17 Oct 2023 12:43 PM IST
Summary
- വുമൺകാർട്ട് ഇഷ്യൂ ഒക്ടോബർ 18-ന് അവസാനിക്കും
- രാജ്ഗോർ കാസ്റ്റർ ഇഷ്യൂ ഒക്ടോബർ 17-ന് ആരംഭിച്ചു
അരവിന്ദ് ആൻഡ് ഷിപ്പിംഗ് കമ്പനിയുടെ കന്നി പബ്ലിക് ഇഷ്യൂവിന് ലഭിച്ചത് വന്‍ സ്വീകാര്യത. ഒക്ടോബർ 16 ന് ഇഷ്യൂ അവസാനിച്ചപ്പോള്‍ നിക്ഷേപകർ മൊത്തം 117.81 കോടി ഓഹരികൾക്കായാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇത് ഇഷ്യൂ വലുപ്പമായ 32.76 ലക്ഷം ഓഹരികളുടെ 359.62 മടങ്ങാണ്. റീട്ടെയിൽ നിക്ഷേപകർ അവർക്ക് അനുവദിച്ച ക്വാട്ടയുടെ 321.96 മടങ്ങ് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
14.74 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ഐപിഒ-യിലൂടെ ലക്ഷ്യമിടുന്നത്. ഓഹരികള്‍ എൻഎസ്ഇ എമെർജിൽ ഒക്ടോബർ 25-ന് ലിസ്റ്റ് ചെയ്യും. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 19 പൂർത്തിയാവും. ഇഷ്യൂ തുക കമ്പനിയുടെ മൂലധന ചെലവിടല്‍, പൊതു കോർപ്പറേറ്റ് ആവശ്യകതകള്‍, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.
1987 സെപ്റ്റംബറിൽ സ്ഥാപിതമായ കമ്പനി കാർഗോ ബാർജുകൾ, ഫ്ലാറ്റ് ടോപ്പ് ബാർജുകൾ, ക്രെയിൻ മൗണ്ടഡ് ബാർജുകൾ, ഹോപ്പർ ബാർജുകൾ, സ്പഡ് ബാർജുകൾ, കാർഗോയ്ക്കുള്ള ടഗ്ഗുകൾ തുടങ്ങിയ കപ്പൽ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ മേഖലയിലാണ് പ്രവർത്തിക്കുന്നത്. മറൈൻ വെസലുകളുമായും അനുബന്ധ ഉപകരണങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങളും നല്കുന്നു. നിരവധി മൾട്ടിനാഷണൽ കമ്പനികള്‍ക്ക് അരവിന്ദ് ആൻഡ് ഷിപ്പിംഗ് കമ്പനി ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്.
വുമൺകാർട്ട്
ഒക്ടോബർ 18-ന് അവസാനിക്കുന്ന വുമൺകാർട്ട് ഇഷ്യൂവിനു ഇതുവരെ 6.86 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. വൈവിധ്യമാർന്ന ബ്യൂട്ടി വെൽനസ് ഉല്‍പ്പന്നങ്ങള്‍ ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമാണ് വുമൺകാർട്ട്. 11.12 ലക്ഷം ഓഹരികളുടെ ഇഷ്യൂവിലൂടെ 9.56 കോടി രൂപ സ്വരൂപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഓഹരികൾ 27-ന് എൻഎസ്‌ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 86 രൂപയാണ് ഇഷ്യൂ വില. ഒരു ലോട്ടിൽ 1600 ഓഹരികളാണ് ഉള്ളത്.
നൂറിലധികം ചർമ്മസംരക്ഷണ ഉല്‍പ്പന്നങ്ങളാണ് വുമണ്‍കാര്‍ട്ട് ലഭ്യമാക്കുന്ത്. 2018 - ല്‍ ഓണ്‍ലൈനായി ആരംഭിച്ച കമ്പനി 2022 ഏപ്രിലിൽ ഡൽഹിയിലെ ഷാലിമാർ ബാഗിൽ ഒരു ഓഫ്‌ലൈൻ സ്റ്റോറും ആരംഭിച്ചിട്ടുണ്ട്. കമ്പനിക്ക് വണ്ടർകർവ്, സയ്ദ ജ്യുവൽസ്, ഫൈസാ, ഫെയ ഇങ്ങനെ നാല് അനുബന്ധ സ്ഥാപനങ്ങളുണ്ട്.
രാജ്ഗോർ കാസ്റ്റർ ഡെറിവേറ്റീവ്സ്
ഒക്ടോബർ 17-ന് ആരംഭിച്ച രാജ്ഗോർ ഇഷ്യൂവിനു നിലവിൽ 2.50 മടങ്ങ് അപേക്ഷകള്‍ വന്നിട്ടുണ്ട്. ഇഷ്യൂ 20-ന് അവസാനിക്കും.കാസ്റ്റർ ഓയിൽ ഉല്‍പ്പന്നങ്ങളുടെ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്ഗോർ കാസ്റ്റർ ഡെറിവേറ്റീവ്സ് 2018-ലാണ് സ്ഥാപിതമായത്.
പത്തുരൂപ മുഖവിലയുള്ള ഓഹിയുടെ പ്രൈസ് ബാൻഡ് 47-50 രൂപയാണ് . കുറഞ്ഞത് 3000 ഓഹരികൾക്കായി അപേക്ഷിക്കണം. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഒക്ടോബർ 31-ന് ലിസ്റ്റ് ചെയ്യും.
ഗുജറാത്തിലാണ് കമ്പനിയുടെ ഉല്‍പ്പാദന യൂണിറ്റ്. എഫ്എസ്.ജി ബ്രിട്ടീഷ് സ്റ്റാൻഡേർഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ബ്ലീച്ച് ചെയ്ത ആവണക്കെണ്ണയാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. ലൂബ്രിക്കന്റുകൾ, പെയിന്റുകൾ, ഫാർമസ്യൂട്ടിക്കൽസ്, കേബിൾ ഇൻസുലേറ്ററുകൾ, സീലന്റ്സ്, മഷികൾ, റബ്ബർ, ടെക്സ്റ്റൈൽസ് മുതലായവയിൽ ഇത് ഉപയോഗിക്കുന്നുണ്ട്. കണ്‍പീലികളുടെ വളർച്ച, മുടി വളര്‍ച്ച, ചർമ്മത്തിലെ മോയ്സ്ചറൈസർ പ്രതിരോധശേഷി മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായും ഉപയോഗിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
