image

29 April 2024 5:15 AM GMT

Stock Market Updates

ആഭ്യന്തര സൂചികകൾ നേട്ടത്തിൽ; താങ്ങായത് ഏഷ്യൻ വിപണികളിലെ കുതിപ്പ്

MyFin Desk

ആഭ്യന്തര സൂചികകൾ നേട്ടത്തിൽ; താങ്ങായത് ഏഷ്യൻ വിപണികളിലെ കുതിപ്പ്
X

Summary

  • ഇന്ത്യ വിക്സ് പത്തു ശതമാനത്തിലധികം ഉയർന്ന് 12.03 ൽ
  • ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനം വരെ നേട്ടമുണ്ടാക്കി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.43 ലെത്തി


ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തിൽ കുതിച്ചുയർന്നു. സെൻസെക്‌സ് 411.15 പോയിൻ്റ് ഉയർന്ന് 74,141.31 ലും നിഫ്റ്റി 94.2 പോയിൻ്റ് ഉയർന്ന് 22,514.15 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യാ-പസഫിക് വിപണികളിലെ ശക്തമായ വ്യാപാരം വിപണിക്ക് താങ്ങായി. ഉയർന്ന ബോണ്ട് യീൽഡ് ബുൾ റണ്ണിനെ തടസ്സപ്പെടുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്ഐഐ) വിൽപ്പനയാണ് വിപണിയിലെ പ്രധാന പോരായ്മയെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.

നിഫ്റ്റിയിൽ ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ ലിമിറ്റഡ്, അൾട്രാടെക് സിമൻ്റ്, ടെക് മഹീന്ദ്ര എന്നീ ഓഹരികൾ നേട്ടത്തിലാണ്. അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ലൈഫ്, അദാനി പോർട്ട്സ് & സെസ്, എൽ ടി ഐ മൈൻഡ്ട്രീ, ഐഷർ മോട്ടോഴ്സ് ഓഹരികൾ ഇടവിലാണ്.

ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനം വരെ നേട്ടമുണ്ടാക്കി. ഇന്ത്യ വിക്സ് പത്തു ശതമാനത്തിലധികം ഉയർന്ന് 12.03 ൽ വ്യാപാരം ആരംഭിച്ചു.

ഡിഎൽഎഫ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് എന്നീ ഓഹരികളിലെ ഇടിവ് നിഫ്റ്റി റിയൽറ്റി സൂചികയേ വലച്ചു. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാൻസ് എന്നിവയുടെ കുതിപ്പിന് പിന്നാലെ ബാങ്ക് നിഫ്റ്റി സൂചിക നേട്ടത്തിലെത്തി.

ഏഷ്യ-പസഫിക് വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. ജപ്പാൻ്റെ നിക്കേ, ദക്ഷിണ കൊറിയയുടെ കോസ്പി, ഓസ്‌ട്രേലിയയുടെ എസ് ആൻ്റ് പി 200 സൂചികകൾ 0.8 ശതമാനം വരെ ഉയർന്നു. യുഎസ് വിപണികൾ വെള്ളിയാഴ്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

മേയ് 1-ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് തീരുമാനത്തെ കാത്തിരിക്കുകയാണ് നിക്ഷേപകർ. പലിശ നിരക്ക് 5.25-5.5 ശതമാനം പരിധിയിൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യത.

ബ്രെൻ്റ് ക്രൂഡ് 0.89 ശതമാനം ഇടിഞ്ഞ് ബാരലിന് 88.70 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2345 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.43 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 3,408.88 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വെള്ളിയാഴ്ച്ച സെൻസെക്സ് 609.28 പോയിൻ്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 73,730.16 ലും നിഫ്റ്റി 150.40 പോയിൻ്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 22,419.95 ലുമാണ് ക്ലോസ് ചെയ്തത്.