image

18 April 2024 11:27 AM GMT

Stock Market Updates

ചാഞ്ചാട്ടങ്ങൾക്ക് വിരാമമില്ല; ദലാൽ തെരുവിൽ നിന്നും മാറാതെ കരടികൾ

MyFin Desk

ചാഞ്ചാട്ടങ്ങൾക്ക് വിരാമമില്ല; ദലാൽ തെരുവിൽ നിന്നും മാറാതെ കരടികൾ
X

Summary

  • സെക്ടറൽ സൂചികകളിൽ എല്ലാം ഇടിവോടെയാണ് വ്യപാരം അവസാനിപ്പിച്ചത്
  • ഓഹരികളിലെ ലാഭമെടുപ്പും വിപണിയെ വലച്ചു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.55 ലെത്തി


സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ തുടർച്ചയായി നാലാം ദിവസവും ആഭ്യന്തര സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിൽ തന്നെ. ഓഹരികളിലെ ലാഭമെടുപ്പും വിപണിയെ വലച്ചു. നിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ മങ്ങുന്നതും ആഭ്യന്തര ഓഹരികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞു പോക്കും വിപണിയെ ഇടിവിലേക്ക് നയിച്ചു. നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സൂചികകൾ ഉച്ചയ്ക്ക് ശേഷം കുത്തനെ ഇടിഞ്ഞു. സെൻസെക്സ് 454.69 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,488.99 ലും നിഫ്റ്റി 152.05 പോയിൻ്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 21,995.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ഭാരതി എയർടെൽ, പവർ ഗ്രിഡ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൽടിഐ മൈൻഡ്ട്രീ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ഹോസ്പിറ്റൽസ്, ടൈറ്റൻ കമ്പനി, നെസ്‌ലെ ഇന്ത്യ, ഓഎൻജിസി, കോൾ ഇന്ത്യ, അദാനി എന്റർപ്രൈസസ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികൾ വ്യാപാരവസാനം ഇടിഞ്ഞു.

ഇന്ത്യ അടക്കമുള്ള വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശിശുക്കളുടെ ഭക്ഷ്യ ഉൽപന്നങ്ങളിൽ ചേർത്ത പഞ്ചസാരയുടെയും തേനിന്റെയും അളവ് കൂടുതലായെന്ന പബ്ലിക് ഐയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നെസ്‌ലെ ഓഹരികൾ മൂന്ന് ശതമാനത്തോളം ഇടിഞ്ഞത്.

സെക്ടറൽ സൂചികകളിൽ എല്ലാം ഇടിവോടെയാണ് വ്യപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പിഎസ്ഇ, എഫ്എംസിജി സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഫാർമാ, എനർജി, ബാങ്ക്, ഓട്ടോ സൂചികകൾ ഒരു ശതമാനത്തിൽ താഴെയും ഇടിഞ്ഞു. മിഡ്, സ്‌മോൾ ക്യാപ് സൂചികകളും ഇടിവ് രേഖപ്പെടുത്തി.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളും ഉയർന്ന് തന്നെയാണെന്ന് വ്യാപാരം തുടരുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.63 ശതമാനം ഇടിഞ്ഞ് ബാരലിന് 86.74 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.27 ശതമാനം ഉയർന്ന് 2349.90 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.55 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 4,468.09 കോടി രൂപയുടെ ഓഹരികൾ വിറ്റു.

"ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി നിലകൊള്ളുകയും ആഗോള ആശങ്കകൾ, കടുത്ത പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുടെ വർദ്ധിച്ചുവരുന്ന സന്ദർഭങ്ങൾ, പലിശ നിരക്ക് കുറയ്ക്കുന്നതിലെ കാലതാമസം എന്നിവ ലാഭമെടുപ്പിന് ആക്കം കൂട്ടുകയും ചെയ്തു," മെഹ്ത ഇക്വിറ്റീസിലെ സീനിയർ വിപി (റീസെർച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.

രാമനവമി പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു.

ചൊവ്വാഴ്ച സെൻസെക്സ് 456.10 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,943.68 ലും നിഫ്റ്റി 124.60 പോയിൻ്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 22,147.90 ലുമാണ് ക്ലോസ് ചെയ്തത്.