image

6 Sept 2023 2:09 PM IST

Stock Market Updates

റെയില്‍വേ ഓഹരികള്‍ ഇടിവില്‍

MyFin Desk

railway shares | IRCTC share price | IRCON share price | Stock market today
X

Summary

ആര്‍വിഎന്‍എലും ആര്‍എഫ്‍സിഎലും ഇടിവില്‍


റെയിൽ വികാസ് നിഗം, റെയിൽ‌ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇർകോൺ ഇന്റർനാഷണൽ, കണ്ടെയ്‌നർ കോർപ്പറേഷൻ, ടെക്‌സ്മാകോ റെയിൽ എന്നിവയുൾപ്പെടെ മിക്ക റെയിൽവേ ഓഹരികളും ഇന്ന് ഇടിവിലേക്ക് നീങ്ങി. ഒരാഴ്ചയോളം പൊതുവില്‍ റാലിയാണ് റെയില്‍വേയുമായി ബന്ധപ്പെട്ട ഓഹരികളില്‍ ദൃശ്യമായിരുന്നത്. എന്നാല്‍ ഇന്ന് മൊത്തം വിപണിയിലെ ദുർബലമായ പ്രവണതയ്‌ക്കിടയിൽ ആറ് ശതമാനം വരെ ഇടിവ് ഈ ഓഹരികളില്‍ പ്രകടമായി.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. ഇന്നലെ 52 ആഴ്‌ചയിലെ ഉയർന്ന നിലയിലായിരുന്ന ഓഹരി രാവിലെ 9.40 ന് 5.05 ശതമാനം ഇടിഞ്ഞ് 68.60 രൂപയിലായി. പിന്നീട് 67.23 രൂപ എന്ന ഇന്നത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഉച്ചയ്ക്ക് 12.03ന് ഉള്ള വിവരം അനുസരിച്ച് 4.50 ശതമാനം ഇടിവോടെ 69 രൂപയാണ് ഈ ഓഹരിയുടെ വില.

സെപ്തംബർ 5 വരെയുള്ള ഏഴ് ദിവസത്തെ റാലിയിൽ സ്റ്റോക്ക് ഏകദേശം 56 ശതമാനം ഉയർച്ച ഐആര്‍എഫ്എസ് ഓഹരി നേടിയിരുന്നു. കൂടാതെ, 2021ൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും മികച്ച ദിവസമായി ഇക്കഴിഞ്ഞ തിങ്കളാഴ്ച മാറി, 19 ശതമാനത്തിലധികം ഉയർച്ചയാണ് അന്ന് നേടിയത്.

അതുപോലെ, റെയിൽ വികാസ് നിഗം ​​ലിമിറ്റഡും ഏഴ് ദിവസത്തെ റാലിക്ക് ശേഷം ഇടിവിലേക്ക് നീങ്ങി. ബിഎസ്ഇയിൽ 5.08 ശതമാനം ഇടിഞ്ഞ് 148.70 രൂപ എന്ന ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സെപ്തംബർ 5ന് ഈ ഓഹരി 31 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 163 രൂപയില്‍ എത്തിയിരുന്നു.

ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ് ബിഎസ്ഇയിൽ 3.5 ശതമാനത്തിലധികം ഇടിഞ്ഞ് 120.70 രൂപ വരെയെത്തി. ആറ് ദിവസത്തെ റാലിക്ക് ശേഷം ബിഎസ്ഇയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവിലാണ് ഈ ഓഹരിയുടെ വ്യാപാരം. കഴിഞ്ഞയാഴ്ച ഇർകോൺ ഓഹരികൾ 31 ശതമാനം ഉയർന്ന് ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 135.65 രൂപയില്‍ എത്തിയിരുന്നു.

അതുപോലെ, റെയിൽടെൽ കോർപ്പറേഷനും ടെക്‌സ്മാകോ റെയിലും ഐആര്‍സിടിസിയും ഇടിവ് രേഖപ്പെടുത്തി.

അടുത്ത കുറച്ച് മാസങ്ങളിൽ റെയ്ല്‍വേ മേഖലയിലെ ചെലവിടല്‍ ഉയരുമെന്നും ഈ മേഖലയിലെ കമ്പനികള്‍ക്ക് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതോടെ റെയിൽവേ ഓഹരികള്‍ കഴിഞ്ഞ 10 ദിവസത്തില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു.