image

27 March 2024 7:20 AM GMT

Stock Market Updates

1712 കോടിയുടെ ബ്ലോക്ക് ഡീൽ; സിഡിഎസ്എൽ ഓഹരികൾ ഇടിവിൽ

MyFin Desk

1712 കോടിയുടെ ബ്ലോക്ക് ഡീൽ; സിഡിഎസ്എൽ ഓഹരികൾ ഇടിവിൽ
X

Summary

  • സിഡിഎസ്എൽ ഓഹരികൾ ആറ് ശതമാനത്തോളം ഇടിഞ്ഞു
  • സിഡിഎസ്എല്ലിലെ മുഴുവൻ 7.18 ശതമാനം ഓഹരികളും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് വിൽക്കാൻ ഒരുങ്ങന്നതായാണ് റിപ്പോർട്ട്
  • കഴിഞ്ഞ ഒരു വർഷത്തിൽ സിഡിഎസ്എൽ ഓഹരികൾ 63 ശതമാനത്തിലധികം നേട്ടം നൽകി


സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ലിമിറ്റഡിൻ്റെ (സിഡിഎസ്എൽ) ഒരു കോടി ഓഹരികൾ അല്ലെങ്കിൽ 9.6 ശതമാനം ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ കൈമാറ്റം ചെയ്തു. ഏകദേശം 1,712.9 കോടി രൂപയുടെ ഓഹരികളാണിത്. വാർത്തകളെ തുടർന്ന് സിഡിഎസ്എൽ ഓഹരികൾ ആറ് ശതമാനത്തോളം ഇടിഞ്ഞു.

വിൽപ്പനയിലെ ഇടപാടുകാരെ കമ്പനി വ്യതമാക്കിയിട്ടില്ല. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൻ്റെ കോർപ്പറേറ്റ് ബാങ്കിംഗ് വിഭാഗം കമ്പനിയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതായി സിഎൻബിസി-ടിവി 18 ഒരു ദിവസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

സിഡിഎസ്എല്ലിലെ മുഴുവൻ 7.18 ശതമാനം ഓഹരികളും ബാങ്ക് വിൽക്കാൻ ഒരുങ്ങന്നതായാണ് റിപ്പോർട്ട്. ഇടപാടിൽ നിന്ന് കുറഞ്ഞത് 151 മില്യൺ ഡോളർ സ്വരൂപിക്കാനാണ് സ്റ്റാൻഡേർഡ് ചാർട്ടേഡ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിലെ രണ്ട് പ്രധാന ഡിപ്പോസിറ്ററികളിൽ ഒന്നാണ് സിഡിഎസ്എൽ. മറ്റൊന്ന് നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) ആണ്. ഡിപ്പോസിറ്ററിയിലെ പ്രധാന മറ്റൊരു പ്രധാന ഓഹരിയുടമ സ്റ്റോക് എക്സ്ചെഞ്ചായ ബിഎസ്ഇ ഇന്ത്യയാണ്. ഏകദേശം 15 ശതമാനം ഓഹരി പങ്കാളിത്തമാണ് ബിഎസ്ഇക്ക് ഡിപ്പോസിറ്ററിയിലുള്ളത്.

ബിഎസ്ഇ, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവ കൂടാതെ, കാറ്റഗറി-1 ൽ ഉൾപ്പെടുന്ന വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് സിഡിഎസ്എല്ലിൽ 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുണ്ട്. ഇൻഷുറൻസ് കമ്പനികൾ 8 ശതമാനവും മ്യൂച്വൽ ഫണ്ടുകൾ 13 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഡിപ്പോസിറ്ററിയിലുള്ളത്.

കഴിഞ്ഞ ഒരു വർഷത്തിൽ സിഡിഎസ്എൽ ഓഹരികൾ 63 ശതമാനത്തിലധികം നേട്ടം നൽകിയിട്ടുണ്ട്. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ 6.22 ശതമാനം ഇടഞ്ഞു. നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ 4.36 ശതമാനം താഴ്ന്ന് 1,710.95 രൂപയിൽ വ്യാപാരം തുടരുന്നു.