image

19 April 2024 2:47 AM GMT

Stock Market Updates

ഏഷ്യൻ വിപണികൾ ഇടിഞ്ഞു, ഇന്ത്യൻ സൂചികകൾ താഴ്ന്ന് തുറക്കാൻ സാധ്യത

James Paul

Stock Market Today | Top 10 things to know before the market opens
X

Summary

  • ഇന്ത്യൻ സൂചികകൾ ഇന്ന് ​ഗ്യാപ് ഡൗൺ ആയി തുറക്കാൻ സാധ്യത.
  • ഗിഫ്റ്റ് നിഫ്റ്റി 21,800 ലെവലിൽ വ്യാപാരം ചെയ്യുന്നു.
  • വെള്ളിയാഴ്ച ഏഷ്യൻ വിപണികളും ഇടിവിലാണ്



ആ​ഗോള വിപണികളിൽ ഇടിവ് തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സൂചികകൾ ഇന്ന് ​ഗ്യാപ് ഡൗൺ ആയി തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകൾ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയുടെ താഴ്ന്ന തുടക്കത്തെ സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 21,800 ലെവലിൽ വ്യാപാരം ചെയ്യുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്സിൻ്റെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 260 പോയിൻ്റുകളുടെ കിഴിവ്.

ഇന്ത്യൻ ഓഹരി വിപണി വ്യാഴാഴ്ച തുടർച്ചയായ നാലാം സെഷനിലും നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 50 സൂചിക 152 പോയിൻ്റ് തിരുത്തി 22,000 ലെവലിന് താഴെയായി. ബിഎസ്ഇ സെൻസെക്‌സ് 454 പോയിൻ്റ് ഇടിഞ്ഞ് 72,489 ലെവലിലും ബാങ്ക് നിഫ്റ്റി സൂചിക 415 പോയിൻ്റ് നഷ്ടത്തിൽ 47,069 ലെവലിലും ക്ലോസ് ചെയ്തു. ഐടി, ലോഹം, പൊതുമേഖലാ ബാങ്കുകൾ ഒഴികെ, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പെടെ എല്ലാ മേഖലകളും ചുവപ്പിലാണ് അവസാനിച്ചത്.

ഏഷ്യൻ വിപണികൾ

വാൾസ്ട്രീറ്റിലെ നഷ്ടവും ജപ്പാനിൽ നിന്നുള്ള പണപ്പെരുപ്പ കണക്കുകളും സ്വാധീനം ചെലുത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ താഴ്ന്നു. ജപ്പാനിലെ നിക്കി 1.88% ഇടിഞ്ഞപ്പോൾ ടോപിക്സ് 1.3% നഷ്ടത്തിലായി. ദക്ഷിണ കൊറിയയുടെ കോസ്‌പി 1.8 ശതമാനവും കോസ്‌ഡാക്ക് 1.34 ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.

വാൾ സ്ട്രീറ്റ്

ഏറ്റവും പുതിയ കോർപ്പറേറ്റ് വരുമാനത്തിലേക്ക് നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ യുഎസ് ഓഹരി വിപണി വ്യാഴാഴ്ച സമ്മിശ്രമായി അവസാനിച്ചു. എസ് ആൻ്റ് പി 500 അതിൻ്റെ അഞ്ചാമത്തെ തുടർച്ചയായ ഇടിവ് കണ്ടു. ഒക്ടോബറിനു ശേഷമുള്ള എസ് ആൻ്റ് പി സൂചികയിലെ ഏറ്റവും ദൈർഘ്യമേറിയതാണിത്. എസ് ആൻ്റ് പി 12.02 പോയിൻ്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 5,010.19 പോയിൻ്റിൽ അവസാനിച്ചു. അതേസമയം നാസ്ഡാക്ക് കോമ്പോസിറ്റ് 82.35 പോയിൻ്റ് അഥവാ 0.52 ശതമാനം ഇടിഞ്ഞ് 15,601.02 എന്ന നിലയിലെത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 23.87 പോയിൻ്റ് അഥവാ 0.06 ശതമാനം ഉയർന്ന് 37,777.18 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എണ്ണ വില

മിഡിൽ ഈസ്റ്റിലെ പിരിമുറുക്കങ്ങൾ കുറഞ്ഞതോടെ വെള്ളിയാഴ്ചത്തെ വ്യാപാരത്തിൻ്റെ തുടക്കത്തിൽ എണ്ണ വില ഇടിഞ്ഞു. ബ്രെൻ്റ് ഫ്യൂച്ചറുകൾ 23 സെൻറ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് ബാരലിന് 86.88 ഡോളറിലെത്തി. യുഎസ് ക്രൂഡ് ബാരലിന് 25 സെൻറ് കുറഞ്ഞ് 82.48 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) 4,260.33 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ഏപ്രിൽ 18ന് 2,285.52 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എൻഎസ്ഇയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ഇൻഫോസിസ്: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇൻഫോസിസ്, 24 സാമ്പത്തിക വർഷത്തിൽ അവസാനിച്ച പാദത്തിൽ ഏകീകൃത ലാഭം 7,969 കോടി രൂപയായി രേഖപ്പെടുത്തി. എന്നാൽ മൊത്തത്തിലുള്ള വരുമാനം വിശകലന വിദഗ്ധരുടെ കണക്കുകൾ തെറ്റിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.3 ശതമാനം ഇടിഞ്ഞ് 37,923 കോടി രൂപയായി. ഡോളർ മൂല്യത്തിൽ വരുമാനം 2.1 ശതമാനം കുറഞ്ഞു.

ബജാജ് ഓട്ടോ: പൂനെ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാവ് മാർച്ച് 2024 പാദത്തിൽ 1,936 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർധന. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 29 ശതമാനം വർധിച്ച് 11,485 കോടി രൂപയിലെത്തി. വിൽപ്പന അളവ് 24 ശതമാനം ഉയർന്ന് 10.62 ലക്ഷം യൂണിറ്റിലെത്തി.

ഐസിഐസിഐ സെക്യൂരിറ്റീസ്: മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 536.5 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 104.3 ശതമാനം ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 74.4 ശതമാനം വർധിച്ച് 1,543.2 കോടി രൂപയായി.

ഗോകൽദാസ് എക്‌സ്‌പോർട്ട്‌സ്: കമ്പനി അതിൻ്റെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻ പ്ലേസ്‌മെൻ്റ് (ക്യുഐപി) ഇഷ്യു ഏപ്രിൽ 18-ന് തുറന്നു. ഒരു ഓഹരിയുടെ വില 789.99 രൂപയായി നിശ്ചയിച്ചു.

ഹൗസിംഗ് ആന്റ് അർബൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ: ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് (OPE) ഹഡ്‌കോയ്ക്ക് നവരത്‌ന പദവി അനുവദിച്ചു.

മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്: മഹീന്ദ്ര ഗ്രൂപ്പിൻ്റെ റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് സബ്‌സിഡിയറിക്ക് 150-ലധികം വീടുകൾക്കായി ബുക്കിംഗ് ലഭിച്ചു. 350 കോടി രൂപയുടെതാണ് പദ്ധതി. ബെംഗളൂരുവിൻ്റെ ആദ്യ നെറ്റ് സീറോ വേസ്റ്റ്, എനർജി റെസിഡൻഷ്യൽ പദ്ധതിയായ മഹീന്ദ്ര സെൻ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഓഡറാണിത്.