image

5 Feb 2024 9:54 AM GMT

Stock Market Updates

നാവിക കപ്പലുകൾ നിർമിക്കാനുള്ള കരാർ നേടി കൊച്ചിൻ ഷിപ്പ്‌യാർഡ്

MyFin Desk

cochin shipyard wins contract to build naval vessels
X

Summary

  • 150 കോടി രൂപയുടെ കരാറാണ് കമ്പനി ഏറ്റെടുത്തത്
  • ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 121 ശതമാനം ഉയർന്ന് 244.4 കോടി രൂപയായി
  • ഓഹരിയൊന്നിന് 3.50 രൂപയുടെ ഇടക്കാല ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്


രണ്ട് നാവിക കപ്പലുകളുടെ മീഡിയം റീഫിറ്റ് വർക്കുകൾ ഏറ്റെടുക്കുന്നതിന് ഇന്ത്യൻ നാവികസേനയുമായി കൊച്ചിൻ ഷിപ്പ്‌യാർഡ് കരാറിൽ ഏർപ്പെട്ടു. വാർത്തകളെ തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ തുടക്കവ്യപാരത്തിൽ നേട്ടമുണ്ടാക്കി.

ഡ്രൈ-ഡോക്കിംഗ്, റിഫിറ്റ്, കപ്പലുകളിലെ ഉപകരണങ്ങൾ നവീകരിക്കൽ എന്നിവയ്ക്കായുള്ള 150 കോടി രൂപയുടെ കരാറാണ് കമ്പനി ഏറ്റെടുത്തത്.

കൊച്ചിൻ ഷിപ്പ്‌യാർഡിലെ പുതിയ ഡ്രൈ ഡോക്ക്, അന്തർദേശിയ ഷിപ്പ് റിപ്പയർമെൻറ്, പുതുവൈപ്പിനിലെ എൽപിജി ടെർമിനൽ എന്നി പദ്ധതികള്ക്കായി അടുത്ത മൂന്നു വർഷം 3000 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കും. 2024-25 വർഷത്തിൽ 500 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്.

2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 121 ശതമാനം ഉയർന്ന് 244.4 കോടി രൂപയായി റിപ്പോർട്ട് ചെയ്തിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 64 ശതമാനം ഉയർന്ന് 1,056.4 കോടി രൂപയിലെത്തി. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 3.50 രൂപയുടെ ഇടക്കാല ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് .റെക്കോർഡ് തീയതിയായി ഫെബ്രുവരി 12 ബോർഡ് നിശ്ചയിച്ചിരുന്നു.

ജനുവരി 10 ന്, പത്തു രൂപ മുഖവിലയുള്ള ഒരു ഓഹരിയെ അഞ്ചു രൂപ മുഖവിലയുള്ള രണ്ടു ഓഹരികളാക്കി വിഭജിച്ചിരുന്നു.

ജനുവരിയിൽ 1,799 കോടി രൂപ ചെലവിൽ കമ്പനി കൊച്ചിയിൽ പുതിയ ഡ്രൈ ഡോക്കും അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപണിക്കുള്ള സൗകര്യവും (ഐഎസ്ആർഎഫ്) ആരംഭിച്ചിട്ടുണ്ട്.

ജനുവരി 31 ന്, ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിൻ്റെ (SOV) രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി ഒരു യൂറോപ്യൻ ക്ലയൻ്റിൽനിന്ന് കമ്പനി ഓർഡർ നേടിയിട്ടുണ്ട്. ഓർഡറിനായുള്ള മൊത്തം പദ്ധതിച്ചെലവ് 500 കോടി രൂപയാണ്, കപ്പൽ 2026-ൽ പൂർത്തിയാക്കി നൽകണം.

നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ എൻഎസ്ഇ യിൽ 1.52 ശതമാനം ഉയർന്ന് 919 രൂപയിൽ വ്യാപാരം തുടരുന്നു.