13 Sept 2023 7:52 AM IST
ക്രൂഡ് 10 മാസത്തെ ഉയര്‍ച്ചയില്‍, മൂല്യനിര്‍ണയം ആശങ്ക; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- വിലക്കയറ്റം 6.83 ശതമാനത്തിലേക്ക് താഴ്ന്നു
- വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച മെച്ചപ്പെട്ടു
- സ്വര്‍ണം ഇടിവില്‍
ഇന്നലെ നിഫ്റ്റി 20110 എന്ന സര്‍വകാല ഉയരം കുറിച്ചു എങ്കിലും പിന്നീട് നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങിയതോടെ താഴോട്ട് നീങ്ങി. ഏഴു സെഷനുകള്‍ക്കു ശേഷം ആദ്യമായി നിഫ്റ്റി ചുവപ്പില്‍ വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും സെന്‍സെക്സ് എട്ടാം ദിനത്തിലും നേട്ടം തുടര്‍ന്നു. ബിഎസ്‌ഇ സെൻസെക്‌സ് 94 പോയിന്റ് ഉയർന്ന് 67,221 ലും നിഫ്റ്റി 3 പോയിന്റ് ഇടിഞ്ഞ് 19,993 എന്ന നിലയിലുമാണ്.
ഇന്നലെ വ്യാപാര മണിക്കൂറുകള്‍ക്കു ശേഷം പുറത്തുവന്ന വിലക്കയറ്റത്തിന്‍റെയും വ്യാവസായിക ഉല്‍പ്പാദനത്തിന്‍റെയും കണക്ക് ആശ്വാസം നല്‍കുന്നതാണ്. ജൂലൈയിലെ കണക്കില്‍ കുതിച്ചുയര്‍ന്ന വിലക്കയറ്റം ഓഗസ്റ്റില്‍ 6.83 ശതമാനത്തിലേക്ക് എത്തി. റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പ നിരക്ക് എങ്കിലും, സെപ്റ്റംബറിലെ കണക്കില്‍ ഇത് ഇനിയും താഴോട്ടു വരുമെന്നാണ് ആര്‍ബിഐ വിശദീകരിക്കുന്നത്. പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യത വിരളമാണ്.
ജൂലൈയിലെ വ്യാവസായികോല്‍പ്പാദനം സംബന്ധിച്ച കണക്കും ആശ്വാസം നല്‍കുന്നതാണ്. ജൂണില്‍ മൂന്നു മാസങ്ങള്‍ക്കിടയിലെ ഏറ്റവും താണ നിലയായ 3.7 ലേക്ക് എത്തിയ സൂചിക ജൂലൈയില്‍ 5.7 ലേക്ക് ഉയര്‍ന്നു.
ഈ മാസം തുടക്കം മുതലുള്ള റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങുന്നതിനുള്ള സാധ്യത വിപണി വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു. ഉയര്‍ന്ന മൂല്യ നിര്‍ണയവും വെല്ലുവിളിയാണ്. ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നതും ഒറാക്കിള്‍ പോലുള്ള കമ്പനികള്‍ ക്ലൌഡ് മേഖലയിലെ തങ്ങളുടെ വരുമാന സാധ്യതകള്‍ സംബന്ധിച്ച നിഗമനം വെട്ടിക്കുറച്ചതും ഇന്ന് ആഗോള വിപണികളില്‍ പ്രതിഫലിച്ചേക്കും. ഐ-ഫോണ്‍ 15 ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത ഉയരാത്തത് ആപ്പിള്‍ ഓഹരികളുടെ വില മൂന്നു ഡോളറോളം കുറഞ്ഞാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇത് ടെക് ഓഹരികളുടെ സെന്റിമെന്‍റിനെ ബാധിച്ചിട്ടുണ്ട്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,931-ലും തുടർന്ന് 19,885-ലും 19,810-ലും സപ്പോര്‍ട്ട് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 20,081 പ്രധാന റെസിസ്റ്റന്‍സായി മാറും, തുടർന്ന് 20,127 ഉം 20,202 ഉം.
ആഗോള വിപണികളില്‍
ഏഷ്യ പസഫിക് മേഖലയിലെ വിപണികള്‍ സമ്മിശ്ര തലത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ടോക്കിയോയിലെ നിക്കെയ്, ദക്ഷിണ കൊറിയയുടെ കൊസ്‍ഡാഖ് എന്നിവ ഇടിവിലാണ്. അതേസമയം ഷാങ്ഹായ്, ഹോംഗ്കോംഗ്, തായ്വാന്‍ വിപണികള്‍ നേട്ടത്തിലാണ്.
