20 Sept 2023 7:54 AM IST
ഫെഡ് പലിശക്ക് മുമ്പ് ജാഗ്രത, രൂപ ദുര്‍ബലമായി തുടരുന്നു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ആഗോള വളര്‍ച്ച പരിമിതപ്പെടുമെന്ന് ഒഇസിഡി റിപ്പോര്‍ട്ട്
- ഇന്ത്യന്‍ യാത്രകളില്‍ ജാഗ്രതാ നിര്‍ദേശവുമായി കാനഡ
- ഏഷ്യന്‍ വിപണികള്‍ ഇടിവില്‍
തുടര്‍ച്ചയായ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുക്കുന്നതിലേക്ക് നീങ്ങുന്നതാണ് ഈ വാരത്തിന്‍റെ തുടക്കത്തില്‍ കണ്ടത്. ആഗോള തലത്തിലെ നെഗറ്റിവ് പ്രവണതകളും ഉയര്‍ന്ന ക്രൂഡ് വിലയും വിദേശ നിക്ഷേപങ്ങളുടെ പുറത്തേക്കൊഴുക്കും വിപണിയെ താഴോട്ടുവലിക്കുന്നു. തിങ്കളാഴ്ച ബിഎസ്‌ഇ സെൻസെക്‌സ് 242 പോയിന്റ് താഴ്ന്ന് 67,597ലും നിഫ്റ്റി 59 പോയിന്റ് താഴ്ന്ന് 20,133ലും എത്തി.
ഇന്നലെ വിനായക ചതുര്‍ത്ഥിക്കുള്ള അവധിക്ക് ശേഷം ഇന്ന് വിപണി വീണ്ടും തുറക്കുമ്പോള്‍ ഈ പ്രവണത തുടരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. നാളെ പുലര്‍ച്ചയോടെ ഫെഡ് റിസര്‍വിന്‍റെ ധനനയ പ്രഖ്യാപനം അറിയാനാകും. ഇതിനു മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയേക്കാം.
ഉയര്‍ന്ന മൂല്യ നിര്‍ണയവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യക്കും കാനഡയ്ക്കും ഇടയിലെ നയതന്ത്ര ബന്ധം വഷളായതും വിപണികളെ സ്വാധീനിക്കുന്ന നെഗറ്റിവ് ഘടകങ്ങളാണ്. ഇന്ത്യയിലേക്കുള്ള യാത്രകള്‍ അപകടകരമാണെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് കാനഡ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
2023ന്‍റെ രണ്ടാം പകുതിയിലെ ആഗോള വളര്‍ച്ച മിതമാകുമെന്ന ഒഇസിഡി (സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള ആഗോള സംഘടന) റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. കേന്ദ്രബാങ്കുകളുടെ ധനനയം കടുക്കുന്നതും ചൈനയുടെ പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള വീണ്ടെടുപ്പുമാണ് ആഗോള വളര്‍ച്ചയെ ബാധിക്കുന്നത്. 2022നെ അപേക്ഷിച്ച് താഴ്ന്ന വളര്‍ച്ചയാകും 2023ല്‍ രേഖപ്പെടുത്തുക എന്നാണ് നിഗമനം.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 20,118-ലും തുടർന്ന് 20,099-ലും 20,068-ലും സപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 20,179 പ്രധാന പ്രതിരോധം ആകാം, തുടർന്ന് 20,197, 20,228.
ആഗോള വിപണികളില്‍ ഇന്ന്
ഏഷ്യ-പസഫിക് വിപണികൾ ഇന്നും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൈനയുടെ വായ്പാ പലിശ നിരക്കുകള്‍ക്കായും യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കായും നിക്ഷേപകര്‍ കാക്കുകയാണ്. ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും പണപ്പെരുപ്പം ഉയരുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഡാറ്റ വ്യക്തമാക്കി.
ജപ്പാന്റെ നിക്കിയും ടോപിക്സും, ഓസ്‌ട്രേലിയയുടെ എസ്&പി/എഎസ്എക്സ് ,ഹോങ്കോങ്ങിന്റെ ഹാംഗ് സെങ്, ചൈനയുടെ ഷാങ്ഹായ് എന്നിവ ഇടിവിലാണ്. അതേസമയം ദക്ഷിണ കൊറിയൻ വിപണികൾ ചാഞ്ചാട്ടം പ്രകടമാക്കുന്നു. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നഷ്ടത്തിലായിരുന്നു.
ഇന്നലെ യുഎസ് വിപണികളും ഇടിവിലാണ്. ഡൗ ജോണ്‍സ് 100 പോയിന്റ് അഥവാ 0.3 ശതമാനം ഇടിഞ്ഞു, എസ്& പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് എന്നിവ 0.2 ശതമാനം വീതം ഇടിഞ്ഞു.
