image

26 Oct 2023 10:07 AM GMT

Stock Market Updates

പിടിവിടാതെ കരടികള്‍; സെന്‍സെക്സിന് 900 പോയിന്‍റിനു മുകളില്‍ ഇടിവ്

MyFin Desk

Bears tighten grip on D-St: Investors lose Rs 14 lakh cr in 5 sessions; key factors behind selloff
X

Summary

  • ഐടി, ബാങ്കിംഗ് ഓഹരികളില്‍ കനത്ത വില്‍പ്പന തുടരുന്നു
  • ഏഷ്യ-പസഫിക് വിപണികള്‍ പൊതുവില്‍ നഷ്ടത്തില്‍
  • ഇസ്രയേല്‍-പലസ്‍തീന്‍ യുദ്ധം തുടരുന്നത് നിക്ഷേപകരില്‍ ആശങ്ക പടര്‍ത്തുന്നു


ആഭ്യന്തര ഓഹരി വിപണികളില്‍ കനത്ത ഇടിവിന്‍റെ മറ്റൊരു ദിനം കൂടി. തുടര്‍ച്ചയായ ആറാം ദിനത്തിലും നഷ്ടക്കണക്കുകളുമായാണ് സെന്‍സെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ട്രഷറി ആദായം ഉയര്‍ന്നത്, മധ്യേഷ്യയിലെ സംഘർഷത്തെ കുറിച്ചുള്ള ആശങ്കകള്‍, ക്രൂഡ് വിലയിലെ ഉയര്‍ച്ച, പ്രതീക്ഷിക്കൊത്തുയരാത്ത കോര്‍പ്പറേറ്റ് വരുമാന പ്രകടനങ്ങള്‍ എന്നിവ വിപണികളിലെ വില്‍പ്പന സമ്മര്‍ദം ശക്തമാക്കുകയാണ്. -

നിഫ്റ്റി ഇന്ന് 270 പോയിന്റ് ( 1.41 ശതമാനം) നഷ്ടത്തിൽ 18,852.20 ലും സെൻസെക്സ് 901 പോയിന്റ് (1.41 ശതമാനം) ഇടിവില്‍ 63,148.15ലും ക്ലോസ് ചെയ്തു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് എന്നീ ഓഹരികളാണ് ഏറ്റവും വലിയ ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍. ആക്സിസ് ബാങ്ക്, ഐടിസി, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയവ നേട്ടത്തിലായിരുന്നു.

" ഇസ്രായേൽ-ഹമാസ് സംഘർഷം വിപണിയെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയായി തുടരുന്നു. സംഘർഷം ദീർഘകാലം നീണ്ടുനിന്നാൽ അത് ആഗോള വളർച്ചയെയും ബാധിക്കും. ആഗോള സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ മാന്ദ്യത്തിന്റെ നടുവിലാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. "സമീപ കാലത്ത്, വിപണിയുടെ ഏറ്റവും വലിയ തിരിച്ചടി യുഎസ് ബോണ്ട് യീൽഡുകളാണ്. 10 വർഷത്തെ ബോണ്ട് യീൽഡ് ഏകദേശം 5 ശതമാനത്തില്‍ എത്തിയ സാഹചര്യത്തില്‍ എഫ്‍പിഐകള്‍ വിൽപ്പന തുടരും," വിജയകുമാർ കൂട്ടിച്ചേർത്തു.

ഏഷ്യ-പസഫിക് വിപണികള്‍ പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. എങ്കിലും ചൈനയിലെ ഷാങ്ഹായ് വിപണി നേട്ടത്തിലാണ്.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ബുധനാഴ്ച 4,236.60 കോടി രൂപയുടെ ഇക്വിറ്റികള്‍ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബുധനാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 522.82 പോയിന്റ് (0.81 ശതമാനം) ഇടിഞ്ഞ് 64,049.06 എന്ന നിലയിലെത്തി. നിഫ്റ്റി 159.60 പോയിന്റ് (0.83 ശതമാനം) ഇടിഞ്ഞ് 19,122.15 ലെത്തി.