image

22 April 2024 11:12 AM GMT

Stock Market Updates

ആഭ്യന്തര വിപണിക്ക് ഇന്നും നേട്ടം; പച്ചയണിഞ്ഞ് സെക്ടറൽ സൂചികകൾ

MyFin Desk

gain followed by the domestic market
X

Summary

  • ഏഷ്യൻ, യൂറോപ്യൻ വിപണികളിലെ കുതിപ്പ് വിപണിക്ക് താങ്ങായി
  • എല്ലാ സെക്ടറൽ സൂചികകളും പച്ചയിൽ തന്നെ ക്ലോസ് ചെയ്തു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഉയർന്ന് 83.37 ലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച ഒരു ശതമാനം വീതം ഉയർന്നാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ, യൂറോപ്യൻ വിപണികളിലെ കുതിപ്പ് വിപണിക്ക് താങ്ങായി. ബ്രെൻ്റ് ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്, വിദേശ നിക്ഷേപകരുടെ ഉയർന്നു വന്ന വാങ്ങലും സൂചികകൾക്ക് കരുത്തേകി. പശ്ചിമേഷ്യയിലെ ജിയോ പൊളിറ്റിക്കൽ സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞതും അനുകൂലമായ ആഗോള സൂചിനകളും നിക്ഷേപകർക്ക് ആശ്വാസം നൽകി.

സെൻസെക്സ് 560.29 പോയിൻ്റ് അല്ലെങ്കിൽ 0.77 ശതമാനം ഉയർന്ന് 73,648.62 ലും നിഫ്റ്റി 189.40 പോയിൻ്റ് അഥവാ 0.86 ശതമാനം ഉയർന്ന് 22,336.40 ലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിൽ ബിപിസിഎൽ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഐഷർ മോട്ടോഴ്‌സ്, എൽ ആൻഡ് ടി, ശ്രീറാം ഫിനാൻസ് എന്നിവ നേട്ടത്തോടെയും എൻടിപിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എല്ലാ സെക്ടറൽ സൂചികകളും പച്ചയിൽ തന്നെ ക്ലോസ് ചെയ്തു. നിഫ്റ്റി ഓട്ടോ, പിഎസ്‌യു ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, ഹെൽത്ത് കെയർ, റിയൽറ്റി സൂചികകൾ 3 ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നാണ് ക്ലോസ് ചെയ്തത്.

ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സീമെൻസ് എന്നിവയുൾപ്പെടെ 240 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലെത്തി.

ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 393.5 ലക്ഷം കോടി രൂപയിൽ നിന്ന് ഇന്നത്തെ വ്യാപാരവസാനത്തോടെ 398 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർക്ക് ഏകദേശം 4.5 ലക്ഷം കോടി രൂപയുടെ നേട്ടമാണ് നൽകിയത്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെൻ്റ് ക്രൂഡ് 0.80 ശതമാനം ഇടിഞ്ഞ് ബാരലിന് 86.59 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.88 ശതമാനം താഴ്ന്ന് 2368.75 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഉയർന്ന് 83.37 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 129.39 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

വെള്ളിയാഴ്ച സെൻസെക്സ് 599.34 പോയിൻ്റ് അഥവാ 0.83 ശതമാനം ഉയർന്ന് 73,088.33 ലും നിഫ്റ്റി 151.15 പോയിൻ്റ് അഥവാ 0.69 ശതമാനം ഉയർന്ന് 22,147 ലുമാണ് ക്ലോസ് ചെയ്തത്.