1 Jan 2024 7:53 AM IST
പുതുവര്‍ഷ പുലരിയില്‍ തിരുത്തല്‍ പ്രതീക്ഷിച്ച് വിദഗ്ധര്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഗിഫ്റ്റ് നിഫ്റ്റി 72 പോയിന്‍റ് ഇടിവോടെ തുടങ്ങി
- വാഹന വില്‍പ്പന കണക്കുകള്‍ വിപണി ശ്രദ്ധിക്കും
- എഫ്‌ഐഐകൾ വെള്ളിയാഴ്ചയും വാങ്ങല്‍ തുടര്‍ന്നു
തുടര്‍ച്ചയായ 5 സെഷനുകളിലെ പടയോട്ടത്തിന് ശേഷം കാളകള്‍ വിശ്രമത്തിലേക്ക് തിരിഞ്ഞുകൊണ്ടാണ് 2023ന്‍റെ അവസാന വ്യാപാര ദിനം കടന്നുപോയത്. വീണ്ടും ശക്തമായ മുന്നേറ്റത്തിലേക്ക് പോകുന്നതിന് മുമ്പ് ഒരു റേഞ്ചിനകത്തുള്ള കണ്‍സോളിഡേഷന്‍ ഹ്രസ്വകാലത്തേക്ക് വിപണി പിന്തുടരുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
ഡിസംബർ 29 വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്സ് 170 പോയിന്റ് താഴ്ന്ന് 72,240 ലും നിഫ്റ്റി 50 47 പോയിന്റ് താഴ്ന്ന് 21,731 ലും എത്തി. ഭാവിയിലെ വിപണി പ്രവണതയെക്കുറിച്ച് കാളകൾക്കും കരടികൾക്കും ഇടയിലുള്ള അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്ന ഡോജി മെഴുകുതിരി പാറ്റേണാണ് പ്രതിദിന ചാര്‍ട്ടുകളില്‍ കാണാനാകുന്നത്. മിഡ്, സ്മാള്‍ ക്യാപുകളിലെ മൂല്യനിര്‍ണയം വളരെ ഉയര്‍ന്ന തലത്തില്‍ എത്തിയെന്നും ലാര്‍ജ് ക്യാപുകള്‍ക്ക് താരതമ്യേന ന്യായ മൂല്യമുണ്ടെന്നും ബ്രോക്കറേജുകള്‍ ചൂണ്ടിക്കാണിക്കുന്നു.
വികസിത രാഷ്ട്രങ്ങളില്‍ പണപ്പെരുപ്പം കുറയുന്നും ഡിമാന്‍ഡ് ഉയരുന്നതും രാജ്യത്തിന്‍റെ കയറ്റുമതിക്ക് പുതുവര്‍ഷത്തില്‍ പിന്തുണയേകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2023ല്‍ കണക്കാക്കുന്ന 764 ബില്യണ്‍ ഡോളറില്‍ നിന്ന് 2024 ല്‍ 900 ബില്യണ്‍ ഡോളറിലേക്ക് ഇന്ത്യയുടെ കയറ്റുമതി ഉയരുമെന്നാണ് പ്രതീക്ഷ. ഡിസംബറിലെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ ഇന്നുമുതല്‍ വിവിധ കമ്പനികള്‍ പുറത്തുവിടും. ഇതും വിപണി ചലനങ്ങളെ സ്വാധീനിക്കും.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,762ലും തുടർന്ന് 21,784ലും 21,820ലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,691ല്‍ പിന്തുണ പ്രകടമാകാം, തുടർന്ന് 21,668ഉം 21,633ഉം.
ആഗോള വിപണികളില്‍ ഇന്ന്
ഇന്ന് പുതുവത്സര ദിനത്തില്‍ യുഎസ് വിപണികളും യുകെ വിപണികളും പ്രമുഖ ഏഷ്യന്‍ വിപണികളും അവധിയിലായിരിക്കും. യുഎസ് വിപണികള്‍ നേരിയ ഇടിവിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
ഗിഫ്റ്റ് നിഫ്റ്റി 72 പോയിന്‍റ് ഇടിവോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ നെഗറ്റിവ് തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
കരൂർ വൈശ്യ ബാങ്ക്: കരൂർ വൈശ്യ ബാങ്കിന്റെ പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റലിന്‍റെ 9.95 ശതമാനം വരെ ഏറ്റെടുക്കുന്നതിന് ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് (ഐസിഐസിഐ എഎംസി) റിസർവ് ബാങ്ക് അനുമതി നൽകി.
ഗ്രാസിം ഇൻഡസ്ട്രീസ്: ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയുടെ കെമിക്കൽ വിഭാഗമായ കമ്പനി ഗുജറാത്തിലെ ബറൂച്ചിൽ നൂതന വസ്തുക്കളുടെ (എപ്പോക്സി റെസിനുകളും ഫോർമുലേഷനും) വാർഷിക ഉല്‍പ്പാദന ശേഷിയില്‍ 1.23 ലക്ഷം ടൺ കൂട്ടിച്ചേര്‍ത്ത് കമ്മീഷൻ ചെയ്തു. ഈ വിപുലീകരണത്തോടെ, മൊത്തം ശേഷി പ്രതിവർഷം 2.46 ലക്ഷം ടൺ ആണ്. കമ്പനിയുടെ സ്പെഷ്യാലിറ്റി കെമിക്കൽ ബിസിനസിന്റെ വളർച്ചയ്ക്ക് വിപുലീകരണം സഹായിക്കും.
