6 Feb 2024 7:45 AM IST
ഫെഡ് സൂചന ആവേശം പകരുന്നില്ല; വിപണി ആഗോള സൂചികകൾക്കൊപ്പം നീങ്ങാൻ സാധ്യത
Mohan Kakanadan
Summary
- യുഎസ് ഓഹരികൾ തിങ്കളാഴ്ച ഇടിഞ്ഞു
- ഏഷ്യൻ വിപണികൾ രാവിലെ പൊതുവെ താഴ്ചയിലാണ്
- ബ്രിട്ടാനിയ, ബിർള കോർപ്പറേഷൻ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ജെകെ ടയർ, നസറ ടെക്നോളജീസ്, നൈകാ, ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര), വെൽസ്പൺ കോർപ്പറേഷൻ എന്നിവയുടെ ഡിസംബർ പാദ ഫലം ഇന്ന്
കൊച്ചി: എണ്ണവിലയിലും യുഎസ് കടപ്പത്ര ആദായത്തിലും മിതത്വം തുടരുകയാണെങ്കിലും ആഗോള വിപണികൾ ഇന്നലെ ഇടിവിൽ അവസാനിച്ചത് ആഭ്യന്തര വിപണിയിൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. അമേരിക്കൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കാൻ ഇപ്പോഴും സജ്ജമായിട്ടില്ലെന്ന് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ ഞായറാഴ്ച പറഞ്ഞതിനെത്തുടർന്ന് യുഎസ് ഓഹരികൾ തിങ്കളാഴ്ച ഇടിഞ്ഞു, അടുത്ത ഫെഡ് മീറ്റിങ് നടക്കുന്ന മാർച്ചിലും ഒരു നിരക്ക് കുറവിനുള്ള സാധ്യത കാണുന്നില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
ഏഷ്യൻ വിപണികൾ രാവിലെ തുടങ്ങിയിട്ടുള്ളതും പൊതുവെ താഴ്ചയിലാണ്. ഗിഫ്റ് നിഫ്റ്റി രാവിലെ 19.50 പോയിന്റ് താഴ്ന്ന് 21,818.00 ൽ നിൽക്കുകയാണിപ്പോൾ. ഇത് ഒരു ഗ്യാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യതക്ക് കളമൊരുക്കുന്നു.
ആഭ്യന്തര വിപണി
ഇന്നലെ, ബജറ്റിനെ തുടർന്നുള്ള ആഴ്ചയുടെ ആരംഭത്തിൽ ബിഎസ്ഇ സെൻസെക്‌സ് 354.21 പോയിന്റ് അഥവാ 0.49 ശതമാനം ഇടിഞ്ഞ് 71,731.42 ലും നിഫ്റ്റി 82.10 പോയിന്റ് അഥവാ 0.38 ശതമാനം താഴ്ചയിൽ 21,771.70 ലും ക്ലോസ് ചെയ്തിരുന്നു. ബാങ്ക് നിഫ്റ്റിയും 145.40 പോയിൻ്റ് താഴ്ന്ന് 45,825.55 എന്ന നിലയിൽ സമ്മർദ്ദത്തിലായിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ -1,188.68 കോടി രൂപയുടെ ഓഹരികൾ അധികം വിൽക്കുകയുണ്ടായി; എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 518.88 കോടി രൂപയുടെ ഓഹരികൾ അധികം വാങ്ങിയതായി എൻഎസ്ഇ ഡാറ്റ വെളിപ്പെടുത്തുന്നു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) നവംബറിൽ ഇതുവരെ ഏകദേശം 12,400 കോടി രൂപ ഇന്ത്യൻ ഡെറ്റ് മാർക്കറ്റുകളിൽ നിക്ഷേപിച്ചതായി കാണാം; ഇത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ്. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസങ്ങളിലെ ആഗോള വിൽപ്പനയ്ക്ക് ശേഷം നവംബർ മാസത്തിൽ എഫ്ഐഐകളുടെ ക്രമാനുഗതമായ തിരിച്ചുവരവ് വിപണിക്ക് ഒരു ഉണർവ് പകരുന്നുണ്ട്. ഇതും വിപണി ശക്തി പ്രാപിക്കാൻ കാരണമായി. ഈ പ്രവണത ഇന്നത്തെ വ്യാപാരത്തിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെ പ്രധാന ത്രൈമാസ ഫലങ്ങൾ
ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബിർള കോർപ്പറേഷൻ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ജെകെ ടയർ & ഇൻഡസ്ട്രീസ്, ലെമൺ ട്രീ ഹോട്ടൽസ്, നസറ ടെക്നോളജീസ്, നൈകാ, ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര), വെൽസ്പൺ കോർപ്പറേഷൻ എന്നിവയുടെ ഡിസംബർ പാദത്തിലെ വരുമാനം ഇന്ന് പുറത്തിറങ്ങും.
ആഗോള വിപണി
ഇന്നലെ (തിങ്കളാഴ്ച) യുഎസ് സൂചികകൾ താഴ്ചയിലായിരുന്നു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 274.30 പോയിന്റ് ഇടിവിൽ 38,380.12 ലും എസ് ആൻഡ് പി 15.80 പോയിന്റ് താഴ്ന്ന് 4,942.81 ലും നസ്‌ഡേക് 31.28 പോയിന്റ് കുറഞ്ഞു 15,597.68 ലുമാണ് അവസാനിച്ചത്.
