image

25 Feb 2026 3:26 PM IST

Stock Market Updates

അംബാസഡർ കാർ തിരിച്ചുവന്നാൽ നേട്ടമുണ്ടോ? ഡീലിസ്റ്റഡ് ഓഹരി വില 20 രൂപയിൽ താഴെ

MyFin Desk

അംബാസഡർ കാർ തിരിച്ചുവന്നാൽ നേട്ടമുണ്ടോ? ഡീലിസ്റ്റഡ് ഓഹരി വില 20 രൂപയിൽ താഴെ
X

Summary

അംബാസഡർ കാർ തിരിച്ചുവരുന്നു. എൽഐസി കൈവശം വെച്ചിരിക്കുന്ന ഡീലിസ്റ്റഡ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഓഹരി വീണ്ടും ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടോ? ഓഹരി വില 20 രൂപയിൽ താഴെ


എൽഐസി കൈവശം വെച്ചിരിക്കുന്ന ഒരു പെന്നി ഓഹരിയാണ്. ഡീലിസ്റ്റ് ചെയ്ത ഓഹരിയുടെ മൂല്യം 20 രൂപയിലും താഴെ. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൽ 1.3 ശതമാനം ഓഹരികളാണ് കമ്പനി കൈവശം വെച്ചിരിക്കുന്നത് . നേരത്തെ 27 ലക്ഷം ഓഹരികളാണ് കൈവശം വെച്ചിരുന്നത്. അംബാസഡർ കാറിൻ്റെ നിർമ്മാതാക്കളായ ബിർള ഗ്രൂപ്പ് കമ്പനി കൊർപ്പറേറ്റ് തലത്തിലെ ഒട്ടെറെ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വാഹനങ്ങൾ, സ്പെയർ പാർട്‌സ് എന്നിവയുടെ നിർമ്മാണ രം​ഗത്തുള്ള കമ്പനി 2025 ഓഗസ്റ്റ് 18-നാണ് എൻഎസ്ഇയിൽ സ്വമേധയാ ഡീലിസ്റ്റിംഗിന് അപേക്ഷിക്കുന്നത്. 2025 ഒക്ടോബർ മുതൽ വ്യാപാരം നിർത്തിവച്ചിരിക്കുകയാണ്.

അതേസമയം പഴയ അംബാസഡർ ബ്രാൻഡ് തിരിച്ചുകൊണ്ടുവരാൻ കമ്പനിക്ക് പദ്ധതിയുണ്ട്. യൂറോപ്യൻ കമ്പനിയുമായാണ് ഇതിനായി സഹകരിക്കുന്നത്. പുതിയ ഇലക്ട്രിക് പതിപ്പ് അതിന്റെ സിഗ്നേച്ചർ ശൈലി നില നിർത്തും എന്നാണ് സൂചന. 2026 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന മോഡൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ചെന്നൈ പ്ലാന്റിൽ ഉൽപ്പാദനം ആരംഭിക്കുമെന്ന് റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈടെക് സെഡാൻ കാറ്റ​ഗറിയിലായിരിക്കും വാഹനം എന്ന ഊഹാപോഹങ്ങളുമുണ്ട്.

അംബാസഡർ കാറിനെ നൊസ്റ്റാൾജിയയായി കാണുന്നവ‍ർക്കും പുതിയ കാലത്തെ വിൻ്റേജ് വാഹനപ്രേമികൾക്കുമൊക്കെ ആകർഷകമായ രീതിയിൽ വാഹനം പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2014-ൽ ഉത്പാദനം നിർത്തിയ ശേഷം, 2017-ൽ ഫ്രഞ്ച് കമ്പനിയായ പ്യൂഷോ ബ്രാൻഡിൻ്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരുന്നു. വീണ്ടുമുള്ള റീബ്രാൻഡിങ് ഒരുപക്ഷേ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന് ഗുണമാകാം. ഹിന്ദ് മോട്ടോർ ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയും യൂറോപ്യൻ കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭത്തിലൂടെ അംബാസഡറിൻ്റെ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാൽ ഫാക്ടറി ലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കമ്പനി വീണ്ടും ലിസ്റ്റ് ചെയ്യാൻ സാധ്യതയില്ലെന്നും അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.

ഹൈ റിസ്ക് ഓഹരി

കടബാധ്യത താരതമ്യേന കുറവാണെങ്കിലും കുറഞ്ഞ വരുമാനവും ഉയർന്ന പ്രവർത്തന നഷ്ടവും മൂലം പ്രതിസന്ധിയിലായ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് ഇനി സ്വയം വാഹനം പുറത്തിറക്കാനാകില്ല. അംബാസഡർ കാറിൻ്റെ പുനരുൽപാദനമുണ്ടായാൽ തന്നെ ക്രെഡിറ്റും പൂർണമായി അവകാശപ്പെടാനാകില്ല. ഫ്രഞ്ച് പിഎസ്എ ഗ്രൂപ്പിന് 2017 ലാണ ്ബ്രാൻഡ് വിൽക്കുന്നത്.