image

11 Sept 2023 12:58 PM IST

Stock Market Updates

ബോക്‌സ് ഓഫീസിന് മാത്രമല്ല ഐപിഒ വിപണിക്കും ഇത് ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷം

Antony Shelin

intraday stocks latest news |  Indian stocks today
X

Summary

  • ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയുള്ള തീയതികളിലായി നാല് ഐപിഒ നടന്നു
  • ഇപ്പോള്‍ ഐപിഒ വിപണിയിലുള്ള ട്രെന്‍ഡ് ഇതിനു മുന്‍പ് 2021-ലാണ് ദൃശ്യമായത്


ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ഉണര്‍വേകിയ ഒരു വര്‍ഷമാണ് 2023.

കോവിഡ്-19നെ തുടര്‍ന്നു മന്ദഗതിയിലായിരുന്നു തിയേറ്റര്‍ ബിസിനസ്സ്. എന്നാല്‍ സമീപകാലത്ത് റിലീസ് ചെയ്ത സിനിമകള്‍ തിയേറ്ററിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പ്രാപ്തമായിരുന്നു.

2023-ന്റെ ആരംഭത്തില്‍ റിലീസ് ചെയ്ത ഷാരൂഖിന്റെ പത്താന്‍, ജുലൈയില്‍ റിലീസ് ചെയ്ത ഓപ്പണ്‍ഹൈമര്‍, ബാര്‍ബി, റോക്കി ഔര്‍ റാണി കീ പ്രേം കഹാനി, ഓഗസ്റ്റില്‍ റിലീസ് ചെയ്ത ജയിലര്‍, ഗദ്ദര്‍2, സെപ്റ്റംബറില്‍ റിലീസ് ചെയ്ത ജവാന്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പ്രേക്ഷകരെ തിയേറ്റുകളിലേക്ക് എത്തിച്ചു.

മലയാളത്തില്‍ രോമാഞ്ചം, ആര്‍ഡിഎക്‌സ് തുടങ്ങിയ കൊച്ചു ചിത്രങ്ങളും വന്‍നേട്ടം കൈവരിച്ച സിനിമകളാണ്.

സമാനമാണ് ഇന്ത്യന്‍ ഐപിഒ വിപണിയും.

മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2023-ല്‍ സെപ്റ്റംബര്‍ 11 വരെയായി എന്‍എസ്ഇയിലും, ബിഎസ്ഇയിലുമായി മൊത്തം 128 ഐപിഒ നടന്നു. അതില്‍ 104 എണ്ണം ലാഭത്തില്‍ ലിസ്റ്റ് ചെയ്തു. 23 എണ്ണം നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്തത്. ഒരെണ്ണം ലാഭമോ നഷ്ടമോ ഇല്ലാതെയും ലിസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയുള്ള തീയതികളിലായി നാല് ഐപിഒ നടന്നു.

ഋഷഭ് ഇന്‍സ്ട്രുമെന്റ്‌സ് ലിമിറ്റഡ് (ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ),

രത്‌നവീര്‍ പ്രിസിഷന്‍ എന്‍ജിനീയറിംഗ് ലിമിറ്റഡ് (സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ),

ജുപ്പിറ്റര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍സ് ലിമിറ്റഡ് (സെപ്റ്റംബര്‍ 6 മുതല്‍ 8 വരെ),

ഇഎംഎസ് ലിമിറ്റഡ് (സെപ്റ്റംബര്‍ 8 മുതല്‍ 12 വരെ)

തുടങ്ങിയ കമ്പനികളുടെ ഐപിഒയാണു നടന്നത്. ഇതില്‍ ഇഎംഎസ് ലിമിറ്റഡിന്റെ ഐപിഒ അവസാനിക്കുന്നത് സെപ്റ്റംബര്‍ 12-ാം തീയതിയാണ്.

ഇതിനു പുറമെ സെപ്റ്റംബര്‍ 13 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള തീയതികളില്‍ നാല് കമ്പനികളുടെ ഐപിഒ ആരംഭിക്കുന്നുണ്ട്.

