3 Jan 2024 3:51 PM IST
Summary
- ഐടി, ലോഹ ഓഹരികളില്‍ വലിയ ഇടിവ്
- മികച്ച നേട്ടം റിയല്‍റ്റി ഓഹരികള്‍ക്ക്
- നിഫ്റ്റി മിഡ്ക്യാപ് സൂചിക നേട്ടത്തില്‍
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ സെഷനേക്കാള്‍ വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. സെന്‍സെക്സ് 535.88 പോയിന്‍റ് അഥവാ 0.75 ശതമാനം ഇടിവോടെ 71,356.60ലും നിഫ്റ്റി 148.45 പോയിന്‍റ് അഥവാ 0.69 ശതമാനം ഇടിവോടെ 21,517.35ലും വ്യാപാരം അവസാനിപ്പിച്ചു.
തുടര്‍ച്ചയായ റാലികള്‍ക്കു ശേഷം ഉയര്‍ന്ന മൂല്യ നിര്‍ണയം ആശങ്കയായതും ആഗോള തലത്തിലെ നെഗറ്റിവ് പ്രവണതയും ക്രൂഡ് വില ഉയരുന്നതും വിപണികളെ താഴോട്ടു വലിച്ചു. യുഎസ് വിപണിയുടെ ചുവട് പിടിച്ച് ടെക് ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.30 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.01 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.20 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.30 ശതമാനവും നേട്ടത്തിലാണ്.
സെക്ടറൽ സൂചികകൾ
നിഫ്റ്റിയില്‍ ഐടി സൂചിക 2.52 ശതമാനം ഇടിവ് പ്രകടമാക്കി. മെറ്റല്‍ (1.81%), ധനകാര്യ സേവനങ്ങള്‍ (0.42%) എന്നിവയും ഇടിവിലായിരുന്നു. റിയല്‍റ്റി (1.23%), പൊതുമേഖലാ ബാങ്ക് (1.15%) സൂചികകള്‍ മികച്ച നേട്ടം രേഖപ്പെടുത്തി. ഫാര്‍മ, ഓയില്‍-ഗ്യാസ്, ആരോഗ്യ പരിപാലനം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, സ്വകാര്യ ബാങ്ക്, എഫ്എംസിജി തുടങ്ങിയ സൂചികകളും നേട്ടത്തിലായിരുന്നു. ബാക്കിയുള്ളവ ഇടിവിലാണ്
ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ
ഇന്ന് നിഫ്റ്റി 50-യില്‍ ബജാജ് ഓട്ടോ (4.55%), അദാനി എന്‍റര്‍പ്രൈസസ് (2.48%), അദാനി പോര്‍ട്സ് (1.58%), സിപ്ല (1.56 %), ഐടിസി (1.51%), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.63 %%), ഐടിസി (1.52 %), ഭാരതി എയര്‍ടെല്‍ (1.15 %), എസ്‍ബിഐ (0.78 %), ആക്സിസ് ബാങ്ക് (0.65 %) എന്നിവ മികച്ച നേട്ടം സ്വന്തമാക്കി.
ഇന്ന് നഷ്ടത്തിലായ ഓഹരികൾ
ഹിന്‍ഡാല്‍കോ (3.82%), ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍ (3.77%), ടാറ്റ സ്‍റ്റീല്‍ (3.30 %), എല്‍ടി (3.03 %), ടെക് മഹീന്ദ്ര (2.90%) എന്നിവയാണ് നിഫ്റ്റിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍ (3.80%), ടാറ്റ സ്‍റ്റീല്‍ (3.19 %), ടെക് മഹീന്ദ്ര (2.84%), ഇന്‍ഫോസിസ് (2.80 %), വിപ്രൊ (2.36 %), ടിസിഎസ് (2.41%) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇന്ന് നഷ്ടത്തിലായിരുന്നു. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പിയും കോസ്ഡാഖും, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ് തുടങ്ങിയ വിപണികള്‍ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ചൈനയുടെ ഷാങ്ഹായ് വിപണി നേട്ടത്തിലാണ്. ജപ്പാന്‍ വിപണികള്‍ക്ക് ഇന്ന് അവധിയായിരുന്നു.
ഇന്നലത്തെ സെഷനില്‍ സെന്‍സെക്സ് 379.46 പോയിന്‍റ് അഥവാ 0.53 ശതമാനം ഇടിവോടെ 71,892.48ലും നിഫ്റ്റി 76.10 പോയിന്‍റ് അഥവാ 0.35 ശതമാനം ഇടിവോടെ 21,665.80ലും വ്യാപാരം അവസാനിപ്പിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
