image

9 Jan 2024 3:43 PM IST

Stock Market Updates

ജെഎൽആറിന് മികച്ച ഡിമാൻഡ്; ടാറ്റ മോട്ടോഴ്‌സ് ഓഹരി 52 ആഴ്ച ഉയർച്ചയിൽ

MyFin Desk

Tata Motors shares hit 52-week high on better demand for JLR
X

Summary

  • ഡിസംബർ പാദത്തിൽ 27 ശതമാനം കൂടുതൽ വാഹനങ്ങൾ വിറ്റു
  • ജെഎൽആർ വിറ്റത് 1.01 ലക്ഷം യൂണിറ്റുകള്‍
  • ഒരു മാസത്തിൽ ടാറ്റ മോട്ടോർസ് ഓഹരികൾ 12% ഉയർന്നു


ഒക്ടോബർ-ഡിസംബർ പാദത്തിൽ റെക്കോർഡ് മൊത്തവ്യാപാരം റിപ്പോർട്ട് ചെയ്ത് ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ). ഇതോടെ തുടർച്ചയായി പതിനൊന്നാമത്തെ പാദമാണ് കമ്പനി ഉയർന്ന മൊത്തവ്യാപാര കണക്കുകൾ പുറത്തു വിടുന്നത്. റിപ്പോർട്ടുകളെ തുടർന്ന് ടാറ്റ മോട്ടോർസ് ഓഹരികൾ കുതിച്ചുയർന്നു. തുടക്ക വ്യാപാരത്തിൽ തന്നെ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 809 രൂപയിലെത്തി.

കഴിഞ്ഞ മാസം, നിഫ്റ്റി ഓട്ടോ സൂചിക 4 ശതമാനം ഉയർന്നപ്പോൾ ടാറ്റ മോട്ടോർസ് ഓഹരികൾ 12 ശതമാനത്തിലധികം നേട്ടമാണ് നൽകിയത്.

ടാറ്റ മോട്ടോഴ്സിന്റെ ആഡംബര കാർ വിഭാഗമായ ജെഎൽആർ 2024 ഡിസംബർ പാദത്തിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 27 ശതമാനം കൂടുതൽ വാഹനങ്ങൾ വിറ്റു. ജെഎൽആർ 1.01 ലക്ഷം യൂണിറ്റുകളുടെ മൊത്തവ്യാപാരമാണ് റിപ്പോർട്ട് ചെയ്തത്. റേഞ്ച് റോവർ, റേഞ്ചർ റോവർ സ്‌പോർട്ട്, ഡിഫെൻഡർ എന്നിവയുടെ വിൽപ്പനയാണ് മൊത്തവ്യാപാരത്തിന്റെ 62 ശതമാനവും.

മികച്ച പ്രകടനം തുടരുകയാണെങ്കിൽ ടാറ്റ മോട്ടോഴ്‌സിന്റെ അടുത്ത വലിയ വാഹന ഗ്രൂപ്പായി ജെഎൽആർ മാറുമെന്ന് മോർഗൻ സ്റ്റാൻലിയിലെ അനലിസ്റ്റുകൾ പറഞ്ഞു. ബ്രോക്കറേജ് സ്ഥാപനം ഉയർന്ന റേറ്റിംഗാണ് നിലവിൽ ടാറ്റ മോട്ടോഴ്സിന് നൽകിയിട്ടുള്ളത്. ഓഹരിയുടെ ലക്ഷ്യ വില 890 രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവിലെ വിലയിൽ നിന്നും 10 ശതമാനം ഉയർന്നതാണിത്.

2024 സാമ്പത്തിക വർഷത്തിലെ ജെഎൽആറിന്റെ മൊത്തവ്യാപാരങ്ങൾ ഇതുവരെ രേഖപ്പെടുത്തിയത് 2.9 ലക്ഷം വാഹനങ്ങളാണ്, ഇത് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 28 ശതമാനം ഉയർന്നതാണ്. മൂന്നാം പാദത്തിന്റെ അവസാനത്തിൽ 1.48 ലക്ഷം ഓർഡറുകൾ ലഭിച്ചതോടെ, ജെഎൽആർ വാഹനങ്ങളുടെ ശക്തമായ ഡിമാൻഡ് വ്യക്തമാണ്.

ലക്ഷ്യ വില 900 രൂപയാക്കി ഓഹരികൾ വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാളിലെ അനലിസ്റ്റുകൾ നൽകുന്ന റെക്കമെൻഡേഷൻ.

നിലവിൽ ടാറ്റ മോട്ടോർസ് ഓഹരികൾ എൻഎസ്ഇ യിൽ 1.55 ശതമാനം ഉയർന്ന് 801.35 വ്യപാരം തുടരുന്നു.