image

1 Dec 2023 8:14 AM IST

Stock Market Updates

എക്സിറ്റ് പോള്‍ ഫലങ്ങള്‍, പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market | Trade
X

Summary

  • റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാനുള്ള സാധ്യത മങ്ങി
  • ഏഷ്യ പസഫിക് ഓഹരി വിപണികള്‍ ഏറെയും ചുവപ്പില്‍
  • ക്രൂഡ് ഉല്‍പ്പാദനം സ്വമേധയാ വെട്ടിച്ചുരുക്കാന്‍ ഒപെക് പ്ലസിന്‍റെ തീരുമാനം


വ്യാപാര സെഷനിന്‍റെ ഏറിയ സമയവും നെഗറ്റിവായി തുടര്‍ന്ന ആഭ്യന്തര വിപണി സൂചികകള്‍ അവസാന മണിക്കൂറുകളിലെ വാങ്ങലിന്‍റെ ഫലമായി ഇന്നലെയും നേട്ടത്തില്‍ ക്ലോസ് ചെയ്തു. വില്‍പ്പനക്കാരായി തുടര്‍ന്നിരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‍ഐഐ) ഇപ്പോള്‍ വാങ്ങലില്‍ കാണിക്കുന്ന താല്‍പ്പര്യം വിലയിരുത്തുമ്പോള്‍ വിപണി കാളകള്‍ക്ക് അനുകൂലമാണെന്ന നിഗമനത്തിലാണ് വിപണി വിദഗ്ധര്‍.

ഡിസംബര്‍ ആദ്യ പകുതിയില്‍ തന്നെ നിഫ്റ്റി ഇതിനു മുമ്പുള്ള റെക്കോഡ് ക്ലോസിംഗ് ഉയരമായ 20,222 ഭേദിച്ചേക്കും. നവംബർ ഡെറിവേറ്റീവ് കരാറുകളുടെ പ്രതിമാസ കാലാവധി തീരുന്ന ദിവസമായ ഇന്നലെ, ബിഎസ്ഇ സെൻസെക്‌സ് 87 പോയിന്റ് ഉയർന്ന് 66,988ലും നിഫ്റ്റി 37 പോയിന്റ് ഉയർന്ന് 20,133ലും എത്തി.

പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി

ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) ഉണ്ടായ വളര്‍ച്ചയുടെ കണക്കുകള്‍ ഇന്നലെ വൈകിട്ട് പുറത്തുവന്നു. റിസര്‍വ് ബാങ്ക് 6.5 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 7.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര ഉപഭോഗത്തില്‍ ഉണ്ടായ മുന്നേറ്റവും കുറഞ്ഞ ഇന്‍പുട്ട് ചെലവുകളും മാനുഫാക്ചറിംഗ് വളര്‍ച്ച ശക്തമായി തുടരാന്‍ ഇടയാക്കി.