അതുപോലെ താനെ, യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും (2.68 ശതമാനം) പാരീസ് യുറോനെക്സ്റ്റും (2.30 ശതമാനം) ഫ്രാങ്ക്ഫർട് ഡി എ എക്സ്സം (0.70 ശതമാനം) ഇടിഞ്ഞു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
വാണിജ്യ റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്ലാറ്റ്ഫോമായ സ്ട്രാറ്റ തിങ്കളാഴ്ച കോഫി ഡേ എന്റർപ്രൈസസ് (ഓഹരിവില 60.85 രൂപ) യുടെ ബെംഗളൂരുവിലെ 11 നിലകളുള്ള കഫേ കോഫി ഡേ സ്ക്വയർ 150 കോടി രൂപയ്ക്ക് ഏറ്റെടുത്തു. 2023 സാമ്പത്തിക വർഷത്തിൽ കഫേ കോഫി ഡേ ഏകീകൃത പ്രവർത്തന വരുമാനം 869 കോടി രൂപയും നഷ്ടം 67.77 കോടി രൂപയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 7,200 കോടിയിലധികം രൂപയുടെ കടബാധ്യതയിലേക്ക് നീങ്ങിയപ്പോൾ കമ്പനിയുടെ സ്ഥാപകൻ വി ജി സിദ്ധാർത്ഥ 2019 ജൂലൈയിൽ ആത്മഹത്യ ചെയ്തിരുന്നു.
പുതിയ ഫണ്ടിലൂടെ 3,500-4,000 കോടി രൂപ പ്രാഥമിക സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ ശ്രമിക്കുന്നതായി എസ്‌ബിഐ മ്യൂച്വൽ ഫണ്ട് (ഓഹരിവില 999.99 രൂപ) തിങ്കളാഴ്ച അറിയിച്ചു. പുതിയ ഫണ്ട് ഓഫർ ഫെബ്രുവരി 6 ന് തുറന്ന് 20 ന് അവസാനിക്കും.
ടാറ്റ കെമിക്കൽസിൻ്റെ (ഓഹരിവില 977.00 രൂപ) ഏകീകൃത അറ്റാദായം മൂന്നാം പാദത്തിൽ 60 ശതമാനം കുറഞ്ഞ് 158 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 398 കോടി രൂപയായിരുന്നു.
പേടിഎമ്മിലെ യുപിഐ സാധാരണ പോലെ പ്രവർത്തിക്കുമെന്നും സേവനത്തിന് തുടർച്ച ഉറപ്പാക്കുന്നതിന് മറ്റ് ബാങ്കുകളുമായി കണക്റ്റുചെയ്യുന്നതിന് തങ്ങൾ ബാക്ക് എൻഡിൽ പ്രവർത്തിക്കുകയാണെന്നും പേടിഎം ((ഓഹരിവില 438.50 രൂപ) പറഞ്ഞു.
എൽഐസി (ഓഹരിവില 995.75 രൂപ) പുതിയ യൂണിറ്റ് ലിങ്ക്ഡ്, റെഗുലർ പ്രീമിയം, വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പ്ലാൻ, ഇൻഡെക്സ് പ്ലസ്, പ്രഖ്യാപിച്ചു. പോളിസിയുടെ കാലാവധിയിലുടനീളം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും സമ്പാദ്യവും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ഡിസംബർ പാദത്തിൽ ഭാരതി എയർടെല്ലിന്റെ (ഓഹരിവില 1113.60 രൂപ) ഏകീകൃത അറ്റാദായം 54 ശതമാനം വർധിച്ച് 2,442.2 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 1,588.2 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി ഒരു റെഗുലേറ്ററി ഫയലിംഗ് അറിയിച്ചു.
ഹിന്ദുജ ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡിൻ്റെ (ഓഹരിവില 179.30 രൂപ) അറ്റാദായം ഡിസംബർ പാദത്തിൽ 61 ശതമാനം വർധിച്ച് 580 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 361 കോടി രൂപയായിരുന്നു.
ഡിസംബർ പാദത്തിൽ ത്രിവേണി ടർബൈനിൻ്റെ (ഓഹരിവില 355.00 രൂപ) അറ്റാദായം 30 ശതമാനം ഉയർന്ന് 68.30 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 52.60 കോടി രൂപ അറ്റാദായം നേടിയതായി കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.
കൻസായി നെറോലാക് പെയിൻ്റ്‌സ് ലിമിറ്റഡ് (ഓഹരിവില 345.15 രൂപ) ഡിസംബർ പാദത്തിൽ ഏകീകൃത അറ്റാദായം 39.57 ശതമാനം വർധിച്ച് 152.09 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വായനക്കാരുടെ അറിവിന് വേണ്ടി മാത്രം ഉള്ളതാണ്. ഇത് ഒരു സ്റ്റോക്ക് ശുപാർശ അല്ല, ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
പഠിക്കാം & സമ്പാദിക്കാം
Home
