image

28 Dec 2023 7:56 AM IST

Stock Market Updates

ക്രൂഡ് താഴോട്ടിറങ്ങി, നേട്ടം തുടര്‍ന്ന് യുഎസ് വിപണികള്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market|Trade
X

Summary

  • ഗിഫ്റ്റ് നിഫ്റ്റിയിലെ തുടക്കം മികച്ച നേട്ടത്തോടെ


കണ്‍സോളിഡേഷന് പുറത്തേക്ക് കടന്ന് വിപണികള്‍ വീണ്ടും ബുള്‍ റാലിയിലേക്ക് കുതിക്കുന്നതാണ് ഇന്നലെ ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ പ്രകടമായത്. ബിഎസ്ഇ സെൻസെക്‌സ് 702 പോയിന്റ് ഉയർന്ന് 72,038 ലും നിഫ്റ്റി 50 214 പോയിന്റ് ഉയർന്ന് 21,655ലും എത്തി പുതിയ റെക്കൊഡ് ക്ലോസിംഗുകള്‍ കുറിച്ചു. സെന്‍സെക്സ് ആദ്യമായി 72 ,000 മറികടന്നതും ക്ലോസിംഗില്‍ അത് നിലനിര്‍ത്താനായതും ശുഭ സൂചനയാണ്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,722ലും തുടർന്ന് 21789, 21969 ലെവലുകളിലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ന്ന ഭാഗത്ത് 21,542 ലും തുടർന്ന് 21429, 21249 ലെവലുകളിലും പിന്തുണ എടുക്കാം.

ആഗോള വിപണികളില്‍ ഇന്ന്

യുഎസ് വിപണികള്‍ നേരിയ നേട്ടത്തിലാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 111.19 പോയിന്റ് അഥവാ 0.3 ശതമാനം ഉയർന്ന് 37,656.52 ലും എസ് & പി 500 6.83 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 4,781.58 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 24.60 പോയിൻറ് അഥവാ 0.16 ശതമാനം ഉയർന്ന് 15,099.18ൽ അവസാനിച്ചു.

ഏഷ്യ പസഫിക് വിപണികൾ ഇന്ന് സമ്മിശ്ര തലത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ജപ്പാനിലെ നിക്കി, ടോപിക്സ് സൂചികകള്‍ ഇടിവിലായിരുന്നു. ദക്ഷിണ കൊറിയയുടെ കോസ്പി നേട്ടമുണ്ടാക്കിയപ്പോൾ കോസ്ഡാക്ക് കുറഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ്, ചൈനയുടെ ഷാങ്ഹായ്, ഓസ്ട്രേലിയയുടെ എഎസ്എക് എന്നി നേട്ടത്തിലാണ്.

ഗിഫ്റ്റ് നിഫ്റ്റി 81 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ പോസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ആസാദ് എന്‍ജിനീയറിംഗ്: എയ്‌റോസ്‌പേസ് കംപൊണന്‍റുകളും ടര്‍ബൈനുകളും നിര്‍മിക്കുന്ന കമ്പനി ഡിസംബർ 28-ന് അതിന്റെ ഇക്വിറ്റി ഷെയറുകൾ ഓഹരികളിൽ ലിസ്റ്റ് ചെയ്യും. അവസാന ഇഷ്യൂ വില ഓഹരിയൊന്നിന് 524 രൂപയായി നിശ്ചയിച്ചു.

റിലയന്‍സ് ക്യാപിറ്റല്‍: ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ് ലിമിറ്റഡ്, ഐഐഎച്ച്എല്‍ ബിഎഫ്എസ്ഐ (ഇന്ത്യ) ലിമിറ്റഡ്, ആസിയ എന്‍റര്‍പ്രൈസസ് എല്‍എല്‍പി എന്നിവ റിലയൻസ് ക്യാപിറ്റലിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി. പാപ്പരത്ത നിയമ പ്രകാരമുള്ള പരിഹാര നടപടികളിലാണ് റിലയൻസ് ക്യാപിറ്റൽ.

കോറോമാണ്ടൽ ഇന്റർനാഷണൽ: ഡിസംബർ 26 ന് രാത്രി വൈകി ചെന്നൈക്ക് സമീപം എന്നൂരിലെ കൊറോമാണ്ടൽ ഇന്റർനാഷണൽ പ്ലാന്റിൽ അമോണിയ ചോർന്നതിനെ തുടർന്ന് അതിന്റെ പ്രവർത്തനം തമിഴ്‌നാട് സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. പൈപ്പ് ലൈനിൽ നിന്ന് കൂടുതൽ ചോർച്ചയില്ലെന്ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. അമോണിയ കൈമാറ്റം പുനരാരംഭിക്കുന്നതിന് മുമ്പ് നാശനഷ്ടങ്ങൾ കണ്ടെത്തി പരിഹരിക്കാൻ സർക്കാർ കമ്പനിക്ക് നിർദ്ദേശം നൽകി.

ടാറ്റ പവർ കമ്പനി: പ്രോജക്ട് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ ബിക്കാനീർ III നീമ്രാന II ട്രാൻസ്മിഷനിലെ 100 ​​ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പ് കമ്പനി ഏറ്റെടുത്തു. 18.6 കോടി രൂപയാണ് ഏറ്റെടുക്കലിന്‍റെ ചെലവ്. രാജസ്ഥാനിലെ ബിക്കാനീറിനും നീമ്രാനയ്ക്കും ഇടയിൽ വൈദ്യുത വിതരണ പദ്ധതി നടപ്പാക്കുന്നതിന് 2023 ജൂണിൽ രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളാണിത്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: ഡിസംബർ 27 മുതൽ കോർപ്പറേഷന്റെ ചീഫ് റിസ്ക് ഓഫീസറായി എസ് സുന്ദര്‍ കൃഷ്ണനെ നിയമിച്ചു. എൽഐസിയുടെ ചീഫ് റിസ്ക് ഓഫീസറായിരുന്ന പ്രതാപ് ചന്ദ്ര പൈക്രയ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണിത്.

കാനറ ബാങ്ക്: കാനറ ബാങ്ക് തങ്ങളുടെ മ്യൂച്വൽ ഫണ്ട് ഉപകമ്പനിയെ ലിസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് അറിയിച്ചു.ഐപിഒ നടത്തുന്നതിന് നിശ്ചിച്ചിട്ടുള്ള സമയപരിധി വ്യക്തമാക്കിയിട്ടില്ല

ക്രൂഡ് ഓയിലും സ്വര്‍ണവും

കഴിഞ്ഞ ദിവസത്തെ ശക്തമായ നേട്ടത്തിന് ശേഷം ബുധനാഴ്ച എണ്ണ വില നേരിയ തോതില്‍ താഴോട്ടിറങ്ങി മിഡില്‍ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെങ്കിലും, ചില പ്രധാന ഷിപ്പർമാർ ചെങ്കടലിലെ വ്യാപാര പാതയിലൂടെ കടന്നുപോകുന്നത് പുനരാരംഭിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ കപ്പലുകള്‍ക്ക് നേരേ ഉണ്ടായിട്ടില്ല.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 55 സെൻറ് അഥവാ 0.68 ശതമാനം കുറഞ്ഞ് ബാരലിന് 80.52 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 74 സെൻറ് അഥവാ 0.98 ശതമാനം കുറഞ്ഞ് ബാരലിന് 74.83 ഡോളറിലെത്തി.

സ്വര്‍ണവില ഇന്നലെ കാര്യമായ മാറ്റങ്ങളില്ലാതെ തുടര്‍ന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,067.14 ഡോളറായിരുന്നു, യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.5 ശതമാനം ഉയർന്ന് ഔൺസിന് 2,079.20 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

ഇന്നലെ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) 2,926.05 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി, കഴിഞ്ഞ ഏഴ് സെഷനുകളില്‍ ആദ്യമായി അറ്റവാങ്ങലുകാരായി മാറി. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ആറ് ദിവസത്തെ സ്ഥിരമായ വാങ്ങലുകൾക്ക് ശേഷം 192.01 കോടി രൂപയുടെ അറ്റ ​​വിൽപ്പന നടത്തിയെന്നും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക ഡാറ്റ കാണിക്കുന്നു.

ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം