5 July 2026 1:55 PM IST
ആറ് കമ്പനികള്‍ക്ക് വമ്പന്‍ നേട്ടം; ഒഴുകിയെത്തിയത് ഒരുലക്ഷം കോടി, മിന്നിത്തിളങ്ങി എയര്‍ടെല്‍
MyFin Desk
Summary
കഴിഞ്ഞയാഴ്ച ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഭാരതി എയര്‍ടെല്ലാണ്. കമ്പനിയുടെ വിപണി മൂല്യം 36,529.21 കോടി രൂപ ഉയര്‍ന്ന് 11,63,877.30 കോടിയിലെത്തി
രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂലധനത്തില്‍ കഴിഞ്ഞ ആഴ്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ കുതിച്ചുചാട്ടം. വിപണിയിലെ പൊതുവായ പോസിറ്റീവ് തരംഗം മുതലെടുത്ത് മുന്നേറിയ കമ്പനികളില്‍ ഭാരതി എയര്‍ടെല്ലും ബജാജ് ഫിനാന്‍സുമാണ് നേട്ടത്തിന്റെ മുന്‍നിരയില്‍ അണിനിരന്നത്.
കരുത്തുറ്റ മാക്രോ ഇക്കണോമിക് സൂചകങ്ങളും ആരോഗ്യകരമായ ജിഎസ്ടി കളക്ഷനും ആഭ്യന്തര വിപണിക്ക് പുത്തനുണര്‍വേകി. യുഎസ് തൊഴില്‍ വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ കൂടി ചേര്‍ന്നതോടെ നിക്ഷേപകര്‍ ആവേശത്തിലായതായി റെലിഗെയര്‍ ബ്രോക്കിംഗിലെ ഗവേഷണ വിഭാഗം എസ്വിപി അജിത് മിശ്ര അഭിപ്രായപ്പെട്ടു.
ഈ മുന്നേറ്റത്തില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഭാരതി എയര്‍ടെല്ലാണ്. കമ്പനിയുടെ വിപണി മൂല്യം 36,529.21 കോടി രൂപ ഉയര്‍ന്ന് 11,63,877.30 കോടിയിലെത്തി. തൊട്ടുപിന്നാലെ ബജാജ് ഫിനാന്‍സും കരുത്ത് തെളിയിച്ചു. 33,059.83 കോടിയുടെ വര്‍ധനവോടെ കമ്പനിയുടെ മൂല്യം 6,43,141.36 കോടി രൂപയായി ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക്, എല്‍ഐസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയും വിപണി മൂല്യത്തില്‍ മികച്ച നേട്ടം രേഖപ്പെടുത്തിയ മറ്റ് പ്രധാന കമ്പനികളാണ്.
വിപണി പൊതുവെ പോസിറ്റീവ് പ്രവണത കാണിച്ചെങ്കിലും, ചില മുന്‍നിര കമ്പനികള്‍ക്ക് നേരിയ തിരിച്ചടി നേരിടേണ്ടി വന്നു. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവയുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞ ആഴ്ച ഇടിവ് രേഖപ്പെടുത്തി.
വിപണിയിലെ ഈ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി്. എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് കമ്പനികള്‍. വിപണിയുടെ ഭാവി പ്രവണതകള്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.
പഠിക്കാം & സമ്പാദിക്കാം
Home