യുഎസ് വിപണികള്‍ നഷ്ടത്തിലാണ് ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. എസ് & പി 0.57 ശതമാനവും നാസ്ഡാക്ക് 1.04 ശതമാനവും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.05 ശതമാനവും ഇടിഞ്ഞു. യൂറോപ്യന്‍ വിപണികളില്‍ ഏറെയും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ഗിഫ്റ്റ് സിറ്റിയില്‍ ഇന്ന് 62 പോയിന്‍റ് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെ പോസിറ്റിവ് തുടക്കമാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
വിപ്രോ: വിപ്രോ 4സി എൻവി-യിലുള്ള തങ്ങളുടെ 100 ശതമാനം ഓഹരി പങ്കാളിത്തവും വിപ്രോ ഹോൾഡിംഗ്‌സ് (യുകെ) കൈമാറി. വിപ്രോ ഐടി സർവീസസ് യുകെ സൊസൈറ്റാസാണ് ഓഹരികള്‍ ഏറ്റെടുത്തത്. ഗ്രൂപ്പ് ഘടന യുക്തിസഹവും ലളിതവും ആക്കുന്നതിനാണ് ഈ നടപടി.
വക്രംഗി: വോർടെക്‌സ് എഞ്ചിനീയറിംഗിൽ 8.8 ശതമാനം ഇക്വിറ്റി ഓഹരി സ്വന്തമാക്കാൻ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനുമായി ഈ ടെക്‌നോളജി കമ്പനി ബൈൻഡിംഗ് ടേം ഷീറ്റിൽ ഒപ്പുവെച്ചു.. ഈ ഏറ്റെടുക്കലിലൂടെ, ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളുടെ (എടിഎം) മുൻനിര ദാതാക്കളിൽ ഒന്നായ വോർടെക്‌സിൽ വക്രംഗിക്ക് 57.3 ശതമാനം ഓഹരിയുണ്ടാകും.
എന്‍ടിപിസി: തെലങ്കാന സൂപ്പർ തെർമൽ പവർ പ്രോജക്ടിന്റെ ഭാഗമായി 800 മെഗാവാട്ട് ശേഷിയുള്ള യൂണിറ്റ്-1 ന്റെ പരീക്ഷണ പ്രവർത്തനം പൂർത്തിയാക്കി. ഇതോടെ എൻടിപിസിയുടെയും എൻടിപിസി ഗ്രൂപ്പിന്റെയും സ്ഥാപിതശേഷി യഥാക്രമം 57,838 മെഗാവാട്ടും 73,824 മെഗാവാട്ടുമായി.
വാരീ റിന്യൂവബിൾ ടെക്നോളജീസ്: എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) സേവനങ്ങൾക്കായി കമ്പനിക്ക് ഒരു കരാര്‍ ലഭിച്ചു. 52.6 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പദ്ധതി സ്ഥാപിക്കുന്നതിനാണ് കരാര്‍.
കെഇസി ഇന്റർനാഷണൽ: ഇന്ത്യയിലും അമേരിക്കയിലും ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ പ്രോജക്ടുകൾക്കുള്ള ഓർഡറുകളും ഇന്ത്യയിലെ ഡാറ്റാ സെന്റർ, എഫ്എംസിജി വിഭാഗങ്ങളിലെ പുതിയ ക്ലയന്റുകളിൽ നിന്നുള്ള ഓർഡറുകളും ഉൾപ്പെടെ 1,012 കോടി രൂപയുടെ പുതിയ ഓർഡറുകൾ ആർപിജി ഗ്രൂപ്പ് കമ്പനി സ്വന്തമാക്കി.
ക്രൂഡ് ഓയിലും സ്വര്‍ണവും
വിതരണം പരിമിതപ്പെടുന്നതും ചൈനയിലെ ആവശ്യകത സംബന്ധിച്ച ഒപെക് രാഷ്ട്രങ്ങളുടെ ശുഭാപ്തിവിശ്വാസവും കാരണം ചൊവ്വാഴ്ച എണ്ണവില ഏകദേശം 2% ഉയർന്ന് 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 1.64 ഡോളർ അഥവാ 1.8 ശതമാനം ഉയർന്ന് 92.28 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ലിയുടിഐ) ക്രൂഡ് 1.91 ഡോളർ അഥവാ 2.2 ശതമാനം ഉയർന്ന് 89.20 ഡോളറിലെത്തി.
ഡോളർ വീണ്ടെടുത്തതിനാൽ ചൊവ്വാഴ്ച സ്വർണം രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി, സ്‌പോട്ട് ഗോൾഡ് 0.6 ശതമാനം കുറഞ്ഞ് ഔൺസിന് 1,909.50 ഡോളറിലെത്തി, ഓഗസ്റ്റ് 25 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണ്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.8 ശതമാനം ഇടിഞ്ഞ് 1,932.60 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 1,047.19 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 259.48 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 1466.70 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇന്നലെ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 647.09 കോടി രൂപയുടെ അറ്റ വില്‍പ്പനയും എഫ്‍പിഐകള്‍ നടത്തി.
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല
പഠിക്കാം & സമ്പാദിക്കാം
Home