ഡോ.റെഡ്ഡീസ് ലബോറട്ടറീസ്: ഇസ്രായേൽ ആസ്ഥാനമായുള്ള ഡെവലപ്‌മെന്റ് സ്റ്റേജ് ബയോടെക്‌നോളജി കമ്പനിയായ എഡിറ്റി തെറാപ്യൂട്ടിക്സിന്‍റെ 6.46 ഓഹരികള്‍ സ്വന്തമാക്കി. 2 മില്യൺ ഡോളറിനാണ് ഈ ഓഹരികൾ വാങ്ങുന്നത്.
എസ്‌ബിഐ കാർഡ്‍സ് ആന്‍ഡ് പേയ്‌മെന്റ്സ്: കമ്പനിയുടെ ബോർഡിൽ നോമിനി ഡയറക്‌ടറായി നിതിൻ ചുഗിനെ 2023 ഒക്‌ടോബർ 4 മുതലുള്ള പ്രാബല്യത്തില്‍ നിയമിക്കുന്നതിന് ഓഹരി ഉടമകൾ അംഗീകാരം നൽകി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറും ഡിജിറ്റൽ ബാങ്കിംഗ് മേധാവിയുമാണ് നിതിൻ.
മാക്രോടെക് ഡെവലപ്പേര്‍സ്: 2017 ജൂലൈ മുതൽ 2018 മാർച്ച് വരെയുള്ള 34,43,84,712 രൂപയുടെ നികുതി ബാധ്യത ഉൾപ്പെടെ മൊത്തം 91,60,63,334 രൂപയുടെ കേന്ദ്ര ചരക്ക് സേവന നികുതി ഡിമാൻഡ് കമ്പനിക്കു മുമ്പില്‍ മുംബൈ സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ വെച്ചിട്ടുണ്ട്.
ബോണ്ടാഡ എഞ്ചിനീയറിംഗ്: ഇലക്ട്രോണിക് വാഹനങ്ങള്‍, ഡ്രോണുകൾ, പ്രതിരോധം, വ്യാവസായിക പ്രയോഗങ്ങള്‍ എന്നിവയ്ക്കായി അഡ്വാൻസ്ഡ് ടോർക്ക് മോട്ടോറുകളും കൺട്രോളറുകളും നിര്‍മിക്കുന്ന മുൻനിര കമ്പനിയായ അറ്റ്‍പോള്‍ ടെക്നോളജീസിന്‍റെ 60 ശതമാനം ഓഹരികൾ 2.19 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിന് കമ്പനിക്ക് ബോർഡ് അംഗീകാരം ലഭിച്ചു. ഈ ഇടപാടിന് ശേഷം ബോണ്ടാഡ എഞ്ചിനീയറിംഗിന്റെ അനുബന്ധ കമ്പനിയായി അറ്റ്‍പോള്‍ മാറും.
ക്രൂഡ് ഓയിലും സ്വര്‍ണവും
ഒപെക്കിന് പുറത്തുള്ള രാഷ്ട്രങ്ങളിലെ റെക്കോർഡ് ഉൽപ്പാദനം വിതരണം അധികമാക്കുമെന്ന ആശങ്കയെ തുടർന്ന് യുഎസ് ക്രൂഡ് ഓയിൽ 2023ല്‍ 10 ശതമാനത്തിലധികം താഴ്ന്നു.
വെള്ളിയാഴ്ച ഫെബ്രുവരിയിലെ വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് കരാർ 12 സെൻറ് അഥവാ 0.17 ശതമാനം കുറഞ്ഞ് ബാരലിന് 71.65 ഡോളറായി. മാർച്ചിലെ ബ്രെന്റ് കരാറിന് 11 സെൻറ് അഥവാ 0.14 ശതമാനം നഷ്ടപ്പെട്ട് 77.04 ഡോളറിലെത്തി. ഡബ്ല്യുടിഐ ഈ വർഷം 10.73 ശതമാനവും ബ്രെന്റിന് 10.32 ശതമാനവും കുറഞ്ഞു.
കഴിഞ്ഞ സെഷനിൽ നിന്ന് മാറ്റമില്ലാതെ വെള്ളിയാഴ്ച സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,062.59 ഡോളറായിരുന്നു. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.6 ശതമാനം താഴ്ന്ന് 2,071.80 ഡോളറിലെത്തി. 2023ല്‍ മൊത്തമായി 13.45 ശതമാനം ഉയർന്ന് സ്വര്‍ണം തുടര്‍ച്ചയായ മൂന്നാമത്തെ പോസിറ്റിവ് വര്‍ഷം രേഖപ്പെടുത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഓഹരികളില്‍ 1,459.12 കോടി രൂപയുടെ അറ്റവാങ്ങല്‍ വെള്ളിയാഴ്ച നടത്തി, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 554.39 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്നും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം
പഠിക്കാം & സമ്പാദിക്കാം
Home
