20 Oct 2023 7:55 AM IST
നിരക്ക് വര്‍ധന തള്ളാതെ ഫെഡ് ചെയര്‍മാന്‍, ചുവപ്പ് മാറാതെ ആഗോള വിപണികള്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഇടിവുമായാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 248 പോയിന്റ് താഴ്ന്ന് 65,629ലും നിഫ്റ്റി 46 പോയിന്റ് താഴ്ന്ന് 19,625ലും എത്തി. ആഗോള സൂചനകള്‍ക്ക് അനുസരിച്ച് ഇന്നും വിപണികളുടെ തുടക്കം നെഗറ്റിവ് തലത്തിലായിരിക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ന്യൂയോര്‍ക്കിലെ ഇക്ണോമിക് ക്ലബ്ബില്‍ ഫെഡ് റിസർവ് ചെയര്‍മാന്‍ ജെറോം പവ്വല്‍ നടത്തിയ പ്രസംഗം നിക്ഷേപകരുടെ പലിശ നിരക്ക് സംബന്ധിച്ച ആശങ്കയെ ഒന്നുകൂടി ബലപ്പെടുത്തി. അടുത്ത പണനയ സമിതി യോഗത്തില്‍ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത് എങ്കിലും സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യമെങ്കില്‍ ഭാവിയില്‍ നിരക്ക് ഉയര്‍ത്തുന്നതിനോട് തുറന്ന സമീപനമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി പുതിയ ക്ലെയിമുകൾ ഫയൽ ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി കുറഞ്ഞുവെന്ന ഡാറ്റയും പുറത്തുവന്നിട്ടുണ്ട്. ശക്തമായ തൊഴിൽ വളർച്ച ഈ മാസവും തുടരുന്നുവെന്നാണ് വിലയിരുത്തല്‍.
ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം ക്രൂഡ് ഓയില്‍ വിലയില്‍ സൃഷ്ടിച്ച വര്‍ധനയവും ഉയര്‍ന്ന യുഎസ് ട്രഷറി ആദായവും ഡോളര്‍ മൂല്യവും ആഗോള വിപണികളില്‍ നെഗറ്റിവായി തുടരുകയാണ്. രണ്ടാം പാദ ഫലങ്ങളുടെ വിലയിരുത്തലാണ് ആഭ്യന്തര വിപണികളിലെ ചലനങ്ങളെ ഇപ്പോള്‍ നിയന്ത്രിക്കുന്ന മറ്റൊരു പ്രധാന ഘടകം. വിപ്രൊയുടെ റിസള്‍ട്ടും പ്രതീക്ഷ നല്‍കുന്നത് അല്ലാതായതോടെ പ്രമുഖ ഐടി ഓഹരികള്‍ക്കെല്ലാം ഇന്നലെ ഇടിവ് നേരിട്ടു.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,542 ലും 19,502 ലും 19,437 ലും പിന്തുണ സ്വീകരിച്ചേക്കാം എന്നാണ് കണക്കാക്കുന്നത്. മുന്നേറ്റം ഉണ്ടായാല്‍, 19,671 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,711ഉം 19,776ഉം.
ആഗോള വിപണികളില്‍ ഇന്ന്
യുഎസിലെ മൂന്ന് പ്രധാന വിപണികളും വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.75 ശതമാനം ഇടിഞ്ഞു. എസ് & പി 500 0.85 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 0.96 ശതമാനവും നഷ്‍ടം രേഖപ്പെടുത്തി.
ഏഷ്യ-പസഫിക് വിപണികളില്‍ ഇന്ന് തുടക്ക വ്യാപാരത്തിലും നഷ്ടം തുടരുകയാണ്. ഓസ്ട്രേലിയയുടെ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ് എസ്ഇ കോംപോസിറ്റ്, ജപ്പാനിന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ് തുടങ്ങിയ വിപണികളെല്ലാം ഇടിവില്‍ തുടരുകയാണ്. യൂറോപ്യന്‍ വിപണികള്‍ പൊതുവില്‍ നഷ്ടത്തിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
ഗിഫ്റ്റ് നിഫ്റ്റിയില്‍ 30 പോയിന്‍റ് ഇടിവോടെ ഇന്നത്തെ വ്യാപാരം തുടങ്ങി. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം ചുവപ്പിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ഹിന്ദുസ്ഥാൻ യുണിലിവർ: സെപ്റ്റംബര്‍ പാദത്തില്‍ 3.9 ശതമാനം വാര്‍ഷിക വളർച്ചയോടെ കമ്പനിയുടെ സ്‍റ്റാന്‍റ്എലോണ്‍ ലാഭം 2717 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഒറ്റയ്‌ക്കുള്ള വരുമാനം ഈ പാദത്തിൽ 3.6 ശതമാനം വർധിച്ച് 15,276 കോടി രൂപയായി. ഈ വർഷം ഒരു ഓഹരിക്ക് 18 രൂപ ഇടക്കാല ലാഭവിഹിതം ബോർഡ് അംഗീകരിച്ചു. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തന മാർജിൻ പ്രകടനവും കുറഞ്ഞ ഇൻപുട്ട് ചെലവും കാരണം വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകളെ മറികടക്കുന്ന റിസള്‍ട്ടാണ് എഫ്എംസിജി വമ്പന്‍ പുറത്തുവിട്ടത്.
സൊമാറ്റോ: സൊമാറ്റോയിൽ തങ്ങളുടെ കൈവശമുള്ള 1,000 കോടി രൂപയുടെ ഓഹരി വിൽക്കാൻ സോഫ്റ്റ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള എസ്‍വിഎഫ് ഗ്രോത്ത് (സിംഗപ്പൂർ) പിടിഇ ലിമിറ്റഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബ്ലോക്ക് ഡീലുകൾ വഴി 1.1 ശതമാനം ഓഹരികൾ വിൽക്കാനാണ് സോഫ്റ്റ്ബാങ്കിന്‍റെ പദ്ധതി. 2023 സെപ്‌റ്റംബർ വരെയുള്ള കണക്ക് അനുസരിച്ച് സൊമാറ്റോയിൽ എസ്‍വിഎഫ് ഗ്രോത്തിന് 2.22 ശതമാനം ഓഹരിയുണ്ട്.
ടാറ്റ മോട്ടോഴ്‌സ്: ലോജിസ്റ്റിക്‌സ് സൊല്യൂഷൻസ് കമ്പനിയായ ഫ്രൈറ്റ് കൊമേഴ്‌സ് സൊല്യൂഷൻസിൽ (ഫ്രൈറ്റ് ടൈഗർ) 26.79 ശതമാനം ഓഹരി സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ് കമ്പനി ഷെയർ പർച്ചേസ് കരാറിലും മറ്റ് കരാറുകളിലും ഏർപ്പെട്ടു. 150 കോടി രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടാറ്റ മോട്ടോഴ്‌സിന് 100 കോടി രൂപയുടെ നിക്ഷേപം നടത്താൻ കഴിയുന്ന വ്യവസ്ഥയും കരാറിൽ ഉൾപ്പെടുന്നു.
ജിൻഡാൽ സ്റ്റെയിൻലെസ്: സ്റ്റെയിൻലെസ് സ്റ്റീൽ കമ്പനിയുടെ സെപ്റ്റംബറിൽ പാദത്തിലെ സ്റ്റാൻഡ്‌ലോൺ ലാഭം 74 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 609 കോടി രൂപയായി. വരുമാനം 14 ശതമാനം വർധിച്ച് 9,720 കോടി രൂപയായും ഇബിഐടിഡിഎ 54 ശതമാനം വർധിച്ച് 1,070 കോടി രൂപയായും മാറി. ശക്തമായ ആഭ്യന്തര ഡിമാൻഡ് കാരണം വില്‍പ്പന അളവ് ഏകദേശം 26 ശതമാനം ഉയർന്നു.
ഹാവെൽസ് ഇന്ത്യ: രണ്ടാം പാദത്തിലെ ലാഭം മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവിലെ 249 കോടി രൂപയിൽ 249 കോടി രൂപയായി വർധിച്ചു. ഈ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6 ശതമാനം വർധിച്ച് 3,891 കോടി രൂപയായി. സ്വിച്ച് ഗിയറുകളുടെയും കേബിൾ സെഗ്‌മെന്റുകളുടെയും ശക്തമായ വില്‍പ്പന വളര്‍ച്ച ഇതിനെ പിന്തുണച്ചു.
ഐടിസി: സെപ്തംബർ പാദത്തിൽ 4,926.96 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി, മുൻവർഷത്തെ അപേക്ഷിച്ച് 10.32 ശതമാനം വളർച്ച. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ പാദത്തിലെ 17,159.56 കോടി രൂപയിൽ നിന്ന് 3.17 ശതമാനം വർധിച്ച് 17,705.08 കോടി രൂപയായി.
ക്രൂഡ് ഓയില്‍
മധ്യേഷ്യയില്‍ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഉയർന്നതോടെ എണ്ണവില വീണ്ടും ഉയർന്നു, വില തുടർച്ചയായ രണ്ടാം പ്രതിവാര നേട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് ബാരലിന് 93 ഡോളറിനു മുകളിലേക്ക് ഉയർന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് ക്രൂഡ് ഓയില്‍ വില മുകളിലേക്ക് പോകുന്നത്.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ 1,093.47 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 736.15 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം
പഠിക്കാം & സമ്പാദിക്കാം
Home
