image

6 Oct 2023 7:51 AM IST

Stock Market Updates

ക്രൂഡ് വില പിന്നെയും താഴോട്ട്, ആര്‍ബിഐ ധനനയം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

MyFin Desk

pre-market analysis in malayalam |  stock market analysis
X

Summary

  • ക്രൂഡ് ഓയില്‍ വില ബാരലിന് 83 ഡോളറിലേക്ക് താഴ്ന്നു
  • കേന്ദ്രബാങ്കിന്‍റെ വിലക്കയറ്റ വീക്ഷണത്തെ നിക്ഷേപകര്‍ ഉറ്റുനോക്കുന്നു
  • പ്രധാന തൊഴില്‍ ഡാറ്റ കാത്ത് യുഎസ് ഓഹരി വിപണികള്‍


സെപ്‍റ്റംബറിലെ പിഎംഐ ഡാറ്റയിൽ നിന്നുള്ള പോസിറ്റീവ് സിഗ്നലുകൾ, ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് എന്നിവ നിക്ഷേപക വികാരത്തെ ശക്തിപ്പെടുത്തിയതോടെ ഇന്നലെ ആഭ്യന്തര ഓഹരിവിപണി സൂചികകള്‍ തിരിച്ചുകയറി. ബിഎസ്‌ഇ സെൻസെക്‌സ് 406 പോയിന്റ് ഉയർന്ന് 65,632ലും നിഫ്റ്റി 110 പോയിന്റ് ഉയർന്ന് 19,546ലും എത്തി, മേഖലകളുടെ കാര്യത്തിൽ, ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ടെക്നോളജി എന്നിവ മികച്ച നേട്ടം കൈവരിച്ചു.

ഇന്ന് വ്യാപാര സെഷന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ റിസര്‍വ് ബാങ്ക് ധനനയ സമിതിയുടെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും വിലക്കയറ്റവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും സംബന്ധിച്ച കേന്ദ്രബാങ്കിന്‍റെ വീക്ഷണങ്ങള്‍ നിക്ഷേപകരുടെ വികാരത്തെ സ്വാധീനിക്കും.

യുഎസില്‍ പ്രധാന തൊഴില്‍ ഡാറ്റ വെള്ളിയാഴ്ച വരാനിരിക്കെ വിപണികള്‍ വ്യാഴാഴ്ച ഇടിവിലേക്ക് നീങ്ങി. 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ നേട്ടം 20 വര്‍ഷത്തെ ഉയര്‍ച്ചയിലേക്ക് നീങ്ങുന്നത് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരില്‍ കടുത്ത ആശങ്ക വളര്‍ത്തിയിട്ടുണ്ട്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വായ്പയെടുപ്പ് കൂടുതല്‍ ദുഷ്കരമായേക്കുമെന്നും മാര്‍ച്ചില്‍ ആഭ്യന്തര ബാങ്കുകളുടെ തകര്‍ച്ച നേരിട്ടതിനു സമാനമായ സാമ്പത്തിക പ്രതിസന്ധി യുഎസ് വീണ്ടും അഭിമുഖീകരിച്ചേക്കുമെന്നും ഇവര്‍ ഭയക്കുന്നു.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റിക്ക് 19,502-ലും തുടർന്ന് 19,481-ലും 19,447-ലും സപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. മുന്നേറ്റം ഉണ്ടാവുകയാണെങ്കില്‍, 19,571 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,592ഉം 19,626ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യന്‍ വിപണികള്‍ പൊതുവേ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയയുടെ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ്. ചൈനീസ് വിപണി ഇന്ന് അവധിയിലാണ്. യൂറോപ്യന്‍ വിപണികളില്‍ പൊതുവേ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

പ്രധാന തൊഴില്‍ ഡാറ്റയിലേക്ക് നിക്ഷേപകർ നോക്കിയതിനാൽ വ്യാഴാഴ്ച യുഎസ് വിപണികള്‍ താഴ്ന്നു. ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ് ഈ ഡാറ്റ. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.03 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. എസ് & പി 500 0.13 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 0.12 ശതമാനവും ഇടിവ് പ്രകടമാക്കി.

ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 16 പോയിന്‍റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും പോസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

വാലിയന്റ് ലബോറട്ടറീസ്: ഈ ഫാർമ കമ്പനി ഇന്ന് വിപണിയിൽ അരങ്ങേറ്റം കുറിക്കും. ഇഷ്യൂ വില ഒരു ഓഹരിക്ക് 140 രൂപയാണ്. ഒക്ടോബർ 4 ആണ് അലോട്ട്മെന്റ് തീയതി.

ടാറ്റ മോട്ടോഴ്‌സ്: ജൂലൈ -സെപ്റ്റംബര്‍ പാദത്തിലെ മൊത്തവ്യാപാര അളവ് 96,817 കാറുകളാണ് (ചെറി ജാഗ്വാർ ലാൻഡ് റോവർ ചൈന ജെവി ഒഴികെ). ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തേക്കാൾ 29 ശതമാനം വർധനയാണ്. ഏപ്രിൽ-ജൂൺ കാലയളവിനെ അപേക്ഷിച്ച് 4 ശതമാനം ഉയർന്നു. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിലെ മൊത്തവ്യാപാരം 190,070 യൂണിറ്റ് ആണ്. മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വർധന.

സൺ ഫാർമ: നോൺ-ഇൻവേസിവ് ഡയഗ്നോസ്റ്റിക്, അനുബന്ധ മെഡിക്കൽ ഉപകരണങ്ങളുടെ ഉല്‍പ്പാദനം, വിപണനം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എസെർക്‌സ് ഹെൽത്ത് ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ 37.76 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ സണ്‍ ഫാര്‍മ തീരുമാനിച്ചു. ഏറ്റെടുക്കലിന് ഏകദേശം 29 കോടി രൂപ ചെലവ് വരും.

കെപിഐ ഗ്രീൻ: സോളാർ പവർ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനായി കമ്പനിക്ക് 12.10 മെഗാവാട്ടിന്‍റെ പുതിയ ഓർഡറുകൾ ലഭിച്ചു. ഓർഡറിന്റെ പണ മൂല്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഭെൽ: ജയപ്രകാശ് പവർ വെഞ്ച്വേഴ്‌സ് ലിമിറ്റഡിനെതിരായ രണ്ട് വ്യത്യസ്ത ആര്‍ബിട്രേഷന്‍ കേസുകളില്‍ അനുകൂല വിധി ലഭിച്ചതായി ഭാരത് ഹെവി ഇലക്ട്രിക്കൽസ് അറിയിച്ചു.

ലുപിൻ: 15 മില്ലിഗ്രാം, 30 മില്ലിഗ്രാം, 45 മില്ലിഗ്രാം, 60 മില്ലിഗ്രാം, 90 മില്ലിഗ്രാം എന്നീ അളവുകളിലുള്ള ടോൾവാപ്‌ടാൻ ടാബ്‌ലെറ്റുകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ് എഫ്ഡിഎ) താൽക്കാലിക അംഗീകാരം ലഭിച്ചു. ടോൾവാപ്റ്റൻ ടാബ്‌ലെറ്റ്‌സിന് മൊത്തമായി യുഎസിൽ 287 മില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയാണ് കണക്കാക്കുന്നത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസ് രാഷ്ട്രങ്ങളുടെ തീരുമാനത്തിന്‍റെ സ്വാധീനത്തെ ഡിമാൻഡ് സാഹചര്യത്തെ കുറിച്ചുള്ള ആശങ്ക മറികടന്നതിനാൽ വ്യാഴാഴ്ച എണ്ണ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 68 സെൻറ് അഥവാ 0.8 ശതമാനം ഇടിഞ്ഞ് 85.19 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 67 സെൻറ് അഥവാ 0.8% കുറഞ്ഞ് 83.55 ഡോളറായി. ഇന്ന് രാവിലെ ഏഷ്യന്‍ വിപണികളിലെ വ്യാപാരത്തില്‍ ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 83 ഡോളറിലേക്ക് വരെ താഴ്ന്നു.

വ്യാഴാഴ്ച തുടർച്ചയായ ഒമ്പതാം സെഷനിലും സ്വർണ വില താഴ്ന്നു. തൊഴില്‍ ഡാറ്റയ്ക്ക് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രതയിലാണ്. സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 1,818.39 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,830.40 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ ഓഹരികളില്‍ 1,864.20 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 521.41 കോടി രൂപയുടെ അറ്റ വാങ്ങല്‍ ഓഹരികളില്‍ എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്നലെ ഇക്വിറ്റികളില്‍ 3956.74 കോടി രൂപയുടെയും ഡെറ്റുകളില്‍ 452.87 കോടി രൂപയുടെയും അറ്റ വില്‍പ്പന നടത്തി.

മുന്‍ദിവസങ്ങളിലെ അവലോകനം ഇവിടെ വായിക്കാം

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം