കനത്ത ഇടിവ് രേഖപ്പെടുത്തിയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

ഗിഫ്റ്റ് സിറ്റി ഇന്ന് നേട്ടത്തോടെയാണ് തുടങ്ങിയിട്ടുള്ളത്. ആഭ്യന്തര വിപണികളുടെ തുടക്കം പച്ചയില്‍ ആയേക്കാമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.

വിദേശ ഫണ്ടുകളുടെ വരവ്

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 1,877.84 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റഴിച്ചു, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) ഓഗസ്റ്റ് 2 ന് 2.23 കോടി രൂപയുടെ ഓഹരികൾ വിറ്റതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ ഇന്ത്യന്‍ ഇക്വിറ്റികളിലെ വാങ്ങലിലേക്ക് തിരിച്ചെത്തി. 25.65 കോടി രൂപയുടെ അറ്റ വാങ്ങല്‍ അവര്‍ ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 1044.49 കോടി രൂപയുടെ അറ്റ വാങ്ങലാണ് എഫ്‍പിഐകള്‍ നടത്തിയത്.

എണ്ണയും സ്വര്‍ണവും

ഒക്ടോബറിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ കഴിഞ്ഞ തവണ ബാരലിന് 79 സെൻറ് അഥവാ 0.93 ശതമാനം ഇടിഞ്ഞ് 84.12 ഡോളറിലെത്തി. സെപ്റ്റംബറിലെ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 91 സെൻറ് അഥവാ 1.12 ശതമാനം ഇടിഞ്ഞ് 80.46 ഡോളറിലെത്തി.

സ്‌പോട്ട് ഗോൾഡ് 0.35 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,937.20 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.25 ശതമാനം ഇടിഞ്ഞ് 1,973.90 ഡോളറിലെത്തി.