11 Nov 2026 3:49 PM IST
Mutual Fund:മ്യൂച്വൽ ഫണ്ട് നിക്ഷേപകർ മാറിച്ചിന്തിക്കുന്നു? സ്മോൾ ക്യാപ്പിൽ ഇടിവ്, ലാർജ് ആൻഡ് മിഡ് ക്യാപ്പിൽ വൻ കുതിപ്പ്
MyFin Desk
Summary
കൂടുതല്‍ നിക്ഷേപം ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ടുകളില്‍
ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ ഒക്ടോബറില്‍ ഇടിവ്. സെപ്റ്റംബറിനെ അപേക്ഷിച്ച് നിക്ഷേപം 13.8 ശതമാനം കുറഞ്ഞ് 32,993.64 കോടി രൂപയായി. സെപ്റ്റംബറില്‍ 38,306.55 കോടി രൂപയായിരുന്നു ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലെ അറ്റ നിക്ഷേപം. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (AMFI) പുറത്തുവിട്ട പ്രതിമാസ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൂടുതല്‍ നിക്ഷേപം ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ടുകളില്‍
13 ഇക്വിറ്റി ഫണ്ട് വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ അറ്റ നിക്ഷേപം ലഭിച്ചത് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ടുകള്‍ക്കാണ്. 8,484.23 കോടി രൂപയാണ് ഈ വിഭാഗത്തിലേക്ക് എത്തിയത്. സെപ്റ്റംബറിലെ 4,271 കോടി രൂപയെ അപേക്ഷിച്ച് ഏകദേശം 99 ശതമാനത്തിന്റെ വര്‍ധനവാണിത്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 29 ശതമാനം കുറഞ്ഞ് 6,407.50 കോടി രൂപയായി. സെപ്റ്റംബറില്‍ 9,038 കോടി രൂപയായിരുന്നു ഈ വിഭാഗത്തിലെ അറ്റ നിക്ഷേപം. ഫ്‌ലെക്‌സി ക്യാപ് ഫണ്ടുകളിലേക്ക് 4,979.95 കോടി രൂപയുടെ അറ്റ നിക്ഷേപമെത്തി. മിഡ് ക്യാപ് ഫണ്ടുകള്‍ 4,892.62 കോടി രൂപയുടെ അറ്റ നിക്ഷേപവുമായി തൊട്ടുപിന്നിലുണ്ട്.
ലാര്‍ജ് ക്യാപ് ഫണ്ടുകളിലും നിക്ഷേപം വര്‍ധിച്ചു
ലാര്‍ജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 20 ശതമാനം വര്‍ധിച്ച് 1,032.39 കോടി രൂപയായി. മള്‍ട്ടി ക്യാപ് ഫണ്ടുകളില്‍ 2,977.86 കോടി രൂപയും കോണ്‍ട്രാ ഫണ്ടുകളില്‍ 1,694.13 കോടി രൂപയും അറ്റ നിക്ഷേപമെത്തി. തീമാറ്റിക് ഫണ്ടുകള്‍ 1,162.48 കോടി രൂപയും ഫോക്കസ്ഡ് ഫണ്ടുകള്‍ 925.35 കോടി രൂപയും വാല്യൂ ഫണ്ടുകള്‍ 556.22 കോടി രൂപയും നേടി. സെക്ടറല്‍ ഫണ്ടുകളിലേക്ക് 551.59 കോടി രൂപയുടെ അറ്റ നിക്ഷേപവും ലഭിച്ചു. എന്നാല്‍ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളില്‍ 92.82 കോടി രൂപയുടെ അറ്റ പിന്‍വലിക്കലുണ്ടായി. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളായ ELSS ടാക്‌സ് സേവര്‍ ഫണ്ടുകളില്‍ 577.88 കോടി രൂപയുടെ അറ്റ പിന്‍വലിക്കലും രേഖപ്പെടുത്തി.
37.14 ലക്ഷം കോടി രൂപയുടെ ആസ്തി
ഒക്ടോബര്‍ 31-ലെ കണക്കനുസരിച്ച് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം അറ്റ ആസ്തി 37,14,550.45 കോടി രൂപയാണ്. ഒക്ടോബറിലെ ശരാശരി അറ്റ ആസ്തി 37,27,920.82 കോടി രൂപയായി. ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള മൊത്തം നിക്ഷേപം കുറഞ്ഞെങ്കിലും ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് വിഭാഗത്തിലേക്കുള്ള നിക്ഷേപം ഇരട്ടിയോടടുത്ത് വര്‍ധിച്ചത് ശ്രദ്ധേയമാണ്. അതേസമയം, സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ ഉണ്ടായ ഇടിവും ELSS ഫണ്ടുകളിലെ പിന്‍വലിക്കലും ഒക്ടോബറിലെ നിക്ഷേപ പ്രവണതയിലെ പ്രധാന മാറ്റങ്ങളാണ്.
നിക്ഷേപകരുടെ താല്‍പര്യത്തില്‍ മാറ്റമോ?
ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള മൊത്തം നിക്ഷേപം കുറഞ്ഞ സാഹചര്യത്തിലും ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ടുകളിലേക്ക് കൂടുതല്‍ പണമെത്തിയത് നിക്ഷേപകരുടെ താല്‍പര്യത്തില്‍ വന്ന മാറ്റത്തിന്റെ സൂചനയായി കാണാം. താരതമ്യേന വലിയ കമ്പനികളിലും വളര്‍ച്ചാ സാധ്യതയുള്ള മിഡ് ക്യാപ് കമ്പനികളിലും ഒരേസമയം നിക്ഷേപം നടത്താന്‍ അവസരം നല്‍കുന്നതാണ് ഇത്തരം ഫണ്ടുകളുടെ പ്രത്യേകത. അതേസമയം, സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപം കുറഞ്ഞത് ഈ വിഭാഗത്തിലെ മുന്‍കാല ഉയര്‍ന്ന നിക്ഷേപത്തിന് ശേഷമുള്ള ലാഭമെടുപ്പിന്റെയോ നിക്ഷേപ തന്ത്രങ്ങളിലെ മാറ്റത്തിന്റെയോ ഭാഗമായിരിക്കാം. എന്നാല്‍ ഒരു മാസത്തെ കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കി നിക്ഷേപകരുടെ ദീര്‍ഘകാല താല്‍പര്യം വിലയിരുത്താനാകില്ല. വിപണിയിലെ ചാഞ്ചാട്ടം, കമ്പനികളുടെ പ്രകടനം, സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
പഠിക്കാം & സമ്പാദിക്കാം
Home