ഈ ജിഡിപി വളർച്ചയോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡിസംബർ 8 ന് വരാനിരിക്കുന്ന ധനനയ സമിതി (എംപിസി) പ്രഖ്യാപനത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയെന്നും സാമ്പത്തിക വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. പണപ്പെരുപ്പ അപകടസാധ്യതകൾ നീണ്ടുനിൽക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശില്‍ ബിജെപിക്കും രാജസ്ഥാനിലും തെലങ്കാനയിലും ഛത്തീസ്‍ഗഡിലും കോണ്‍ഗ്രസിനും മുന്‍തൂക്കമുണ്ടെന്ന് സര്‍വെ ഫലങ്ങള്‍ പറയുന്നു. മധ്യ പ്രദേശിലും രാജസ്ഥാനിലും കടുത്ത മത്സരമാണ് നടക്കുന്നത്. തെലങ്കാനയില്‍ ബിആര്‍എസ് ആണ് കോണ്‍ഗ്രസിന്‍റെ പ്രധാന എതിരാളി. മിസോറാമില്‍ പ്രാദേശിക കക്ഷിയായ ഇസഡ്.പി.എം ആണ് മുന്നിട്ടുനില്‍ക്കുമെന്ന് കരുതുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഈ തെരഞ്ഞെടുപ്പുകള്‍ കണക്കാക്കപ്പെടുന്നു എന്നതിനാല്‍ നിക്ഷേപകര്‍ ഈ ഫലങ്ങള്‍ അവലോകനം ചെയ്യും. കേന്ദ്രത്തിലെ ഭരണമാറ്റം സംബന്ധിച്ച സാധ്യതകള്‍ ഡിസംബര്‍ 3ന് പുറത്തുവരുന്ന യഥാര്‍ത്ഥ ഫലങ്ങള്‍ നല്‍കുമോ എന്ന ആകാംക്ഷ വിപണിക്കുണ്ട്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 20,157 ല്‍ കീ റെസിസ്‍റ്റന്‍സ് കാണാനിടയുണ്ടെന്നാണ്, തുടർന്ന് 20,191 ലും 20,245 ലും. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 20,048 ലും തുടർന്ന് 20,014 ലും 19,960 ലും സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.

ആഗോള വിപണികള്‍ ഇന്ന്

യുഎസ് വിപണികള്‍ സമ്മിശ്ര തലത്തിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് പുതിയ റെക്കോഡ് ക്ലോസിംഗ് കുറിച്ചു, 520 പോയിൻറ് അഥവാ 1.47 ശതമാനം ഉയർന്ന് 35,950.89 ൽ ക്ലോസ് ചെയ്തു. എസ് & പി 500 0.4 ശതമാനം കൂട്ടി 4,567.80 ആയി. എന്നിരുന്നാലും, ബിഗ് ടെക് സ്റ്റോക്കുകളിൽ നിക്ഷേപകർ ലാഭമെടുക്കലിലേക്ക് നീങ്ങിയതിനാല്‍ നാസ്ഡാക്ക് കോമ്പോസിറ്റ് 0.2 ശതമാനം താഴ്ന്ന് 14,226.22 ൽ എത്തി.

യൂറോപ്യന്‍ ഓഹരി വിപണികള്‍ ഇന്നലെ പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.

ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഓസ്‌ട്രേലിയയിലെ എസ്&പി/എഎസ്എക്സ് , ദക്ഷിണ കൊറിയയുടെ കോസ്‌പി, കോസ്‌ഡാക്ക് , ജപ്പാനിന്റെ നിക്കി, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ് , ചൈനയുടെ ഷാങ്ഹായ് എന്നിവയെല്ലാം ചുവപ്പിലാണ്. എങ്കിലും സൂചികകളില്‍ അസ്ഥിരാവസ്ഥ പ്രകടമാകുന്നുണ്ട്.

ഗിഫ്റ്റ് നിഫ്റ്റി 12 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വിശാലമായ സൂചികയ്ക്ക് നേരിയ പോസിറ്റീവ് തുടക്കമുണ്ടാകുമെന്നാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്: എഴുത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനി ഡിസംബർ 1 ന് ബിഎസ്ഇയിലും എൻഎസ്ഇയിലും അരങ്ങേറ്റം കുറിക്കുന്നു. ഇഷ്യൂ വില ഒരു ഷെയറിന് 304 രൂപയായി നിശ്ചയിച്ചു.

ബയോകോൺ: ഉപകമ്പനിയായ ബയോകോൺ ബയോളജിക്‌സ് ഏറ്റെടുത്ത വിയാട്രിസ് ബയോസിമിലര്‍ ബിസിനസുകളുടെ സംയോജനം 31 യൂറോപ്യൻ രാജ്യങ്ങളിലും പൂർത്തിയാക്കി. 2022 നവംബറിലാണ് വിയാട്രിസിന്റെ എല്ലാ ആഗോള ബയോസിമിലർ ബിസിനസും കമ്പനി ഏറ്റെടുത്തത്.

