image

27 Sept 2023 7:51 AM IST

Stock Market Updates

ക്രൂഡ് വീണ്ടും ഉയരത്തിലേക്ക്, പലിശ ആശങ്കയും കനത്തു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

trade morning |ഓഹരി വിപണി ഇന്ന് |  ബിസിനസ് വാർത്തകൾ
X

Summary

  • ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തില്‍ തുടങ്ങി
  • വിപണിയിലെ കടമെടുക്കല്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രാലയം
  • യുഎസിന്‍റെ ക്രെഡിറ്റ് റേറ്റിംഗില്‍ ആശങ്ക കനക്കുന്നു


ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ക്ക് ഇന്നലെയും കയറ്റിറക്കങ്ങളുടെ ദിവസമായിരുന്നു. പക്ഷേ, തിങ്കളാഴ്ചയില്‍ നിന്നു വ്യത്യസ്തമായി ഇന്നലെ വിപണികള്‍ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 78 പോയിന്റ് താഴ്ന്ന് 65,945ലും നിഫ്റ്റി 50 10 പോയിന്റ് താഴ്ന്ന് 19,665ലും എത്തി.

ആഗോള തലത്തിലും വിപണികള്‍ ഇന്നലെ പൊതുവില്‍ നെഗറ്റിവ് പ്രവണതയാണ് പ്രകടമാക്കിയിട്ടുള്ളത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകളെ സംബന്ധിച്ച ആശങ്ക വീണ്ടും നിക്ഷേപകര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. വിലക്കയറ്റം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്ന ഡാറ്റകള്‍ യുഎസില്‍ ഈയാഴ്ച പുറത്തുവരുന്നുണ്ട്. ഉപഭോക്തൃ ആത്മവിശ്വാസം സെപ്റ്റംബറില്‍ താഴേക്കുപോയതായി ചൊവ്വാഴ്ച പുറത്തിറങ്ങിയ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിലക്കയറ്റം സംബന്ധിച്ച ആശങ്ക തന്നെയാണ് ഇതിന് പ്രധാന കാരണം.

ചെലവിടല്‍ സംബന്ധിച്ച് യുഎസ് ഭരണകൂടത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളും തുടരുകയാണ്. ഇത് യുഎസിന്‍റെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കുമെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നും യുഎസ് നിക്ഷേപകരില്‍ ആശങ്ക ഉയര്‍ന്നു.

ഇന്ത്യന്‍ സാഹചര്യം

ക്രൂഡ് വില വീണ്ടും ഉയരത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ചെലവിടല്‍ ശേഷിയെ ബാധിക്കുന്നതാണ് ഇത്. രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തിനിടയിലെ താഴ്ചയിലാണെന്ന ആര്‍ബിഐ ഡാറ്റയും നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നത് റിയല്‍ എസ്‍റ്റേറ്റ് പോലുള്ള ചില മേഖലകളിലെ നിക്ഷേപങ്ങളെ ബാധിക്കുമെന്ന നിരീക്ഷണവും പുറത്തുവന്നിട്ടുണ്ട്.

2023-24 രണ്ടാം പകുതിയിൽ സർക്കാർ സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ കേന്ദ്രം 6.55 ലക്ഷം കോടി രൂപ കടമെടുക്കുമെന്നും 20,000 കോടി രൂപയുടെ ഗ്രീൻ ബോണ്ടുകൾ ഇതില്‍ ഉള്‍പ്പെടുമെന്നും ധനമന്ത്രാലയം അറിയിച്ചു.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി ൽ താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 19,643-ലും തുടർന്ന് 19,629-ലും 19,605-ലും സപ്പോര്‍ട്ട് ലഭിച്ചേക്കും. മെച്ചപ്പെടുകയാണെങ്കില്‍ 19,691 പ്രധാന റെസിസ്റ്റന്‍സായി മാറാം, തുടർന്ന് 19,705 ഉം 19,729 ഉം.

ആഗോള വിപണികളില്‍ ഇന്ന്

ചൈനയുടെ വ്യാവസായിക ഡാറ്റയും ഓസ്‌ട്രേലിയയിലെ ഓഗസ്റ്റ് മാസത്തെ പണപ്പെരുപ്പ കണക്കുകളും ഇന്ന് വരാനിരിക്കെ ഏഷ്യ-പസഫിക് വിപണികൾ സമ്മിശ്രമായ തലത്തിലാണ്. ഓസ്‌ട്രേലിയൻ എസ്&പി/എഎസ്എക്സ് 200 , ജപ്പാനിലെ നിക്കൈയും ടോപ്പിക്സും, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ ഇടിവിലാണ്. എന്നാൽ ദക്ഷിണ കൊറിയയുടെ കോസ്‌ഡാക്ക്, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ്, ചൈനയുടെ ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ്.

ചൊവ്വാഴ്ച പതിവു വ്യാപാരത്തില്‍ യുഎസ് വിപണികളില്‍ ഇടിവിലാണ് അവസാനിച്ചത്. യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ചൊവ്വാഴ്ച രാത്രി ഫ്ലാറ്റ്ലൈനിന് സമീപം വ്യാപാരം നടത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ 34 പോയിന്റ് അഥവാ 0.1 ശതമാനം ഉയർന്നു. എസ് ആന്റ് പി 500 ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്നപ്പോൾ നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.1 ശതമാനം കൂടി. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നഷ്ടത്തിലായിരുന്നു.

ഇന്ന് 7 പോയിന്‍റിന്‍റെ നഷ്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം തുടങ്ങിയത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെ ചുവപ്പിലുള്ള തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

സിഗ്‌നേച്ചർ ഗ്ലോബൽ ഇന്ത്യ: ഡൽഹി തലസ്ഥാന മേഖല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ അഫോഡബിള്‍ ഹൗസിംഗ് കമ്പനി ബിഎസ്‌ഇയിലും എൻഎസ്‌ഇയിലും ഇന്ന് അരങ്ങേറ്റം കുറിക്കും. ഇഷ്യൂ വില ഒരു ഷെയറിന് 385 രൂപയായി നിശ്ചയിച്ചു.

ഇൻഫോസിസ്: വ്യാവസായിക മേഖലകളെ ലക്ഷ്യംവെച്ചുള്ള സൊലൂഷനുകള്‍ വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റുമായുള്ള സഹകരണം ഇന്‍ഫോസിസ് പ്രഖ്യാപിച്ചു. ഇരു കമ്പനികളുടെയും എഐ അധിഷ്ഠിത ഉദ്യമങ്ങളെ കൂട്ടിയിണക്കുന്നതായിരിക്കും ഈ സഹകരണം.

സായി സിൽക്‌സ് കലാമന്ദിർ: ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്രോല്‍പ്പന്ന റീട്ടെയ്‌ലർ ഇന്ന് വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടും. അവസാന ഇഷ്യു വില ഒരു ഷെയറിന് 222 രൂപയാണ്.

3ഐ ഇൻഫോടെക്: കസ്‍റ്റമര്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്നുള്ള കരാർ കമ്പനിക്ക് ലഭിച്ചു. മൊത്തം കരാർ മൂല്യം 39.55 കോടി രൂപയാണ്. 2023 ഒക്‌ടോബർ 1 മുതൽ 2028 സെപ്റ്റംബർ 30 വരെയുള്ള 5 വർഷത്തേക്കാണ് കരാർ, പരസ്പര ഉടമ്പടിയോടെ കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.

ശ്യാം മെറ്റാലിക്‌സ് ആൻഡ് എനർജി: കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ലിഥിയം അയൺ സെൽ നിർമ്മാണത്തിനുള്ള ബാറ്ററി-ഗ്രേഡ് അലുമിനിയം ഫോയിൽ നിർമ്മിച്ചുകൊണ്ട് ഊർജ്ജ സംഭരണ ​​മേഖലയിലേക്ക് പ്രവേശിച്ചു. ലിഥിയം-അയൺ സെല്ലുകളിൽ ബാറ്ററി-ഗ്രേഡ് അലുമിനിയം ഫോയിൽ ഒരു നിർണായക ഘടകമാണ്.

സെഞ്ച്വറി ടെക്സ്റ്റൈൽസ് ആൻഡ് ഇൻഡസ്ട്രീസ്: ഉപകമ്പനിയായ ബിർള എസ്റ്റേറ്റ്സിന്‍റെ ബിർള ത്രിമയ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ മുഴുവന്‍ യൂണിറ്റുകളും ലോഞ്ചിംഗ് കഴിഞ്ഞ് 36 മണിക്കൂറിനുള്ളില്‍ വിറ്റുപോയി. ബുക്കിംഗ് നടന്ന 556 യൂണിറ്റുകൾക്ക് 500 കോടി രൂപയാണ് ബുക്കിംഗ് മൂല്യം. നോർത്ത് ബാംഗ്ലൂരിലെ 52 ഏക്കർ ഭൂമിയിലെ ബിർള ത്രിമയ പദ്ധതി എം എസ് രാമയ്യ റിയൽറ്റി എൽഎൽപിയുമായുള്ള പങ്കാളിത്തത്തിലാണ് നടപ്പാക്കുന്നത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

ബുധനാഴ്ചത്തെ തുടക്ക വ്യാപാരത്തില്‍ ക്രൂഡ് വില പിന്നെയും ഉയര്‍ന്നു. വിതരണത്തിലെ പിരിമുറുക്കങ്ങള്‍ക്ക് നിക്ഷേപകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 33 സെന്റ് അഥവാ 0.4% ഉയർന്ന് ബാരലിന് 94.29 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 31 സെന്റ് അഥവാ 0.3% ഉയർന്ന് 90.70 ഡോളറിലെത്തി.

യുഎസിലെ ഉപഭോക്തൃ പണപ്പെരുപ്പ റിപ്പോർട്ടിനായി നിക്ഷേപകര്‍ കാത്തിരിക്കുന്നതിനാൽ, യുഎസ് ഡോളറും ട്രഷറി യീൽഡും ഉയർന്നു. ഇത് ചൊവ്വാഴ്ച സ്വർണ്ണ വിലയെ താഴോട്ട് നയിച്ചു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം കുറഞ്ഞ് 1,913.25 ഡോളറിലെത്തി, യു‌എസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.2 ശതമാനം ഇടിഞ്ഞ് 1,932.20 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

ഇന്നലെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 693.47 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 714.75 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 1386.62 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഇന്നലെ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ എഫ്‍പിഐകള്‍ 62.78 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.

വിപണി തുറക്കും മുമ്പുള്ള മൈഫിന്‍ ടിവിയുടെ അവലോകന പരിപാടി കാണാം

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

കഴിഞ്ഞ ദിവസങ്ങളിലെ പ്രീ മാര്‍ക്കറ്റ് അവലോകനങ്ങള്‍ ഇവിടെ വായിക്കാം