image

15 April 2024 11:00 AM GMT

Stock Market Updates

പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ തകർന്നടിഞ്ഞ് ആഭ്യന്തര സൂചികകൾ; സെൻസെക്സ് ഇടിഞ്ഞത് 845 പോയിന്റുകൾ, നിഫ്റ്റി 22,200 ൽ

MyFin Desk

പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ തകർന്നടിഞ്ഞ് ആഭ്യന്തര സൂചികകൾ; സെൻസെക്സ് ഇടിഞ്ഞത് 845 പോയിന്റുകൾ, നിഫ്റ്റി 22,200 ൽ
X

Summary

  • ഇറാനും ഇസ്രായേലും തമ്മിലുള്ള പിരിമുറുക്കം നിക്ഷേപകരെ അസ്വസ്ഥരാക്കി
  • ബ്രെൻ്റ് ക്രൂഡ് 1.04 ശതമാനം ഇടിഞ്ഞ് ബാരലിന് 89.51 ഡോളറിലെത്തി
  • ചുവപ്പണിഞ്ഞ് സെക്ടറൽ സൂചികകൾ


തുടർച്ചയായി രണ്ടാം നാളും ആഭ്യന്തര സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിൽ തന്നെ. മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതും ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ പ്രവണതകളും വിപണിയെ ഇടിവിലേക്ക് നയിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള പിരിമുറുക്കം നിക്ഷേപകരെ അസ്വസ്ഥരാക്കി. ക്രൂഡ് ഓയിലും ചില വ്യാവസായിക ലോഹങ്ങളും ഉൾപ്പെടെയുള്ള ആഗോള ചരക്കുകളുടെ വിതരണത്തെ യുദ്ധം തടസ്സപ്പെടുത്തുമെന്ന ആശങ്കകളാണ് ഇതിനു കാരണമായത്.

സെൻസെക്‌സ് 845.12 പോയിൻ്റ് അഥവാ 1.14 ശതമാനം ഇടിഞ്ഞ് രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 73,399.78 ലും നിഫ്റ്റി 246.90 പോയിൻ്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് 22,272.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മാരുതി സുസുകി, നെസ്‌ലെ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ എന്നീ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ ബാക്കിയുള്ള 44 ഓഹരികളും ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചുവപ്പണിഞ്ഞ് സെക്ടറൽ സൂചികകൾ

നിഫ്റ്റി ബാങ്ക്, ഐടി, പി എസ് യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, സൂചികകൾ ഒന്നര ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി റിയൽറ്റി സൂചിക ഒരു ശതമാനവും താഴ്ന്നു. നിഫ്റ്റി ഫാര്‍മ, മെറ്റൽ, എനർജി, ഓട്ടോ, എഫ്എംസിജി സൂചികകൾ ഒരു ശതമാനത്തിൽ താഴെയും ഇടിഞ്ഞു. മിഡ്, സ്‌മോൾ ക്യാപ് ഓഹരികളും കൂപ്പുകുത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.50 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക 1.54 ശതമാനം ഇടിഞ്ഞു.

തിങ്കളാഴ്ചത്തെ ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം 394.7 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച, ബിഎസ്ഇ-ലിസ്റ്റുചെയ്ത സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം ഏകദേശം 402.2 ലക്ഷം കോടി രൂപയായിരുന്നു. വെറും രണ്ട് ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 7.5 ലക്ഷം കോടി രൂപ.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് ഇടിവോടെയാണ് ക്ലോസ് ചെയ്തത്. ഷാങ്ഹായ് നേട്ടത്തിലെത്തി. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരമാണ് നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ കുത്തനെ ഇടിഞ്ഞിരുന്നു.

പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, ഉള്ളി, അസംസ്‌കൃത എണ്ണ എന്നിവയുടെ വിലയിലുണ്ടായ വർധനയെത്തുടർന്ന് മൊത്തവിലപ്പെരുപ്പം മാർച്ചിൽ 0.20 ശതമാനത്തിൽ നിന്ന് 0.53 ശതമാനമായി ഉയർന്നതായി തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ബ്രെൻ്റ് ക്രൂഡ് 1.04 ശതമാനം ഇടിഞ്ഞ് ബാരലിന് 89.51 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.44 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.31 ശതമാനം താഴ്ന്ന് 2366.90 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 8,027 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.