യാത്ര ഓണ്‍ലൈന്‍ ലിമിറ്റഡ്, സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ് ലിമിറ്റഡ്, സാമി ഹോട്ടല്‍സ് ലിമിറ്റഡ്, ആര്‍ ആര്‍ കബേല്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഐപിഒയാണ് നടക്കുന്നത്.

2023 ഓഗസ്റ്റ് 4 വരെയുള്ള കണക്ക്പ്രകാരം 2023-ല്‍ 14 പ്രധാന ഐപിഒകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ്. അതില്‍ ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആണ് വന്‍നേട്ടം കൈവരിച്ചത്. 2023 ജുലൈ 21-ാം തീയതിയാണ് ലിസ്റ്റ് ചെയ്തത്.

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരിയുടെ ഇഷ്യു വില 25 രൂപയായിരുന്നു. 60 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. 500 കോടി രൂപയുടേതായിരുന്നു ഐപിഒ.

ജുലൈ 7-നാണ് ഐഡിയ ഫോര്‍ജ് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. 1,142 കോടി രൂപയുടേതായിരുന്നു ഐപിഒ. ഇഷ്യു വില 672 രൂപയും 93.45 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തത് 1300 രൂപയിലുമാണ്.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ മാന്‍കൈന്‍ഡ് ഫാര്‍മയുടേതായിരുന്നു. 4,325 കോടി രൂപയുടെ ഐപിഒയായിരുന്നു മാന്‍കൈന്‍ഡ് ഫാര്‍മയുടേത്. ഇഷ്യു വില 1080 രൂപ. ഏപ്രില്‍ 25 മുതല്‍ 27 വരെയായിരുന്നു ഐപിഒ.

ഐപിഒകളില്‍ ഭൂരിഭാഗവും ലിസ്റ്റിംഗ് സമയത്ത് ഇരട്ട അക്ക നേട്ടം നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. ഈയൊരു കാരണം കൊണ്ടു തന്നെ ഐപിഒകള്‍ നിരവധി നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ്.

കഴിഞ്ഞ ഏതാനും നാളുകളായി, ഓരോ ആഴ്ചകളിലും ചുരുങ്ങിയത് മൂന്ന് ഐപിഒകളെങ്കിലും നടക്കുന്നുണ്ട്.

ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോളതലത്തില്‍ മാന്ദ്യമാണെങ്കിലും അവയെ മറികടന്ന്, ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകള്‍ ഊര്‍ജ്ജസ്വലമായ ഐപിഒ വിപണി നിലനിര്‍ത്തുന്നുണ്ടെന്നാണ്.

ഐപിഒ നടപടികള്‍ വേഗത്തിലാക്കാന്‍ സെബി നടപടി സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 1 മുതല്‍ ഇത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ചതിനു ശേഷം മൂന്നാമത്തെ ദിവസം ലിസ്റ്റ് ചെയ്യണമെന്നാണു സെബിയുടെ പുതിയ നിര്‍ദേശം. ഇത് നിക്ഷേപകര്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരികെ ലഭിക്കാന്‍ സഹായിക്കും. മുമ്പ്, സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ച് ആറാമത്തെ ദിവസമാണ് ലിസ്റ്റ് ചെയ്തിരുന്നത്.

ഇപ്പോള്‍ ഐപിഒ വിപണിയിലുള്ള ട്രെന്‍ഡ് ഇതിനു മുന്‍പ് 2021-ലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ പറയുന്നു. അന്ന് വിപണിയിലെ റാലി ശക്തമായപ്പോള്‍ ഐപിഒകളും കൂടുതല്‍ നടന്നു. എന്നാല്‍ ഐപിഒ വിപണിയില്‍ കണ്ണുമടച്ച് നിക്ഷേപിക്കരുതെന്നും മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു കമ്പനിയുടെ യഥാര്‍ഥ മൂല്യവും അടിസ്ഥാന കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.