image

1 Dec 2023 11:31 AM IST

Stock Market Updates

മികച്ച അരങ്ങേറ്റം; ഫ്ലെയർ ലിസ്റ്റിംഗ് 64% പ്രീമിയത്തിൽ

MyFin Desk

Excellent debut flare listing at 64% premium
X

Summary

  • ഇഷ്യൂ വില 304 രൂപ, ലിസ്റ്റിംഗ് വില 501 രൂപ
  • ഇഷ്യൂ വഴി കമ്പനി 593 കോടി രൂപ സ്വരൂപിച്ചു
  • എഴുത്ത് ഉപകരണ വ്യവസായത്തിലെ മികച്ച മൂന്ന് കമ്പനികളിൽ ഒന്നാണ് ഫ്ലെയർ.


എഴുത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഫ്ലെയർ റൈറ്റിംഗ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 304 രൂപയിൽ നിന്നും 64 ശതമാനം പ്രീമിയത്തോടെ 501 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഓഹരിയൊന്നിന് 197 രൂപയുടെ നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. ഇഷ്യൂ വഴി കമ്പനി 593 കോടി രൂപ സ്വരൂപിച്ചു. ഇതിൽ 301 കോടി രൂപ സ്വരൂപിച്ചത് ഓഫർ ഫോർ സൈൽ വഴി.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്നും 95.6 കോടി രൂപ ഗുജറാത്തിലെ വൽസാദിൽ എഴുത്ത് ഉപകരണങ്ങൾക്കായി പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കും. കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, മറ്റു പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും തുക മാറ്റിവെക്കും.

1976-ൽ സ്ഥാപിതമായ ഫ്ലെയർ റൈറ്റിംഗ്, തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന വിപണിക്ക് അനുസൃതമായ എഴുത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയുന്ന മേഖലയിൽ പ്രവർത്തിക്കുന്നു.

2023 സാമ്പത്തിക വർഷത്തിൽ 915.55 കോടി രൂപ വരുമാനം രേഖപ്പെടുത്തിയ എഴുത്ത് ഉപകരണ വ്യവസായത്തിലെ മികച്ച മൂന്ന് കമ്പനികളിൽ ഒന്നാണ് ഫ്ലെയർ. ഇന്ത്യയിലെ മൊത്തത്തിലുള്ള എഴുത്ത് വ്യവസായത്തിൽ ഏകദേശം 9 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. ഫ്ലെയർ, ഹൗസർ, പിയറി കാർഡിൻ, സൂക്സ് എന്നീ നാല് ബ്രാൻഡുകളിലാണ് കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നത്.

ഗുജറാത്ത്, മഹാരാഷ്ട്ര, ദാമൻ, ഡെറാഡൂൺ എന്നിവിടങ്ങളിലായി കമ്പനിക്ക് 11 നിർമ്മാണ യൂണിറ്റുകളുണ്ട്.

കമ്പനി കാസറോളുകൾ, കുപ്പികൾ, സ്റ്റോറേജ് കണ്ടെയ്‌നറുകൾ, സെർവിംഗ് സൊല്യൂഷനുകൾ, ക്ലീനിംഗ് സൊല്യൂഷനുകൾ, ബാസ്‌ക്കറ്റുകൾ, പേപ്പർ ബിന്നുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഹൗസ്‌വെയർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായത്തിലേക്കും കടന്നിട്ടുണ്ട്.


Also Read : ഫ്ലെയർ റൈറ്റിംഗ് ഐപിഒ