image

15 Sept 2023 7:59 AM IST

Stock Market Updates

ഇസിബി പലിശ കൂട്ടി, ചൈനീസ് കണക്കുകള്‍ ഇന്നറിയാം; ഇന്ന് വിപണി തുറക്കുന്നതിന് മുമ്പ് അറിയേണ്ടത്

Sandeep P S

stock market analysis | ഓഹരി വിപണി
X

ഇന്നലെ തുടര്‍ച്ചയായ പത്താം ദിനത്തിലും സെന്‍സെക്സ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നിഫ്റ്റി 20 ,000നു മുകളിലുള്ള ക്ലോസിംഗില്‍ എത്തി. അനുമാനങ്ങളില്‍ നിന്ന് വലിയ വ്യത്യാസമില്ലാതെ യുഎസ് പണപ്പെരുപ്പം സംബന്ധിച്ച ഔദ്യോഗിക ഡാറ്റ പുറത്തുവന്നത് ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശ്വാസത്തിന് വകയായി.

യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശ നിരക്കുകളില്‍ 25 അടിസ്ഥാന പോയിന്‍റുകളുടെ വര്‍ധന പ്രഖ്യാപിച്ചത് ഇന്ന് ആഗോള വിപണികളില്‍ സ്വാധീനം ചെലുത്തും.തുടര്‍ച്ചയായ പത്താമത്തെ ധനനയ യോഗത്തിലാണ് നിരക്ക് ഉയര്‍ത്തുന്നത്. ഈ മാസം 20ന് തുടങ്ങുന്ന ഫെഡ് റിസര്‍വ് ധനനയ സമിതി യോഗവും പലിശ നിരക്ക് വര്‍ധനയിലേക്ക് നീങ്ങുമോയെന്ന ആശങ്ക ശക്തിപ്രാപിക്കുന്നുണ്ട്.

ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ ഓഗസ്റ്റിലെ കണക്കുകള്‍ നിക്ഷേപക വികാരത്തെ പിന്തുണച്ചു. എങ്കിലും പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും ഉയര്‍ന്ന മൂല്യനിര്‍ണയം സംബന്ധിച്ച ആശങ്കകളും വെല്ലുവിളിയായി മുന്നിലുണ്ട്. ഇന്നലെ ഓഗസ്റ്റിലെ മൊത്തവില പണപ്പെരുപ്പം സംബന്ധിച്ച കണക്ക് പുറത്തുവന്നു. തുടര്‍ച്ചയായ അഞ്ചാം മാസവും നെഗറ്റിവ് തലത്തില്‍ തന്നെ മൊത്തവില പണപ്പെരുപ്പം തുടരുകയാണ്. എങ്കിലും ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ സൂചിക ഉയര്‍ന്നു. നെഗറ്റിവ് 0.52 ശതമാനമാണ് ഓഗസ്റ്റിലെ ഡബ്ല്യുപിഐ.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 20,057-ലും തുടർന്ന് 20,028-ലും 19,980-ലും സപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 20,152 കീ റെസിസ്റ്റന്‍സ് ആകാം, തുടർന്ന് 20,182ഉം 20,229ഉം.

ഇന്ന് ആഗോള വിപണികളില്‍

ചൈനയിൽ നിന്നുള്ള പ്രധാന സാമ്പത്തിക ഡാറ്റകള്‍ വരാനിരിക്കെ ഏഷ്യ-പസഫിക് വിപണികൾ ഇന്ന് തുടക്ക വ്യാപാരത്തില്‍ ഉയർന്നു. ഓഗസ്റ്റിലെ ഭവന വില, തൊഴിലില്ലായ്മ നിരക്ക്, ചില്ലറ വിൽപ്പന, നഗര നിക്ഷേപം എന്നിവയുടെ വിവരങ്ങൾ ചൈന ഇന്ന് പുറത്തുവിടും. ജപ്പാനിലെ ടോപിക്‌സ് 33 വർഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്, നിക്കിയും മുന്നേറുന്നു. ഓസ്‌ട്രേലിയയിലെ എസ്&പി/എഎസ്എക്സ് 200, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ്, ചൈനയുടെ ഷാങ്ഹായ് എന്നീ വിപണികളും നേട്ടത്തിലാണ്.

യുഎസ് വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് 0.96 ശതമാനം കയറി . ഓഗസ്റ്റ് 7 ന് ശേഷമുള്ള ബ്ലൂ-ചിപ്പ് ശരാശരിയുടെ ഏറ്റവും മികച്ച ദിനം കൂടിയാണിത്. എസ്&പി 500 ഏകദേശം 0.84 ശതമാനം ഉയർന്നപ്പോള്‍ നാസ്ഡാക്ക് കോമ്പോസിറ്റ് 0.81 ശതമാനം ഉയർന്നു. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നേട്ടത്തിലായിരുന്നു.

