image

22 March 2026 12:16 PM IST

Stock Market Updates

ഇന്ത്യന്‍ വിപണിയെ കൈവിട്ട് വിദേശ നിക്ഷേപകര്‍; മാര്‍ച്ചില്‍ മാത്രം ഒഴുകിപ്പോയത് 88,180 കോടി

MyFin Desk

foreign investors abandon Indian markets, rs 88,180 crores flowed out in march alone
X

Summary

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതിയുമാണ് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നത്


ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നത് തുടരുന്നു. ഈ മാസം ഇതുവരെ ഏകദേശം 88,180 കോടി രൂപയാണ് (9.6 ബില്യണ്‍ ഡോളര്‍) വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് മടക്കിക്കൊണ്ടുപോയത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതിയുമാണ് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ കണ്ട വമ്പന്‍ നിക്ഷേപ കുതിപ്പിന് തൊട്ടുപിന്നാലെ എത്തിയ ഈ തകര്‍ച്ച വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളാണ് ഈ പിന്‍മാറ്റത്തിനു പിന്നിലെ പ്രധാന കാരണം. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങള്‍ ഭയന്ന് ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുമെന്ന നിഗമനത്തിലാണ് നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. മാര്‍ച്ചിലെ എല്ലാ വ്യാപാര ദിനങ്ങളിലും വിദേശ നിക്ഷേപകര്‍ 'വില്‍പ്പനക്കാര്‍' മാത്രമായി തുടരുന്ന കാഴ്ചയാണ് വിപണി കണ്ടത്.

രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയുന്നതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. ഇതിനുപുറമെ യുഎസ് ബോണ്ട് ആദായം വര്‍ദ്ധിച്ചതോടെ, വികസ്വര വിപണികളായ ഇന്ത്യയില്‍ പണം ഇടുന്നതിനേക്കാള്‍ സുരക്ഷിതം ഡോളര്‍ ആസ്തികളാണെന്ന് ആഗോള നിക്ഷേപകര്‍ കരുതുന്നു. പലിശ നിരക്കിലെ മാറ്റങ്ങളും ആഗോള ലിക്വിഡിറ്റിയിലുണ്ടായ കുറവും ഇന്ത്യന്‍ ഇക്വിറ്റി വിപണിയോടുള്ള താല്പര്യം കുറയാന്‍ കാരണമായെന്ന് മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ചിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ ഓഹരികളെയാണ് ഈ തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത്. മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം 31,831 കോടി രൂപയുടെ ബാങ്കിംഗ് ഓഹരികളാണ് വിദേശികള്‍ വിറ്റൊഴിഞ്ഞത്. കമ്പനികളുടെ പാദവാര്‍ഷിക ഫലങ്ങള്‍ പ്രതീക്ഷിച്ചത്ര മികച്ചതാകില്ലെന്ന സൂചനകളും ലാഭമെടുപ്പിനുള്ള പ്രവണതയും ഈ വില്‍പ്പന സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു. 2024 ഒക്ടോബറിലെ റെക്കോര്‍ഡ് തകര്‍ച്ചയ്ക്ക് തൊട്ടുപിന്നിലെത്തി നില്‍ക്കുകയാണ് നിലവിലെ ഈ പിന്‍വാങ്ങല്‍.

നിലവിലെ അനിശ്ചിതത്വം ഉടന്‍ മാറാന്‍ സാധ്യതയില്ലെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. എണ്ണവിലയിലെ ചാഞ്ചാട്ടവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും തുടര്‍ന്നാല്‍ വിദേശ പിന്‍വങ്ങുന്നത് തുടരും. എങ്കിലും, ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ ശക്തമായ പിന്തുണയും കമ്പനികളുടെ വരാനിരിക്കുന്ന വരുമാനത്തിലെ അപ്രതീക്ഷിത മുന്നേറ്റങ്ങളും വിപണിയെ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടാല്‍ മാത്രമേ വിദേശ നിക്ഷേപം വീണ്ടും സജീവമാകൂ.