29 March 2026 5:16 PM IST
പശ്ചിമേഷ്യ, എണ്ണവിലയിലെ മാറ്റങ്ങള്‍ വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍
MyFin Desk
Summary
എണ്ണവിലയിലുണ്ടാകുന്ന നേരിയ വര്‍ദ്ധനവ് പോലും ഇന്ത്യന്‍ വിപണിയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.മഹാവീര്‍ ജയന്തിയും ദുഃഖവെള്ളിയും പ്രമാണിച്ച് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ വിപണിക്ക് അവധിയായിരിക്കും
പശ്ചിമേഷ്യയില്‍ ഒരു മാസമായി തുടരുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വരും ആഴ്ചയിലും മുള്‍മുനയില്‍ നിര്‍ത്തുമെന്ന് വിദഗ്ധര്‍. യുഎസ്-ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം ക്രൂഡ് ഓയില്‍ വിലയില്‍ വരുത്തുന്ന മാറ്റങ്ങളാണ് വിപണി ഉറ്റുനോക്കുന്ന പ്രധാന ഘടകം. എണ്ണവിലയിലുണ്ടാകുന്ന നേരിയ വര്‍ദ്ധനവ് പോലും ഇന്ത്യന്‍ വിപണിയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടയില്‍ മഹാവീര്‍ ജയന്തിയും ദുഃഖവെള്ളിയും പ്രമാണിച്ച് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ വിപണിക്ക് അവധിയായതിനാല്‍ ഈ വ്യാപാര ആഴ്ച ചുരുങ്ങിയതുമായിരിക്കും.
വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നത് തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ മാസം ഇതുവരെ മാത്രം ഏകദേശം 1.14 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് നീങ്ങുന്നതും വിദേശ സ്ഥാപനങ്ങളുടെ ഈ പിന്മാറ്റത്തിന് ആക്കം കൂട്ടി. വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യത്തില്‍ പ്രകടമാകുന്ന സ്ഥിരതയും വിദേശ നിക്ഷേപകരുടെ നിലപാടും വിപണിയുടെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.
ആഗോള ഘടകങ്ങള്‍ക്കൊപ്പം തന്നെ ആഭ്യന്തര സാമ്പത്തിക കണക്കുകളും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഫെബ്രുവരിയിലെ വ്യാവസായിക ഉല്‍പ്പാദന ഡാറ്റയും (ഐഐപി) മാര്‍ച്ചിലെ നിര്‍മ്മാണ മേഖലയിലെ പിഎംഐ കണക്കുകളും ഈ ആഴ്ച പുറത്തുവരും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആഭ്യന്തര കരുത്ത് അളക്കാന്‍ ഈ കണക്കുകള്‍ സഹായിക്കും.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഏതെങ്കിലും തരത്തിലുള്ള അയവ് വരികയോ എണ്ണവില താഴുകയോ ചെയ്താല്‍ വിപണിയില്‍ പെട്ടെന്നുള്ള മുന്നേറ്റത്തിന് സാധ്യതയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിപണി അസ്ഥിരമായി തുടരാനാണ് സാധ്യതയെന്ന് എന്റിച്ച് മണി സിഇഒ പൊന്മുടി ആര്‍, റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര എന്നിവര്‍ വിലയിരുത്തുന്നു. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതിയും ആഗോള മാക്രോ ഇക്കണോമിക് സംഭവവികാസങ്ങളും വരും ദിവസങ്ങളില്‍ ദലാല്‍ സ്ട്രീറ്റിലെ ചലനങ്ങളെ നേരിട്ട് സ്വാധീനിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
