image

18 April 2024 5:00 AM GMT

Stock Market Updates

ഇടിവ് നികത്തി ആഭ്യന്തര വിപണി; താങ്ങായത് ഹെവിവെയ്റ്റ്സ്

MyFin Desk

ഇടിവ് നികത്തി ആഭ്യന്തര വിപണി; താങ്ങായത് ഹെവിവെയ്റ്റ്സ്
X

Summary

  • സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി സൂചിക ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 83.49 ലെത്തി
  • യുഎസ് വിപണികൾ ഇടിവ് തുടരുകയാണ്


തുടർച്ചയായി മൂന്ന് ദിവസം ഇടിവിലായിരുന്ന ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ബജാജ് ട്വിൻസ്, ഏഷ്യൻ പെയിൻ്റ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളിലെ വാങ്ങൽ ഉയർന്നത് സൂചികകൾക്ക് താങ്ങായി. ഏഷ്യൻ വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരവും വിപണിയെ തുണച്ചു. സെൻസെക്‌സ് 278.95 പോയിൻ്റ് അഥവാ 0.38 ശതമാനം ഉയർന്ന് 73,222.63ലും നിഫ്റ്റി 101.60 പോയിൻ്റ് അഥവാ 0.46 ശതമാനം ഉയർന്ന് 22,249.50 ലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സെൻസെക്സ് ഇടിഞ്ഞത് 2,094.47 പോയിൻ്റ് അഥവാ 2.79 ശതമാനത്തോളമാണ്.

നിഫ്റ്റിയിൽ പവർ ഗ്രിഡ്, ഭാരത് പെട്രോളിയം, അദാനി പോർട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്‌സിഎൽ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക്, നെസ്‌ലെ, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഫൈനാൻസ് ടെക് മഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി സൂചിക ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്ഇ, മെറ്റൽ പി എസ് യു ബാങ്ക്, എനർജി സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു. മിഡ്, സ്‌മോൾ ക്യാപ് ഓഹരികളും നേട്ടം തുടരുന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ വ്യാപാരം തുടരുന്നു. യുഎസ് വിപണികൾ ഇടിവ് തുടരുകയാണ്. ബുധനാഴ്‌ചയും വ്യാപാരം അവസാനിപ്പിച്ചത് ഇടിവോടെ.

ബ്രെൻ്റ് ക്രൂഡ് 0.29 ശതമാനം ഉയർന്ന് ബാരലിന് 87.54 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 2390.45 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 83.49 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) ചൊവ്വാഴ്ച 4,468.09 കോടി രൂപയുടെ ഓഹരികൾ വിറ്റു.

രാമനവമി പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു.