image

16 Aug 2023 7:53 AM IST

Stock Market Updates

പിടിവിട്ട പണപ്പെരുപ്പം, പ്രതിസന്ധി തുടര്‍ന്ന് യുഎസ് ബാങ്കുകള്‍; ഇന്ന് വിപണിയില്‍ അറിയേണ്ടത്

MyFin Desk

Stock Market
X

Summary

  • ഉപഭോക്തൃ പണപ്പെരുപ്പം 7.44%, കയറ്റുമതി 9 മാസത്തെ താഴ്ചയില്‍
  • ചൈനയുടെ ഉപഭോക്തൃ ചെലവിടലില്‍ പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള വളര്‍ച്ച
  • യുഎസ് ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്താനൊരുങ്ങിഫിച്ച് റേറ്റിംഗ്‍സ്


സ്വാതന്ത്ര്യദിനത്തിന്‍റെ അവധിക്ക് ശേഷം ഇന്ന് ആഭ്യന്തര ഓഹരി വിപണികള്‍ വീണ്ടും തുറക്കുമ്പോള്‍ ആദ്യം പ്രതിഫലിക്കുക. ജൂലൈയിലെ പണപ്പെരുപ്പ കണക്കുകളോടുള്ള നിക്ഷേപകരുടെ പ്രതികരണമായിരിക്കും. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 6 .5 ശതമാനത്തിന് മുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 7.44 ശതമാനമെന്ന 15 മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ നിരക്കിലേക്ക് പണപ്പെരുപ്പം നീങ്ങിയത് വിപണിയില്‍ ആഘാതം സൃഷ്ടിക്കും.

ഭക്ഷ്യ-പാനീയ വിലക്കയറ്റം ജൂണിലെ 4.6 ശതമാനത്തിൽ നിന്ന് ജൂലൈയില്‍ 10.57 ശതമാനമായി ഉയർന്നു. റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിയായ 2 -6 ശതമാനത്തിന് ഏറെ മുകളിലേക്ക് പണപ്പെരുപ്പം നീങ്ങിയത് പലിശ നിരക്കുകള്‍ സംബന്ധിച്ചും ആശങ്കയുണര്‍ത്തുന്നതാണ്. അടുത്ത ധനനയ യോഗത്തിന് മുമ്പായി പണപ്പെരുപ്പം നിയന്ത്രണ വിധേയമായില്ലെങ്കില്‍ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്ക് കേന്ദ്ര ബാങ്കിന് നീങ്ങേണ്ടി വന്നേക്കാം.

മൊത്തവില സൂചിക തുടര്‍ച്ചയായ നാലാം മാസവും പണച്ചുരുക്കമാണ് രേഖപ്പെടുത്തിയത് എങ്കിലും മൂന്ന് മാസങ്ങള്‍ക്കിടയിലെ ഉയര്‍ന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ച ഡാറ്റയും തിങ്കളാഴ്ച പുറത്തുവന്നിരുന്നു. കയറ്റുമതി 9 മാസങ്ങള്‍ക്കിടയിലെ താഴ്ന്ന തലത്തിലേക്ക് എത്തി. ഇറക്കുമതിയും കുറഞ്ഞു. വ്യാപാരക്കമ്മി മുന്‍വര്‍ഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞെങ്കിലും 2023 ജൂണുമായുള്ള താരതമ്യത്തില്‍ വര്‍ധിക്കുകയാണ് ഉണ്ടായിട്ടുള്ളത്.

ആഗോളതലത്തിലെ കണക്കുകള്‍

ആഗോള തലത്തില്‍ ഇന്ന് വിപണികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഒരു പ്രധാന ഘടകം യുഎസ് ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്താന്‍ ഫിച്ച് റേറ്റിംഗ്‍സ് തയാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടാണ്. ഈ മാസം ആദ്യം മൂഡിലും യുഎസ് ബാങ്കിംഗ് മേഖലയുടെ റേറ്റിംഗ് വെട്ടിക്കുറച്ചിരുന്നു. ജെപി മോര്‍ഗന്‍ ഉള്‍പ്പടെയുള്ള വന്‍കിട ബാങ്കുകളുടെ റേറ്റിംഗ് പ്രത്യേകമായി കുറയ്ക്കാനും ഫിച്ച് റേറ്റിംഗ്സ് ഒരുങ്ങുകയാണ്.

ജൂലെൈയില്‍ ചൈനയിലെ ഉപഭോക്തൃ ചെലവിടലും ഫാക്റ്ററി ഉല്‍പ്പാദനവും ബിസിനസ് പ്രവര്‍ത്തനവും പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് പ്രകടമാക്കിയിട്ടുള്ളത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ചൈനീസ് കേന്ദ്രബാങ്ക് പലിശ നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഷ്യന്‍ വിപണികള്‍ ഇടിവില്‍ തുടങ്ങി

ഏഷ്യന്‍ വിപണികളുടെ തുടക്കം ഇന്ന് ഇടിവിലാണ്. ഓസ്ട്രേലിയ, ഹോംഗ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ, തായ്വാന്‍ തുടങ്ങിയ വിപണികളിലെല്ലാം നെഗറ്റിവായാണ് വ്യാപാരം നടക്കുന്നത്. യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചതും നെഗറ്റിവായാണ്. വേതന വളര്‍ച്ച സംബന്ധിച്ച യുകെ-യില്‍ നിന്നുള്ള കണക്കുകളും ചൈനയുടെ മന്ദഗതിയിലുള്ള വീണ്ടെടുപ്പുമാണ് യൂറോപ്യന്‍ വിപണികളെ പ്രധാനമായും ബാധിച്ചത്.

യുഎസ് വിപണികള്‍ ഇടിവിലാണ് ചൊവ്വാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൌ ജോണ്‍സ്, നാസ്‍ഡാഖ്, എസ് & പി എന്നിവ നഷ്ടത്തിലായിരുന്നു.

101 പോയിന്റ് നഷ്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണികളിലെ തുടക്കവും ഇന്ന് നെഗറ്റിവായിരിക്കും എന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധാ കേന്ദ്രമാകുന്ന ഓഹരികള്‍

ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് സ്ഥാപനമായ ലിബർട്ടി ഗ്ലോബലിൽ നിന്ന് 160 കോടി ഡോളറിന്‍റെ കരാര്‍ ഇന്‍ഫോസിസ് സ്വന്തമാക്കി. വിനോദ, കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുന്നതിനുള്ള കരാറാണിത്. ഈ വര്‍ഷം ഇന്‍ഫോസിസ് സ്വന്തമാക്കുന്ന മൂന്നാമത്തെ മെഗാ കരാറാണിത്.

എഫ്‌എം‌സി‌ജി കമ്പനിയായ ഐടിസി ജൂൺ പാദത്തിൽ 4,902.74 കോടി രൂപയുടെ സ്റ്റാൻഡ്‌ലോൺ ലാഭം റിപ്പോർട്ട് ചെയ്തു, 17.6 ശതമാനം വാര്‍ഷിക ഉയര്‍ച്ചയാണിത്. എക്‌സൈസ് തീരുവയ്ക്ക് ശേഷമുള്ള വരുമാനം 8.5 ശതമാനം ഇടിഞ്ഞ് 15,828.2 കോടി രൂപയായി. ഹോട്ടൽ ബിസിനസ് വിഭജനത്തിന് ബോർഡ് അംഗീകാരം നല്‍കി. ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയുടെ നഷ്ടം മുൻ പാദത്തിലെ 6,418.9 കോടി രൂപയിൽ നിന്ന് ജൂൺ പാദത്തിൽ 7,840 കോടി രൂപയായി വർധിച്ചു. വരുമാനം മുന്‍പാദത്തില്‍ നിന്ന് 1.2 ശതമാനം വർധിച്ച് 10,655.5 കോടി രൂപയിലെത്തി.

ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റിയുടെ (ഒഎച്ച്എം ഇന്ത്യ) 100 ശതമാനം ഓഹരികള്‍ ഒഎച്ച്എം ഇന്റർനാഷണൽ മൊബിലിറ്റിയിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാൻ അശോക് ലെയ്‌ലാൻഡിന് ഡയറക്റ്റര്‍ ബോർഡിന്റെ അനുമതി ലഭിച്ചു. കമ്പനിയെ പ്രവർത്തനക്ഷമമാക്കുന്നതിനായി ഒഎച്ച്എം ഇന്ത്യയിൽ അശോക് ലെയ്‌ലാൻഡ് 300 കോടി രൂപ വരെ ഇക്വിറ്റിയായി നിക്ഷേപിക്കും.

ഇന്റർഗ്ലോബ് ഏവിയേഷനിൽ ഒരു മെഗാ ഡീൽ തയ്യാറാകുകയാണ്, രാകേഷ് ഗാംഗ്‌വാളിന്റെ നേതൃത്വത്തിലുള്ള ഗാംഗ്‌വാൾ കുടുംബം ഒരു ബ്ലോക്ക് ട്രേഡ് വഴി ഏകദേശം 3,735 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിദേശ ഫണ്ടുകളുടെ വരവ്

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 2,324.23 കോടി രൂപയുടെ ഓഹരികൾ ഓഗസ്റ്റ് 14ന് വിറ്റു, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 1,460.90 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായും എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 2534.61 കോടി രൂപ തിങ്കളാഴ്ച ഇക്വിറ്റികളില്‍ നിക്ഷേപിച്ചു. ഡെറ്റ് വിപണിയില്‍ 1261.89 കോടി രൂപയുടെ വാങ്ങലാണ് എഫ്‍പിഐകള്‍ നടത്തിയത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

ചൈനയില്‍ നിന്നുള്ള ആവശ്യകത കുറയുമെന്ന ആശങ്ക എണ്ണ വിപണിയില്‍ ഇടിവിന് ഇടയാക്കി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.31 ഡോളർ അഥവാ 1.5 ശതമാനം ഇടിഞ്ഞ് 84.90 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് 1.44 ഡോളർ അല്ലെങ്കിൽ 1.8 ശതമാനം ഇടിഞ്ഞ് 81.07 ഡോളറിലെത്തി. റഷ്യയും ഒപെക് + ഗ്രൂപ്പിന്റെ ഭാഗമായ സൗദി അറേബ്യയും വിതരണം വെട്ടിക്കുറച്ചത് കഴിഞ്ഞ ഏഴാഴ്ചയ്ക്കിടെ വില കുതിച്ചുയരാൻ ഇടയാക്കിയിരുന്നു.

ചൊവ്വാഴ്ച ആഗോള തലത്തില്‍ സ്വർണ്ണവില സ്ഥിരത പ്രകടമാക്കി. സ്‌പോട്ട് ഗോൾഡ് ഔൺസിന് ഏകദേശം 1,907.60 ഡോളറിലെത്തി നേരത്തേ വ്യാപാര സെഷനിടെ ജൂൺ 29 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 1,895.50 ഡോളറിലെത്തിയിരുന്നു. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം കുറഞ്ഞ് 1,940.20 ഡോളറിലെത്തി.