ഗിഫ്റ്റ് സിറ്റി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെയും തുടക്കം നേട്ടത്തിലായിരിക്കും എന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

എന്‍ടിപിസി: ഉത്തർപ്രദേശ് രാജ്യ വിദ്യുത് ഉത്പാദൻ നിഗവുമായി (UPRVUNL) സർക്കാർ ഉടമസ്ഥതയിലുള്ള പവർ ജനറേഷൻ കമ്പനി ഒരു അനുബന്ധ സംയുക്ത സംരംഭ കരാറിൽ ഒപ്പുവച്ചു. സംയുക്ത സംരംഭമായി മെജ ഊർജ നിഗം ​​ രൂപീകരിക്കുന്നതിനായി 2008-ലാണ് കരാര്‍ ഒപ്പിട്ടതും. ഈ കരാറിലെ ഭേഗദതികള്‍ക്കായാണ് പുതിയ കരാര്‍.

ഭാരത് ഫോർജ്: യുഎഇ ആസ്ഥാനമായ ആഗോള എയ്‌റോസ്‌പേസ് ആൻഡ് ടെക്‌നോളജി കമ്പനിയായ പാരാമൗണ്ട്, ഇന്ത്യയിൽ വിപുലമായ കവചിത വാഹനങ്ങൾ നിർമ്മിക്കുന്നതിനായി ഭാരത് ഫോർജ്, കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് എന്നിവയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. നിലവില്‍ ഈ പങ്കാളിത്തില്‍ ഇന്ത്യൻ സൈന്യത്തിനായി കെഎം4 കവചിത വാഹനങ്ങൾ നിർമ്മിക്കുന്നു.

സ്‌ട്രൈഡ്‌സ് ഫാർമ സയൻസ്: സിംഗപ്പൂരിലെ ഉപകമ്പനിയായ സ്‌ട്രൈഡ്‌സ് ഫാർമ ഗ്ലോബൽ പിടിഇ ലിമിറ്റഡിന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ നിന്ന് ഡോല്യൂട്ട്ഗ്രാവിർ 50 മില്ലിഗ്രാം ഗുളികകൾക്കുള്ള താൽക്കാലിക അനുമതി ലഭിച്ചു.

ടാറ്റ പവർ: ഉപകമ്പനിയായ ടാറ്റ പവർ റിന്യൂവബിൾ എനർജിയും എക്‌സ്‌പ്രോ ഇന്ത്യയും തമ്മില്‍ ഊര്‍ജ്ജ വിതരണ കരാര്‍ ഒപ്പുവെച്ചു. 3.125 മെഗാവാട്ട് എസി ഗ്രൂപ്പ് ക്യാപ്‌റ്റീവ് സോളാർ പ്ലാന്റിന്‍റെ വികസനത്തിനായാണ് കരാര്‍.

ആൽകെം ലബോറട്ടറീസ്: കമ്പനിയുടെ ചില ഓഫീസുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഒരു സര്‍വെ നടത്തുന്നു. ഐടി വകുപ്പിലെ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഇത് കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ പെയിന്‍റ് ബിസിനസിലേക്കുള്ള വരവ് ഈ സാമ്പ്ത്തിക വര്‍ഷം നാലാം പാദത്തില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ഇത് ഗ്രൂപ്പിന്‍റെ ഓഹരികളിലും പെയിന്‍റ് മേഖലയിലെ മറ്റ് ഓഹരികളിലുമുള്ള ചലനങ്ങളെ സ്വാധീനിക്കാം.

ക്രൂഡ് ഓയിലും സ്വര്‍ണവും

കർശനമായ വിതരണം സംബന്ധിച്ച അനുമാനങ്ങള്‍ വർദ്ധിച്ചതിനാൽ വ്യാഴാഴ്ച എണ്ണവില കയർന്നു, യുഎസ് ക്രൂഡ് ബാരലിന് 90 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (WTI) 1.6 ശതമാനം ഉയർന്ന് ബാരലിന് 90.04 ഡോളറിലെത്തി, 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. ബ്രെന്റ് ക്രൂഡ് 1.7 ശതമാനം ഉയർന്ന് 10 മാസത്തെ ഏറ്റവും ഉയർന്ന നിലയായ 93.47 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 90.02 ഡോളറായിരുന്നു.

യുഎസ് പലിശനിരക്കുകൾ കൂടുതൽ കാലം ഉയർന്നുനിൽക്കുമെന്ന ആശങ്കയെ തുടർന്ന് വ്യാഴാഴ്ച സ്വർണവില മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഓഗസ്റ്റ് 25 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 1,904.93 ഡോളറിലെത്തിയ ശേഷം, സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,909.19 ഡോളറിലെത്തി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 1,930.70 ഡോളര്‍ ആയി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 294.69 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വാങ്ങി, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 50.80 കോടി രൂപയുടെ ഓഹരികൾ വിറ്റതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 2293.06 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഇന്നലെ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 961.46 കോടി രൂപയുടെ അറ്റനിക്ഷേപവും എഫ്‍പിഐകള്‍ നടത്തി.

വിപണി തുറക്കും മുമ്പുള്ള മൈഫിന്‍ ടിവിയുടെ അവലോകന പരിപാടി കാണാം

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല