image

9 April 2024 10:27 AM IST

Stock Market Updates

കൊടിമുടികൾ താണ്ടി ആഭ്യന്തര സൂചികകൾ; 75,000 വും കടന്ന് സെൻസെക്സ്

MyFin Desk

Sensex crosses 75,000, Nifty crosses 22,750
X

Summary

  • സെക്ടറൽ സൂചികകളിൽ നിഫ്റ്റി എനർജി ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ്
  • ബ്രെൻ്റ് ക്രൂഡ് 0.19 ശതമാനം ഉയർന്ന് ബാരലിന് 90.55 ഡോളറിലെത്തി
  • ഐടി ഓഹരികളിൽ ഉയർന്ന വാങ്ങലും വിപണിക്ക് കരുത്തേകി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് പുതിയ റെക്കോഡിൽ. ആദ്യ ഘട്ട വ്യാപാരത്തിൽ 75,000 തൊട്ട് സെൻസെക്സ്. നിഫ്റ്റി കടന്നത് 22,750 പോയിന്റുകളും. ബജാജ് ട്വിൻസ്, മാരുതി സുസുക്കി, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഹെവിവെയ്റ്റുകളുടെ നേട്ടം സൂചികകളുടെ കുതിപ്പിന് കാരണമായി. ഐടി ഓഹരികളിൽ ഉയർന്ന വാങ്ങലും വിപണിക്ക് കരുത്തേകി. വരും ദിവസങ്ങളിൽ നിഫ്റ്റി പുതിയ ഉയരങ്ങൾ തണ്ടുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നുത്.

സെൻസെക്‌സ് 381.78 പോയിൻ്റ് ഉയർന്ന് 75,124.28 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. നിഫ്റ്റി 99 പോയിൻ്റ് ഉയർന്ന് 22,765.30 എന്ന റെക്കോർഡ് ഉയരവും താണ്ടി. ഏകദേശം 1,622 ഓഹരികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോൾ 589 ഓഹരികൾ ഇടിവിലായി, 88 ഓഹരികൾക്ക് മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റൽസ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരത് പെട്രോളിയം, ഐഷർ മോട്ടോഴ്‌സ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഇടിവിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി എനർജി ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ്. നിഫ്റ്റി റിയൽറ്റി, മെറ്റൽ സൂചികകൾ ഒന്നര ശതമാനത്തോളം ഉയർന്നു. ശോഭ, ഗോദ്‌റെജ് പ്രോപ്പർട്ടീസ് ഓഹരികളിൽ കുതിപ്പ് നിഫ്റ്റി റിയൽറ്റി സൂചികയിലെ നേട്ടത്തിന് താങ്ങായി.

ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. സിയോൾ, ഷാങ്ഹായ് എന്നിവ ഇടിവിലാണ്. തിങ്കളാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 684.68 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.19 ശതമാനം ഉയർന്ന് ബാരലിന് 90.55 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.52 ശതമാനം ഉയർന്ന് 2363 ഡോളറിലെത്തി.

'ഗുഡി പദ്‌വ' പ്രമാണിച്ച് ഫോറെക്സ് വിപണിക്ക് ഇന്ന് അവധിയാണ്.

ഇന്നലെ വിപണിയിൽ കണ്ട പുതിയ റെക്കോർഡുകൾ ബുള്ളിഷ് സൂചനകളാണ് നൽകുന്നത്. ലാർജ്‌ക്യാപ്പുകളുടെ മികച്ച പ്രകടനമാണ് പ്രധാനമായി ഇന്നലെയുണ്ടായ വിപണിയുടെ മുന്നേറ്റത്തിന്റെ കാരണം. ഈ പ്രവണത തുടരാനാണ് സാധ്യത," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

സെൻസെക്സ് 494.28 പോയിൻ്റ് അഥവാ 0.67 ശതമാനം ഉയർന്ന് 74,742.50 ലും നിഫ്റ്റി 152.60 പോയിൻ്റ് അഥവാ 0.68 ശതമാനം ഉയർന്ന് 22,666.30 ലുമാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.