ഇന്ന് ഗിഫ്റ്റ് സിറ്റി 21 പോയിന്‍റ് ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ വിപണി സൂചികകളുടെയും നെഗറ്റിവ് തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
ടാറ്റ മോട്ടോഴ്‌സ്: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില 3 ശതമാനം വരെ വർധിപ്പിക്കും, ഒക്‌ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. മുൻകാല ഇൻപുട്ട് ചെലവുകളുടെ ആഘാതം നികത്തുന്നതിനാണ് വില വർധന, വാണിജ്യ വാഹനങ്ങളുടെ മുഴുവൻ ശ്രേണിയിലും ഇത് ബാധകമാകും.
എച്ച്ഡിഎഫ്‍സി ബാങ്ക്: എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ശശിധർ ജഗദീശനെ വീണ്ടും നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകാരം നൽകി. സെപ്‌റ്റംബർ 19 ന് ഓഹരി വിപണികളുമായി നടത്തിയ ആശയവിനിമയത്തില്‍ ബാങ്ക് ഇക്കാര്യം അറിയിച്ചു.
ബയോകോൺ: സെപ്തംബർ 18 മുതൽ പീറ്റർ ബെയ്ൻസിനെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിക്കുന്നതിന് ബയോഫാർമസ്യൂട്ടിക്കൽസ് കമ്പനിക്ക് ബോർഡിൽ നിന്ന് അനുമതി ലഭിച്ചു. ഇതിനായി ബയോകോൺ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടർ എന്ന നിലയിലെ തന്‍റെ സ്ഥാനം ബെയിൻസ് രാജിവെച്ചിരുന്നു.
ആർആർ കബേൽ: വയർ, കേബിൾസ് നിർമ്മാതാക്കളായ കമ്പനി ഇന്ന് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കും. ഐപിഒ അവസാനിച്ചതിന് ശേഷം T+2 ടൈംലൈനിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ഇത് മാറും. ഓഹരിയൊന്നിന് 1,035 രൂപയാണ് ഇഷ്യൂ വില നിശ്ചയിച്ചിരുന്നത്.
ബ്ലൂ സ്റ്റാർ: എയർ കണ്ടീഷണർ നിർമ്മാതാക്കളായ കമ്പനി 1,000 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള തങ്ങളുടെ ക്യുഐപി അവതരണം സെപ്റ്റംബർ 18-ന് തുടങ്ങി. ഓഹരി ഒന്നിന് 784.55 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്.
പ്രകാശ് ഇൻഡസ്ട്രീസ്: ഛത്തീസ്ഗഡിലെ, കമ്പനിയുടെ ഭാസ്കർപാര വാണിജ്യ കൽക്കരി ഖനിക്ക് പാരിസ്ഥിതിക അനുമതി (EC) അനുവദിച്ചു. അടുത്ത പാദത്തോടെ ഖനന പാട്ടക്കരാർ പൂർത്തീകരിക്കാനാണ് സാധ്യത.
ബി എൽ കശ്യപ് ആന്‍ഡ് സണ്‍സ്: സിവിൽ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 167 കോടി രൂപയുടെ പുതിയ ഓർഡർ നേടി. നിലവിൽ 3,005 കോടി രൂപയാണ് കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക്.
ക്രൂഡ് ഓയിലും സ്വര്‍ണവും
സൗദി അറേബ്യയുടെയും റഷ്യയുടെയും ഉൽപ്പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള വിതരണ ആശങ്കകൾ മൂലം എണ്ണവില ചൊവ്വാഴ്ച 1 ഡോളറിൽ കൂടുതൽ ഉയർന്നു, തുടർച്ചയായ നാലാം സെഷനിലാണ് ക്രൂഡ് വില ഉയരുന്നത്. ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.24 ഡോളർ (1.31 ശതമാനം) ഉയർന്ന് ബാരലിന് 95.67 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.92 ഡോളര്‍ (2.1 ശതമാനം) ഉയർന്ന് 93.40 ഡോളറില്‍ എത്തി.
ചൊവ്വാഴ്ച വ്യാപാര സെഷനിൽ സെപ്റ്റംബർ 5 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം സ്വര്‍ണം അല്‍പ്പം താഴേക്കിറങ്ങി. സെഷന്‍ സമാപിക്കുമ്പോഴുള്ള നില അനുസരിച്ച്, സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,934.10 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 1,956.80 ഡോളറിലെത്തി.
വിദേശനിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) തിങ്കളാഴ്ച 1,236.51 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 552.55 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) തിങ്കളാഴ്ച ഇക്വിറ്റികളില്‍ 300.84 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. അതേസമയം ഡെറ്റ് വിപണിയില്‍ 543.95 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് എഫ്‍പിഐകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
വിപണി തുറക്കും മുമ്പുള്ള മൈഫിന്‍ ടിവിയുടെ അവലോകന പരിപാടി കാണാം
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
പഠിക്കാം & സമ്പാദിക്കാം
Home