വേൾപൂൾ ഓഫ് ഇന്ത്യ: വേൾപൂൾ ഓഫ് ഇന്ത്യയിൽ തങ്ങള്‍ക്കുള്ള ഉടമസ്ഥാവകാശത്തിന്റെ 24 ശതമാനം വരെ വിൽക്കാൻ പ്രമോട്ടർമാരായ വേൾപൂൾ കോർപ്പറേഷൻ 2024-ൽ ഒന്നോ അതിലധികമോ ഇടപാടുകളിൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്നു. കടബാധ്യത കുറയ്ക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: രാജസ്ഥാനിൽ ബിൽഡ്, ഓൺ ഓപ്പറേറ്റ്, ട്രാൻസ്ഫർ (BOOT) അടിസ്ഥാനത്തിൽ രണ്ട് അന്തർ സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുള്ള കരാര്‍ പവര്‍ ഗ്രിഡിന് ലഭിച്ചു.

ഐടിഡി സിമന്റേഷൻ ഇന്ത്യ: ആന്ധ്രാപ്രദേശിൽ 1,001 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന 500 മെഗാവാട്ട് ഹൈഡ്രൽ പവർ, പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ സിവിൽ & ഹൈഡ്രോമെക്കാനിക്കൽ ജോലികൾക്കായുള്ള കരാര്‍ കമ്പനിക്ക് ലഭിച്ചു.

ക്രൂഡ് ഓയിലും സ്വര്‍ണവും

ഒപെക് പ്ലസ് എണ്ണ ഉൽപ്പാദക രാഷ്ടങ്ങള്‍ തങ്ങളുടെ ക്രൂഡ് ഉല്‍പ്പാദനം സ്വമേധയാ കൂടുതല്‍ വെട്ടിക്കുറയ്ക്കുന്നതിന് തീരുമാനിച്ചു. പ്രതിദിനം മൊത്തം 2.2 ദശലക്ഷം ബാരൽ (ബിപിഡി) ഉല്‍പ്പാദനം കുറയ്ക്കാനാണ് തീരുമാനം. കൂടുതല്‍ ആഴത്തിലുള്ളതും നിര്‍ബന്ധിതവുമായ വെട്ടിക്കുറയ്ക്കല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു എന്നതിനാല്‍, ഒപെക് പ്ലസ് യോഗത്തിന്‍റെ തീരുമാനം പുറത്തുവന്നതിനു പിന്നാലെ അടിസ്ഥാന എണ്ണ വിലകള്‍ കുറയുകയാണ് ഉണ്ടായത്.

ഫെബ്രുവരിയിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ഇന്നത്ത വ്യാപാരത്തില്‍ 14 സെൻറ് അഥവാ 0.2 ശതമാനം കുറഞ്ഞ് ബാരലിന് 80.72 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 12 സെൻറ് അഥവാ 0.2 ശതമാനം ഇടിഞ്ഞ് 75.84 ഡോളറിലെത്തി.

വ്യാഴാഴ്ച സ്വർണം ഇടിഞ്ഞെങ്കിലും തുടർച്ചയായ രണ്ടാം പ്രതിമാസത്തിലും ശക്തമായ നേട്ടം നിലനിര്‍ത്തി. മുന്‍ സെഷനിൽ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്പോട്ട് ഗോൾഡ് 0.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,035.53 ഡോളറിലെത്തി. നവംബറില്‍ വിലയിൽ 2.7% വർധനയുണ്ടായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.5 ശതമാനം ഇടിഞ്ഞ് 2,036.40 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐ) ഇന്നലെ ഓഹരികളില്‍ 8,147.85 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 780.32 കോടി രൂപയുടെ അറ്റ വില്‍പ്പന ഓഹരികളില്‍ നടത്തിയെന്നും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം