7 Sept 2023 7:50 AM IST
ഫെഡ് പലിശ ആശങ്ക ശക്തം, അനിശ്ചിതത്വം തുടരുന്നു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- യുഎസില്‍ ടെക്നോളജി ഓഹരികള്‍ക്ക് ഇടിവ്
- അടുത്ത 10 വര്‍ഷം ഇന്‍ഷുറന്‍സ് 2 .o-ക്ക് നിര്‍ണായകമെന്ന് ഐആര്‍ഡിഎഐ ചെയര്‍മാന്‍
- ഗിഫ്റ്റ് നിഫ്റ്റിയും ഏഷ്യന്‍ വിപണികളും ഇടിവില്‍
വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതായാണ് ഇന്നലെയും കാണാനായത്. ഇടിവില്‍ തുടങ്ങിയ ഇരുവിപണികളും പിന്നീട് കയറിയും ഇറങ്ങിയും നീങ്ങി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്ക വീണ്ടും കനത്തത് യുഎസ് വിപണികളില്‍ പ്രതിഫലിച്ചു. യുഎസിന്‍റെ സേവന മേഖല ഓഗസ്റ്റില്‍ പ്രതീക്ഷിച്ചതിലും അധികം വളര്‍ച്ച നേടുകയും ഇതിനൊപ്പം സേവനങ്ങളുടെ വിലയും കമ്പനികളുടെ ഇന്‍പുട്ട് വിലയും വര്‍ധിച്ചതുമാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം.
ഇന്ത്യയിലും പണപ്പെരുപ്പ ആശങ്കകള്‍ ശക്തമാണ്, കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് ഇന്ത്യയുടെ സേവന മേഖലയിലും വില ഉയര്‍ന്നതായി ചൂണ്ടിക്കാണിച്ചിരുന്നു.
അടുത്ത പത്തുവര്‍ഷം ഇന്‍ഷുറന്‍സ് മേഖലയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണെന്നും സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കി പുതിയ ഉല്‍പ്പന്നങ്ങള്‍ എത്തുമെന്നും ഐആര്‍ഡിഎഐ ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കവെ പറഞ്ഞു. ഇതിന് വലിയ തോതിലുള്ള മൂലധന വരവ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നിഫ്റ്റിയുടെ പിന്തുണയും പ്രതിരോധവും
പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റിക്ക് 19,524 ലും തുടർന്ന് 19,490 ലും 19,435 ലും സപ്പോര്‍ട്ട് ലഭിക്കുമെന്നാണ്. മറുവശത്ത്, 19,635 ലാണ് പ്രധാന റെസിസ്റ്റന്‍സ്, തുടർന്ന് 19,669, 19,725.
ആഗോള വിപണികളില്‍ ഇടിവ്
ഇന്ന് ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുളളത്. ഓസ്ട്രേലിയ, ഷാങ്ഹായ്, ഹോംഗ്കോംഗ്, തായ്വാന്‍ വിപണികള്‍ ഇടിവിലാണ്. അതേസമയം ടോക്കിയോ വിപണി നേട്ടത്തില്‍ തുടങ്ങി. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസിലെ ഡൗ ജോണ്‍സ്, നാസ്‍ഡാഖ്, എസ് & പി500 എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് വിപണികളും ഇടിവിലാണ് ബുധനാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. ടെക്നോളജി ഓഹരികളിലാണ് കനത്ത ഇടിവ് പ്രകടമായത്.
ഗിഫ്റ്റ് നിഫ്റ്റിയില്‍ ഇടിവില്‍ വ്യാപാരം നീങ്ങുന്നതായാണ് കാണുന്നത്. ആഭ്യന്തര വിപണി സൂചികകളുടെ നഷ്ടത്തിലുള്ള തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധാ കേന്ദ്രമാകുന്ന പ്രധാന ഓഹരികള്‍
ലുപിൻ: മാർക്ക് ക്യൂബൻ കോസ്റ്റ് പ്ലസ് ഡ്രഗ് കമ്പനിയുമായും സിഒപിഡി ഫൗണ്ടേഷനുമായും സഹകരിച്ച് സിഒപിഡി രോഗികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുമെന്ന് ലുപിന്‍ അറിയിച്ചു.
ടാറ്റ കൺസൾട്ടൻസി സർവീസസ്: ജെഎൽആറിന്റെ ഡിജിറ്റൽ യൂണിറ്റുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ ടിസിഎസ് ഏർപ്പെട്ടു. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഈ പങ്കാളിത്തത്തിന് 800 ദശലക്ഷം പൗണ്ട് മൂല്യമാണ് കണക്കാക്കുന്നത്.
റെസ്പോണ്‍സിവ് ഇന്‍റസ്ട്രീസ്: വിനൈൽ ഫ്ലോറിംഗ് നിർമ്മാതാക്കളായ കമ്പനി ഇന്ത്യൻ റെയിൽവേയിൽ നിന്ന് ഗരീബ് രഥ് ട്രെയിനുകള്‍ക്കായുള്ള കരാർ നേടി. കഴിഞ്ഞ മാസം വന്ദേ ഭാരത് പദ്ധതിക്കായും റെയിൽവേയിൽ നിന്ന് കമ്പനി ഓർഡറുകൾ നേടിയിരുന്നു.
ആര്‍ഇസി: പൊതുമേഖലയിലുള്ള ഈ മഹാരത്‌ന കമ്പനി എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയുമായി (എക്‌സിം ബാങ്ക്) 100 മില്യൺ ഡോളറിന്റെ വിദേശ കറൻസി ടേം ലോൺ കരാറിൽ ഒപ്പുവച്ചു. 5 വർഷത്തെ കാലയളവിലേക്കാണ് വായ്പ. ഊര്‍ജ്ജം, അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്സ് മേഖലകളിൽ വായ്പ നല്‍കുന്നതിനായി ഈ തുക വിനിയോഗിക്കും.
ക്രൂഡ് ഓയിലും സ്വര്‍ണവും
സൗദി അറേബ്യയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള വിതരണം വെട്ടിക്കുറച്ചതിനെത്തുടർന്ന് മുൻ സെഷനിൽ ഒരു ശതമാനത്തിലധികം ഉയർന്നതിന് ശേഷം ബുധനാഴ്ച എണ്ണ വില താഴേക്കിറങ്ങി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 39 സെൻറ് കുറഞ്ഞ് 89.65 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) ഫ്യൂച്ചറുകൾ ബാരലിന് 23 സെൻറ് കുറഞ്ഞ് 86.46 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഡോളറും യുഎസ് ട്രഷറി യീൽഡും ശക്തമായതിനെ തുടര്‍ന്ന് ബുധനാഴ്ച സ്വർണം ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലായി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.27 ശതമാനം ഇടിഞ്ഞ് 1,920.70 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.33 ശതമാനം ഇടിഞ്ഞ് 1,946.10 ഡോളറിലെത്തി.
വിദേശ ഫണ്ടുകളുടെ വരവ്
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ 3,245.86 കോടി രൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 247.46 കോടി രൂപയുടെ ഓഹരികൾ വിറ്റതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 1311.57 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഇന്നലെ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 55.11 കോടി രൂപയുടെ വില്‍പ്പനയും എഫ്‍പിഐകള്‍ നടത്തി.
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല
പഠിക്കാം & സമ്പാദിക്കാം
Home
