image

28 Nov 2023 7:56 AM IST

Stock Market Updates

ഏഷ്യന്‍ വിപണികള്‍ സമ്മിശ്രം, യുഎസ് വിപണികളില്‍ ഇടിവ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market | Trade
X

Summary

  • ഒപെക് പ്ലസ് യോഗത്തിന് മുന്നോടിയായി ക്രൂഡ് വിലയില്‍ ഇടിവ്
  • ഗിഫ്റ്റ് നിഫ്റ്റിയില്‍ നേട്ടത്തോടെ തുടക്കം
  • ആഗോള സ്വര്‍ണ വില ആറുമാസത്തിലെ ഉയര്‍ന്ന നിലയില്‍


ഒരാഴ്‌ചയിലധികമായി റേഞ്ച് ബൗണ്ടായി തുടരുന്ന വിപണികള്‍ കാര്യമായ ചലനങ്ങള്‍ക്കായുള്ള സൂചനകള്‍ക്കായി കാക്കുകയാണ്. 19,620-19,875 റേഞ്ചില്‍ നിന്ന് പുറത്തുകടക്കുന്നതിന് ഈയാഴ്ച പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളും സാമ്പത്തിക ഡാറ്റകളും ചാലക ശക്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നലെ ഗുരുനാനാക്ക് ജയന്തി മൂലം അവധിയിലായിരുന്ന ആഭ്യന്തര ഓഹരി വിപണികള്‍ ഇന്നാണ് പുതിയ വാരത്തിലേക്ക് പ്രവേശിക്കുന്നത്.

നവംബർ 24 ന്, സെൻസെക്‌സ് 48 പോയിന്റ് താഴ്ന്ന് 65,970 ലും നിഫ്റ്റി 7 പോയിന്റ് താഴ്ന്ന് 19,795ലും അവസാനിച്ചു.

ആഗോള വിപണികളില്‍ ഇന്ന്

നവംബറിൽ ഉടനീളം കണ്ട ശക്തമായ നേട്ടങ്ങള്‍ വ്യാപാരികൾ വിശകലനം ചെയ്യുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച രാത്രി വ്യാപാരത്തില്‍ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഫ്ളാറ്റ് ‍ലൈനിന് സമീപം തുടര്‍ന്നു. പതിവു വ്യാപാരത്തില്‍ ഇടിവാണ് യുഎസ് സൂചികകള്‍ രേഖപ്പെടുത്തിയത്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജും എസ് & പി-യും 0.2 ശതമാനം താഴ്ന്നപ്പോൾ നാസ്ഡാക്ക് കോമ്പോസിറ്റ് 0.1 ശതമാനം ഇടിഞ്ഞു. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ ഇടിവിലായിരുന്നു.

ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്രമായ തലത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ എസ്&പി 200, ദക്ഷിണ കൊറിയയുടെ കോസ്‌പി, കോസ്‌ഡാക്ക് എന്നിവ ഉയർന്നു. എന്നിരുന്നാലും, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ്, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി സൂചികകള്‍ ഇടിവിലാണ്.

ഗിഫ്റ്റ് നിഫ്റ്റിയില്‍ 11 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെ തുടക്കം പോസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

സാങ്കേതികമായ വിലയിരുത്തല്‍ സൂചിപ്പിക്കുന്നത് നിഫ്റ്റിക്ക് 19,774ലും തുടർന്ന് 19,759ലും 19,735 ലും സപ്പോര്‍ട്ട് ലഭിക്കുമെന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,823 പെട്ടെന്നുള്ള റെസിസ്‍റ്റന്‍സായി പ്രവര്‍ത്തിക്കും, തുടർന്ന് 19,838 ഉം 19,863 ഉം.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ബന്ധൻ ബാങ്ക്: മൂന്ന് വർഷത്തേക്ക് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (എംഡി & സിഇഒ) ആയി ചന്ദ്രശേഖർ ഘോഷിനെ വീണ്ടും നിയമിക്കുന്നതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി കൊൽക്കത്ത ആസ്ഥാനമായുള്ള ബാങ്ക് അറിയിച്ചു.

ഫോർട്ടിസ് ഹെൽത്ത്‌കെയർ: ചെന്നൈയിലെ ഫോർട്ടിസ് മലർ ഹോസ്പിറ്റലിന്റെ ഭൂമിക്കും കെട്ടിട ആസ്തികള്‍ക്കും ഒപ്പം ബിസിനസുകള്‍ എം‌ജി‌എം ഹെൽത്ത്‌കെയറിന് വിൽക്കുന്നതിനുള്ള കൃത്യമായ കരാറുകളിൽ തങ്ങളുടെ ചില ഉപകമ്പനികള്‍ ഒപ്പുവെച്ചതായി ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ അറിയിച്ചു.

പിഎൻബി ഹൗസിംഗ് ഫിനാൻസ്: അടുത്ത ആറ് മാസത്തിനുള്ളിൽ, സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 3,500 കോടി രൂപ വരെ മൂല്യമുള്ള കൺവെർട്ടബിൾ അല്ലാത്ത കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി ഹൗസിംഗ് ഫിനാൻസ് കമ്പനി അറിയിച്ചു.

പിബി ഫിൻ‌ടെക്: പിബി ഫിൻ‌ടെക് തങ്ങളുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനി പോളിസിബസാർ ഇൻഷുറൻസ് ബ്രോക്കേഴ്സിൽ 350 കോടി രൂപയുടെ കൂടുതൽ നിക്ഷേപം നടത്തി.

സീമെൻസ്: 2023 സെപ്‌റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കമ്പനിയുടെ ഓഡിറ്റ് ചെയ്‌ത സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിനും ഇക്വിറ്റി ഓഹരികള്‍ ലാഭവിഹിതം നൽകാനുള്ള ശുപാർശ പരിഗണിക്കുന്നതിനും ഡയറക്ടർ ബോർഡ് നവംബർ 28-ന് യോഗം ചേരുമെന്ന് ടെക്‌നോളജി കമ്പനി അറിയിച്ചു.

ബാങ്ക് ഓഫ് ബറോഡ: ചില മാര്‍ഗ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഈ പൊതുമേഖലാ ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 4.34 കോടി രൂപ പിഴ ചുമത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നവംബർ 24ന് ഓഹരികളില്‍ 2,625.21 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 134.46 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

ക്രൂഡ് ഓയിലും സ്വര്‍ണവും

2024-ലെ വിതരണം നിയന്ത്രിക്കുന്ന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് ഒപെക് പ്ലസ് രാഷ്ട്രങ്ങളുടെ യോഗം നവംബര്‍ 30ന് ചേരാനിരിക്കെ തിങ്കളാഴ്ച എണ്ണ വില ഇടിഞ്ഞു. ഞായാറാഴ്ച നടക്കാനിരുന്ന യോഗം നീട്ടിവെക്കപ്പെട്ടത് നിക്ഷേപകരില്‍ ആശയക്കുഴപ്പം സൃഷ്‍ടിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 40 സെന്റ് അഥവാ 0.5 ശതമാനം ഇടിഞ്ഞ് ബാരലിന് 80.13 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 75.16 ഡോളറായി 34 സെൻറ് അഥവാ 0.45 ശതമാനം കുറഞ്ഞു.

ദുർബലമായ ഡോളറിനൊപ്പം യുഎസ് പലിശ നിരക്ക് വർദ്ധന അവസാനിപ്പിക്കുമെന്ന പ്രതീക്ഷയും ഡിമാൻഡ് ഉയർത്തിയതിനാൽ സ്വർണ വില തിങ്കളാഴ്ച ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് 0.6 ശതമാനം ഉയർന്ന് ഔൺസിന് 2,013.99 ഡോളറിലെത്തി, മെയ് 16 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും 0.6 ശതമാനം ഉയർന്ന് 2,015.00 ഡോളറിലെത്തി.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം