image

2 Nov 2023 8:07 AM IST

Stock Market Updates

ഫെഡ് തീരുമാനത്തില്‍ ആശ്വാസം, രൂപ സര്‍വകാല താഴ്ചയില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market|Trade
X

Summary

  • ഗിഫ്റ്റ് നിഫ്റ്റിയില്‍ പോസിറ്റിവ് തുടക്കം
  • ഒക്റ്റോബറിലെ ജിഎസ്‍ടി കളക്ഷന്‍ ഏറ്റവു വലിയ രണ്ടാമത്തേത്
  • യുഎസ്, ഏഷ്യന്‍ വിപണികളില്‍ മുന്നേറ്റം


തുടര്‍ച്ചയായ നഷ്ടക്കണക്കുമായാണ് ഇന്നലെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 284 പോയിന്റ് താഴ്ന്ന് 63,591ലും നിഫ്റ്റി 90 പോയിന്റ് താഴ്ന്ന് 18,989ലും എത്തി. വിദേശ ഫണ്ടുകളുടെ വില്‍പ്പനയും പ്രധാന മേഖലകളിലെ കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷക്കൊത്തുയരാത്തതും പശ്ചിമേഷ്യയിലെ സംഘര്‍ഷവും വിപണികളെ ഉലക്കുകയാണ്.

ഫെഡ് റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതും നിരക്ക് വര്‍ധനയുടെ ചക്രം അവസാനിക്കുന്നുവെന്ന പ്രതീക്ഷ ശക്തമായതുമാണ് ഇന്ന് ആഗോള വിപണികളില്‍ സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകം. യുഎസ് ട്രഷറി യീല്‍ഡിലെ വലിയ വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിരക്കുകള്‍ ഇനി ഉയര്‍ത്തുന്നത് ഉചിതമാകില്ലെന്ന വീക്ഷണത്തിലാണ് ഫെഡ് റിസര്‍വ് ധനനയ സമിതിയിലെ നിരവധി അംഗങ്ങള്‍.

ഉയര്‍ന്ന ജിഎസ്‍‍ടി സമാഹരണം, ഏറ്റവും താഴ്ന്ന് രൂപ

ഒക്റ്റോബറിലെ വാഹന വില്‍പ്പനയുടെ വിവരങ്ങള്‍ വിവിധ കമ്പനികള്‍ ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്. ഇതിന്‍റെ പ്രതിഫലനവും ഇന്ന് ആഭ്യന്തര വിപണികളില്‍ കാണാനാകും. ഒക്റ്റോബറിലെ ജിഎസ്‍ടി സമാഹരണം 13 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.72 ലക്ഷം കോടി രൂപയിലേക്ക് എത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നികുതി സമാഹരണമാണ്.

ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 83.33 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ (താല്‍ക്കാലികം) ക്ലോസ് ചെയ്തു. ആഭ്യന്തര ഇക്വിറ്റികളിലെ നെഗറ്റീവ് പ്രവണതയും പശ്ചിമേഷ്യയിലെ യുദ്ധത്തിനിടയില്‍ ക്രൂഡ് ഓയിൽ വില ഉയർന്നതും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതായി ഫോറെക്സ് വ്യാപാരികൾ പറയുന്നു.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 18,973-ലും തുടർന്ന് 18,944-ലും 18,897-ലും പിന്തുണ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,066 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,095ഉം 19,142ഉം.

ആഗോള വിപണികള്‍ ഇന്ന്

ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ജപ്പാനിന്‍റെ നിക്കി തുടങ്ങിയ വിപണികള്‍ പച്ചയിലാണ്. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.

യുഎസ് വിപണികള്‍ നേട്ടത്തിലാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് 200 പോയിന്റിലധികം ഉയർന്നപ്പോൾ എസ് & പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് എന്നിവ 1 ശതമാനത്തിലധികം ഉയർന്നു. രാത്രി വ്യാപാരത്തില്‍ ഫ്യൂച്ചറുകളും മുന്നേറ്റം പ്രകടമാക്കി.

ഇന്ന് ഗിഫ്റ്റ് നിഫ്റ്റി 35 പോയിന്‍റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും പോസിറ്റിവായ തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഹീറോ മോട്ടോകോര്‍പ്പ്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 1,053.8 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വർഷം സമാനപാദത്തെ അപേക്ഷിച്ച് 47.2 ശതമാനം വളർച്ച. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4 ശതമാനം വർധിച്ച് 9,445.4 കോടി രൂപയായി.

സ്‍റ്റേ റ്റ് ബാങ്ക് ഓഫ് ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവ് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ബേസൽ III കംപ്ലയിന്റ് ടയർ 2 ബോണ്ടിലൂടെ 7.81 ശതമാനം കൂപ്പൺ നിരക്കിൽ 10,000 കോടി രൂപ സമാഹരിച്ചു. ബോണ്ടുകൾ 15 വർഷത്തേക്കാണ് ഇഷ്യൂ ചെയ്യുന്നത്, 10 വർഷത്തിനു ശേഷമാണ് ആദ്യ കോൾ ഓപ്ഷന്‍..

ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ്: ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഏകീകൃത ലാഭം 372 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 242.1 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 3.75 ശതമാനം വർധിച്ച് 3,897.5 കോടി രൂപയായി.

ഐഷർ മോട്ടോഴ്‌സ്: ഒക്‌ടോബറിലെ റോയൽ എൻഫീൽഡ് വിൽപ്പന 3 ശതമാനം വർധനയോടെ 84,435 മോട്ടോർസൈക്കിളുകളാണ്, എന്നാൽ കയറ്റുമതി വിൽപ്പന 39 ശതമാനം ഇടിഞ്ഞ് 3,477 മോട്ടോർസൈക്കിളുകളായി.

ബജാജ് ഫിനാൻസ്: പ്രമോട്ടർ ബജാജ് ഫിൻസെർവിന് 15.5 ലക്ഷം വാറന്റുകൾ നൽകുന്നതിന് ബോർഡ് അംഗങ്ങൾ അനുമതി നൽകിയതായി നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി അറിയിച്ചു, വാറന്റിന് 7,670 രൂപയാണ് ഇഷ്യൂ വില, മൊത്തം തുക 1,188.85 കോടി രൂപ.

ബോണ്ടാഡ എഞ്ചിനീയറിംഗ്: ഭാരത് സഞ്ചാര്‍ നിഗത്തിൽ നിന്ന് കമ്പനിക്ക് 381 കോടി രൂപയുടെ വർക്ക് ഓർഡർ ലഭിച്ചു.

ക്രൂഡ് ഓയിലും സ്വര്‍ണവും

വിവിധ കേന്ദ്ര ബാങ്കുകളുടെ പ്രധാന യോഗങ്ങൾക്ക് മുന്നോടിയായി ബുധനാഴ്ച എണ്ണ വില ഉയർന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പുതിയ സംഭവ വികാസങ്ങളില്‍ വിപണി ശ്രദ്ധവെക്കുന്നുണ്ട്. ബ്രെന്‍റ് ജനുവരി ക്രൂഡ് ഫ്യൂച്ചറുകൾ ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷം, ബുധനാഴ്ച 2.3 ശതമാനം അല്ലെങ്കിൽ 1.97 ഡോളർ ഉയർന്ന് ബാരലിന് 86.99 ഡോളറിലെത്തി. ചൊവ്വാഴ്ച കരാർ കാലാവധി അവസാനിക്കുമ്പോൾ ബ്രെന്റ് ഡിസംബർ ഫ്യൂച്ചേഴ്സ് 4 സെൻറ് കുറഞ്ഞ് ബാരലിന് 87.41 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 2.6 ശതമാനം അഥവാ 2.08 ഡോളർ ഉയർന്ന് 83.10 ഡോളറിലെത്തി.

ബുധനാഴ്ച സ്വർണ്ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. സ്‌പോട്ട് ഗോൾഡ് ഒരു ഔൺസിന് 1,986.19 ഡോളർ എന്ന നിലയിലായിരുന്നു. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.06 ശതമാനം കൂടി 1,955.5 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 1,816.91 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1,622.05 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം