11 Aug 2023 7:55 AM IST
യുഎസില്‍ നിന്ന് ശുഭവാര്‍ത്ത, ആഗോള വിപണികള്‍ പോസിറ്റിവ്; ഇന്ന് വിപണി തുറക്കുന്നതിന് മുമ്പ് അറിയേണ്ടത്
MyFin Desk
Summary
- യുഎസില്‍ പണപ്പെരുപ്പ വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെ
- ഏഷ്യന്‍ വിപണികളില്‍ അനിശ്ചിതത്വം
- ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം നേട്ടത്തില്‍
ജൂലൈയില്‍ പ്രതീക്ഷിച്ചിരുന്നതിലും താഴെ മാത്രം പണപ്പെരുപ്പ വളര്‍ച്ചയാണ് യുഎസില്‍ ഉണ്ടായതെന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നത്, ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധന അവസാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലും മുഖ്യ പണപ്പെരുപ്പത്തിലും 0 .2 ശതമാനത്തിന്‍റെ മാത്രം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഉപഭോക്തൃ വില സൂചിക (സിപിഐ) 3.2 ശതമാനമായും പ്രധാന പണപ്പെരുപ്പം 4.7 ശതമാനമായും ഉയർന്നു. സിപിഐ 2 ശതമാനത്തിലേക്ക് എത്തിക്കുന്നതിനാണ് ഫെഡ് റിസര്‍വ് ശ്രമിക്കുന്നത്.
ധനനയ അവലോകന യോഗത്തിനു ശേഷം ആര്‍ബിഐ പുറത്തുവിട്ട പ്രഖ്യാപനങ്ങളാണ് ഇന്നലെ ആഭ്യന്തര ഓഹരി വിപണികളെ ഇടിവിലേക്ക് നയിച്ച പ്രധാന ഘടകം. ബാങ്കുകള്‍ക്ക് താല്‍ക്കാലികമായി അധിക കരുതല്‍ ധന അനുപാതം ഏര്‍പ്പെടുത്തിയത് ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിക്കും. ഇത് ബാങ്കിംഗ്, അനുബന്ധ മേഖലകളിലെ ഓഹരികള്‍ക്ക് തിരിച്ചടിയായി. പണപ്പെരുപ്പ നിഗമനം ഉയര്‍ത്തിയതും വിപണിയെ നെഗറ്റിവായി സ്വാധീനിച്ചു.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ആദ്യ പാദത്തിൽ 32 ശതമാനം വാര്‍ഷിക വര്‍ധനയോടെ 824.72 കോടി രൂപ ലാഭം രേഖപ്പെടുത്തി. വരുമാനം 4.5 ശതമാനം വർധിച്ച് 8,767.3 കോടി രൂപയിലെത്തി, എന്നാൽ ഇതേ കാലയളവിൽ വിൽപ്പന അളവ് 2.6 ശതമാനം ഇടിഞ്ഞ് 13.53 ലക്ഷം യൂണിറ്റിലെത്തി. മറ്റു വരുമാനങ്ങളിലും കാര്യമായ വളര്‍ച്ച നേടി.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജൂണിൽ അവസാനിച്ച പാദത്തിൽ 9,543.7 കോടി രൂപയുടെ വൻ ലാഭം പ്രഖ്യാപിച്ചു, മുന്‍വര്‍ഷം സമാന പാദത്തിലിത് 682.88 കോടി രൂപ മാത്രമായിരുന്നു. ലഭ്യമായ സോൾവൻസി മാർജിനിലെ അക്രിഷനുമായി ബന്ധപ്പെട്ട 7,491.53 കോടി രൂപ നോൺ-പാർ ഫണ്ടിൽ നിന്ന് ഷെയർഹോൾഡർമാരുടെ അക്കൗണ്ടിലേക്ക് മാറ്റിയത് ഉൾപ്പെടെയാണ് ലാഭം കണക്കാക്കിയിട്ടുള്ളത്. ഫാര്‍മ കമ്പനിയായ ബയോകോണിന്‍റെ അറ്റാദായം 30 ശതമാനം ഇടിവോടെ 101 കോടി രൂപയിലേക്കെത്തി. വരുമാനം 60 ശതമാനം വര്‍ധിച്ച് 3,422.6 കോടി രൂപയിലെത്തി. ചെലവുകളും നിക്ഷേപങ്ങളും ഉയര്‍ന്നതാണ് ലാഭത്തെ ബാധിച്ചത്.
ജൂൺ പാദത്തിലെ ഏകീകൃത അറ്റാദായം 40 ശതമാനം ഉയർന്ന് 354.91 കോടി രൂപയായി ബർഗർ പെയിന്റ്സ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി, 1 രൂപ മുഖവിലയുള്ള 5 ഇക്വിറ്റി ഓഹരികൾക്ക് 1 രൂപ വീതം മുഖവിലയുള്ള ഒരു ബോണസ് ഇക്വിറ്റി ഷെയർ ഇഷ്യൂ ചെയ്യുന്നതിന് ബോർഡ് അംഗീകാരം നൽകി.
അപ്പോളോ ടയേഴ്‌സ് 396.9 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തി. കുറഞ്ഞ ഇൻപുട്ട് ചെലവ് പ്രവർത്തന പ്രകടനം ഉയർത്തിയതിനാൽ 124 ശതമാനം വളര്‍ച്ചയാണിത്. വരുമാനം 5 ശതമാനം വർധിച്ച് 6,244.6 കോടി രൂപയായി. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ആദ്യപാദത്തില്‍ 212.5 കോടി രൂപ ഏകീകൃത ലാഭം രേഖപ്പെടുത്തി, മുൻവർഷത്തെ അപേക്ഷിച്ച് 73.6 ശതമാനം ഇടിവ്. വരുമാന വളര്‍ച്ച പരിമിതമായിരുന്നു.
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് 47.6 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്തു, മുൻവർഷത്തെ അപേക്ഷിച്ച് 6 മടങ്ങ് വർധനയാണിത്. ടോറന്റ് പവർ ഏകീകൃത ലാഭം 532.3 കോടി രൂപയായി രേഖപ്പെടുത്തി, മുൻവർഷത്തെ അപേക്ഷിച്ച് 6 ശതമാനം വർധന. പൊതുമേഖലാ കപ്പൽനിർമ്മാണ കമ്പനിയായ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേര്‍സിന്‍റെ ഏകീകൃത ലാഭം 40 ശതമാനം വളർച്ച രേഖപ്പെടുത്തി 314.3 കോടി രൂപയായി. പ്രവർത്തന വരുമാനം 2.6 ശതമാനം ഇടിഞ്ഞ് 2,172.8 കോടി രൂപയായി.
ഊര്‍ജ്ജ കമ്പനിയായ സുസ്‍ലോണ്‍ എനർജിയുടെ ബോർഡ് 2,000 കോടി രൂപ വരെ ഫണ്ട് സമാഹരണത്തിന് അംഗീകാരം നൽകി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) അര്‍ഹരായ ഓഹരി ഉടമകളുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് കമ്പനിയില്‍ നിന്ന് വിഘടിപ്പിച്ച് പുതുതായി സ്ഥാപിച്ച ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ (ജെഎഫ്എസ്എൽ) ഓഹരികൾ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ജെഎഫ്എസ്എൽ ലിസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം മാത്രമേ ഇവ ട്രേഡ് ചെയ്യാനാകൂ.
ഏഷ്യന്‍ വിപണികള്‍ ഇന്ന്
ഏഷ്യയിലെ വിപണികളില്‍ ഇന്ന് പൊതുവില്‍ അനിശ്ചിതത്വം പ്രകടമാണ്. തായ്വാന്‍, ഓസ്ട്രേലിയ വിപണികള്‍ നേട്ടത്തില്‍ തുടങ്ങിയെങ്കിലും ചാഞ്ചാട്ടം പ്രകടമാക്കുന്നു. ഷാങ്ഹായ്, ഹോംഗ്കോംഗ് വിപണികളില്‍ നഷ്ടത്തില്‍ വ്യാപാരം പുരോഗമിക്കുന്നു.
യുഎസ് വിപണികള്‍ ഏറക്കുറേ ഫ്ലാറ്റായാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് 52.79 പോയിന്റ് അല്ലെങ്കിൽ 0.15 ശതമാനം കൂട്ടിച്ചേർത്തു, നാസ്ഡാക്ക് കോമ്പോസിറ്റ് 0.12 ശതമാനം ഉയർന്നു. എസ് ആന്റ് പി 500 0.03 ശതമാനം മാത്രം ഉയർന്നു. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
16 പോയിന്റ് നേട്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റി വ്യാപാരം ആരംഭിച്ചിട്ടുള്ളത് വിശാലമായ സൂചികയ്ക്ക് നേരിയ പോസിറ്റീവ് തുടക്കം ഉണ്ടാകുമെന്നാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ക്രൂഡ് ഓയിലും സ്വര്‍ണവും
ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിനോട് അടുത്തു നിന്നിരുന്ന ബ്രെന്റ് ക്രൂഡ് വിലയില്‍ വ്യാഴാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. യുഎസ് പലിശനിരക്ക് വർധനയ്ക്കുള്ള സാധ്യതകള്‍ മങ്ങിയതും എണ്ണ ആവശ്യകതയോട് ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ പോസിറ്റിവായി പ്രതികരിക്കുന്നതും ഇതിന് കാരണമായി.
ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 72 സെൻറ് കുറഞ്ഞ് 83.68 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) 46 സെൻറ് കുറഞ്ഞ് 87.09 ഡോളറിലെത്തി.
യുഎസിന്‍റെ പോസിറ്റിവ് പണപ്പെരുപ്പ ഡാറ്റ സ്വര്‍ണവിലയെ ഉയര്‍ത്തി. സ്പോട്ട് ഗോൾഡ് 0.3 ശതമാനം ഉയർന്ന് ഔൺസിന് 1,919.49 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്ന് 1,952.10 ഡോളറിലെത്തി.
വിദേശ ഫണ്ടുകളുടെ വരവ്
ക്യാഷ് സെഗ്‌മെന്റിൽ എഫ്‌ഐഐകളും ഡിഐഐകളും ഇന്നലെ വാങ്ങലുകാരായി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 331.22 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 703.72 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എൻഎസ്‌ഇ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 996.94 കോടി രൂപയുടെ വാങ്ങലാണ് ഇന്നലെ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ എഫ്‍പിഐകള്‍ 1191.34 കോടി രൂപയുടെ വാങ്ങലാണ് നടത്തിയിട്ടുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
