image

19 April 2024 5:00 AM GMT

Stock Market Updates

ദിശയറിയാതെ ആഭ്യന്തര സൂചികകൾ; അഞ്ചാം നാളും വിപണി ഇടിവിൽ

MyFin Desk

domestic market continues to decline for the fifth day
X

Summary

  • എല്ലാ സെക്ടറൽ സൂചികകളും ചുവപ്പണിഞ്ഞു
  • ഇന്ത്യ VIX സൂചിക 5 ശതമാനത്തിലധികം ഉയർന്ന് 13.81 ആയി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.58 ലെത്തി


ആഭ്യന്തര സൂചികകൾ ഇന്നത്തെ വ്യാപാരം ആരംഭിച്ചത് ഇടിവോടെ. തുടർച്ചയായി അഞ്ചാം ദിവസമാണ് സൂചികകൾ താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിക്കുന്നത്. ഇറാനിൽ ഇസ്രായേൽ പുതിയ മിസൈലുകൾ വിക്ഷേപിച്ചുവെന്ന റിപ്പോർട്ടുകൾ വിപണിക്ക് പ്രതികൂലമായി. ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചതിനാൽ ക്രൂഡിന്റെയും സ്വർണ്ണത്തിൻ്റെയും വില കുതിച്ചു. വിദേശ നിക്ഷേപകരുടെ വർധിച്ചു വരുന്ന വില്പനയും വിപണിയെ വലച്ചു. ലോകസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചതും ചാഞ്ചാട്ടങ്ങൾക്ക് കാരണമായി. സെൻസെക്‌സ് 490.71 പോയിൻ്റ് അഥവാ 0.68 ശതമാനം താഴ്ന്ന് 71,998.28ലും നിഫ്റ്റി 152.80 പോയിൻ്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 21,843.00 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ഐടിസി, ഗ്രാസിം ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടരുന്നു. ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഭാരത് പെട്രോളിയം, ടാറ്റ മോട്ടോഴ്‌സ്, ലാർസൺ ആൻഡ് ടൂബ്രോ, ഐഷർ മോട്ടോഴ്‌സ്, ദിവിസ് ലാബ്‌സ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് എന്നിവ ഒരു ശതമാനം വരെ ഇടിഞ്ഞു. സമീപകാല അസ്ഥിരത അളക്കുന്ന ഇന്ത്യ VIX സൂചിക 5 ശതമാനത്തിലധികം ഉയർന്ന് 13.81 ആയി. എല്ലാ സെക്ടറൽ സൂചികകളും ചുവപ്പണിഞ്ഞു. നിഫ്റ്റി ഐടി, നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി റിയൽറ്റി സൂചികകൾ ഒരു ശതമാനത്തിലധികം താഴ്ന്നു.

ജപ്പാനിലെ നിക്കി 225 ഏഷ്യൻ വിപണികളിൽ 3 ശതമാനത്തിലധികം ഇടിവ് നേരിട്ടപ്പോൾ, ദക്ഷിണ കൊറിയയുടെ കോസ്പി 2 ശതമാനം ഇടിഞ്ഞു, ഓസ്‌ട്രേലിയയുടെ എസ് ആൻ്റ് പി 200 സൂചിക ഇന്ന് രാവിലെ ഒരു ശതമാനം ഇടിഞ്ഞു. വ്യാഴാഴ്‌ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്.

നിക്ഷേപകർ സുരക്ഷിതമായ ആസ്തികളിലേക്ക് ശ്രദ്ധ തിരിച്ചു, പുലർച്ചെയുള്ള ഇടപാടുകളിൽ സ്വർണ്ണവില ട്രോയ് ഔൺസിന് എക്കാലത്തെയും ഉയർന്ന നിരക്കായ 2,400 ഡോളറിലെത്തി.

ബ്രെൻ്റ് ക്രൂഡ് 2.27 ശതമാനം ഉയർന്ന് ബാരലിന് 89.09 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 4,260.33 കോടി രൂപയുടെ ഓഹരികൾ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.58 ലെത്തി.

വ്യാഴാഴ്ച സെൻസെക്സ് 454.69 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,488.99 ലും നിഫ്റ്റി 152.05 പോയിൻ്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 21,995.85 ലുമാണ് ക്ലോസ് ചെയ്തത്.