image

15 March 2026 12:10 PM IST

Stock Market Updates

4.48 ലക്ഷം കോടി എങ്ങോട്ട് പോയി? കണ്ണീരണിഞ്ഞ് ദലാല്‍ സ്ട്രീറ്റ്

MyFin Desk

dalal street in tears
X

Summary

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വിലവര്‍ധന ഇന്ത്യയുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ഭീതിയുണ്ടാക്കി. ഇന്ധനവില വര്‍ധനവ് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന തിരിച്ചറിവ് വിപണിയിലെ വന്‍ വിറ്റഴിക്കലിന് വഴിതെളിച്ചു


കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത് വന്‍ തിരിച്ചടിക്കാണ്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 മുന്‍നിര കമ്പനികളുടെ ആകെ വിപണി മൂലധനത്തില്‍ 4.48 ലക്ഷം കോടി രൂപയുടെ കൂറ്റന്‍ ഇടിവാണുണ്ടായത്. ബിഎസ്ഇ സെന്‍സെക്സ് 4,354 പോയിന്റും നിഫ്റ്റി 1,300 പോയിന്റോളം താഴേക്കും പതിച്ചതോടെ നിക്ഷേപകര്‍ക്ക് ആശങ്കയുടെ ദിനങ്ങളായിരുന്നു കടന്നുപോയത്.

പ്രഹരമേല്‍പ്പിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷം

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് വിപണിയെ തളര്‍ത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 101 യുഎസ് ഡോളര്‍ കടന്നത് ഇന്ത്യയുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ഭീതിയുണ്ടാക്കി. ഇന്ധനവില വര്‍ധനവ് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന തിരിച്ചറിവ് വിപണിയിലെ വന്‍ വിറ്റഴിക്കലിന് ആക്കം കൂട്ടി.

തകര്‍ച്ചയില്‍ മുന്നില്‍ ബാങ്കിംഗ് ഭീമന്മാര്‍

ബാങ്കിംഗ് മേഖലയിലെ കരുത്തരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, എച്ച്ഡിഎഫ്‌സി ബാങ്കുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. എസ്ബിഐയുടെ വിപണി മൂല്യത്തില്‍ മാത്രം 89,306 കോടി രൂപയുടെ ഇടിവുണ്ടായി. തൊട്ടുപിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്കിന് 61,715 കോടി രൂപയും നഷ്ടമായി. ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് എന്നിവയും നഷ്ടത്തിന്റെ പാതയിലായിരുന്നു.

വമ്പന്മാര്‍ക്കും അടിപതറി

ഐടി ഭീമന്മാരായ ടിസിഎസ്, ഇന്‍ഫോസിസ് എന്നിവര്‍ക്കും ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടാനായില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എല്‍ഐസി തുടങ്ങിയ വന്‍കിട ഓഹരികളുടെ മൂല്യത്തിലും കോടികളുടെ കുറവുണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 33,289.88 കോടി രൂപ ഇടിഞ്ഞ് 18,68,293.17 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 42,205.04 കോടി രൂപ ഇടിഞ്ഞ് 8,97,844.78 കോടി രൂപയിലും ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 38,688.78 കോടി രൂപ ഇടിഞ്ഞ് 10,28,431.72 കോടി രൂപയിലുമെത്തി.

എല്‍ഐസിയുടെ വിപണി മൂലധനം 31,245.49 കോടി രൂപ കുറഞ്ഞ് 4,88,985.57 കോടി രൂപയായും ഇന്‍ഫോസിസിന്റെ വിപണി മൂലധനം 24,230.96 കോടി രൂപ കുറഞ്ഞ് 5,06,315.58 കോടി രൂപയായും കുറഞ്ഞു. എങ്കിലും, 18.68 ലക്ഷം കോടി രൂപയുടെ മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

നിക്ഷേപകര്‍ ഇനി എങ്ങോട്ട്?

ആഗോള വിപണിയിലെ അനിശ്ചിതത്വവും അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവുമാണ് നിലവില്‍ വിപണിയെ നിയന്ത്രിക്കുന്നത്. വരും ദിവസങ്ങളിലും ജിയോപൊളിറ്റിക്കല്‍ സാഹചര്യങ്ങള്‍ നിര്‍ണ്ണായകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ എന്നിവയാണ് നിലവില്‍ റിലയന്‍സിന് പിന്നിലായി ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ആദ്യ നാല് കമ്പനികള്‍.