image

24 April 2024 5:15 AM GMT

Stock Market Updates

വിപണി നാലാം ദിവസവും നേട്ടത്തിൽ; താങ്ങായി മെറ്റൽ, റിയൽറ്റി സൂചികകൾ

MyFin Desk

വിപണി നാലാം ദിവസവും നേട്ടത്തിൽ; താങ്ങായി മെറ്റൽ, റിയൽറ്റി സൂചികകൾ
X

Summary

  • തുടർച്ചയായി നാലാം ദിവസവും സൂചികകൾ കുതിപ്പ് തുടരുകയാണ്
  • എഫ്എംസിജി ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.29 ലെത്തി


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. തുടർച്ചയായി നാലാം ദിവസവും സൂചികകൾ കുതിപ്പ് തുടരുകയാണ്. യുഎസ് വിപണികളിലെ ഉയർന്ന വ്യാപാരവും ഏഷ്യൻ വിപണികളിലെ നേട്ടങ്ങളും സൂചികകൾക്ക് താങ്ങായി. സെൻസെക്സ് 205.86 പോയിൻ്റ് അഥവാ 0.28 ശതമാനം ഉയർന്ന് 73,944 ലും നിഫ്റ്റി 45.90 പോയിൻ്റ് അഥവാ 0.21 ശതമാനം ഉയർന്ന് 22,414 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ സിപ്ല, ജെ എസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ ലിമിറ്റഡ്, സൺ ഫാർമ എന്നീ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഇൻഫോസിസ്, ഏഷ്യൻ പെയിൻ്റ്‌സ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

പ്രധാന കമ്പനികളുടെ പാദഫലം ഈ ആഴ്ച്ച പുറത്തു വരുന്നതും നിക്ഷേപകരെ കൂടുതൽ ജാഗ്രതിയിലേക്ക് നയിച്ചു. ആക്‌സിസ് ബാങ്ക്, എച്ച്‌യുഎൽ, ഡാൽമിയ ഭാരത്, ഇന്ത്യൻ ഹോട്ടൽസ് തുടങ്ങിയവ ഉൾപ്പടെയുള്ള പ്രധാന ഫലങ്ങൾക്കൊപ്പം വിപണി അതിൻ്റെ നേട്ടം നിലനിർത്തുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. ഇന്ന് പുറത്തു വരുന്ന യുഎസ് മാനുഫാക്ചറിംഗ്, സേവന ഡാറ്റകളും വിപണികളെ സ്വാധീനിക്കാം.

സെക്ടറൽ സൂചികകൾ

എഫ്എംസിജി ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി മീഡിയ ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി ഹെൽത്ത്‌കെയറും പിഎസ്‌യു ബാങ്കുകളും അര ശതമാനത്തോളം നേട്ടം നൽകി. നിഫ്റ്റി എഫ്എംസിജി സൂചിക 0.24 ശതമാനത്തിലധികം ഇടിഞ്ഞു, നാലാം പദത്തിൽ ടാറ്റ കൺസ്യുമർ പ്രോഡക്ട്സ് വരുമാനം നിരാശപ്പെടുത്തിയത് സൂചികയേ ഉലച്ചു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഉയർന്ന വ്യാപാരം തുടർന്ന്. യുഎസ് വിപണികൾ ചൊവ്വാഴ്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

ബ്രെൻ്റ് ക്രൂഡ് 0.02 ശതമാനം ഉയർന്ന് ബാരലിന് 88.44 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.17 ശതമാനം താഴ്ന്ന് 2338.70 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.29 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 3,044.54 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

ചൊവ്വാഴ്ച സെൻസെക്സ് 89.83 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 73,738.45 ലും നിഫ്റ്റി 31.60 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 22,368 ലുമാണ് ക്ലോസ് ചെയ്തത്.